സൗദി കെ.എം.സി.സി ഫുട്ബാളിൽ യൂത്ത് ഇന്ത്യക്കെതിരെ ഖാലിദിയക്ക് ജയം
text_fieldsസൗദി കെ.എം.സി.സി ഫുട്ബാൾ റിയാദ്, ദമ്മാം തല മത്സരത്തിൽനിന്ന്
റിയാദ്: കെ.എം.സി.സി നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച റിയാദ്, ദമ്മാം തല സോക്കർ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ദീമ ടിഷ്യൂ ഖാലിദിയക്ക് ജയം. യൂത്ത് ഇന്ത്യയുമായുള്ള മത്സരം തുടങ്ങിയത് വാശിയോടെയായിരുന്നു. ഇരു പോസ്റ്റിലും നല്ല മുന്നേറ്റങ്ങൾ നടന്നെങ്കിലും ഗോളുകളൊന്നും പിറന്നില്ല. ആദ്യ പകുതി അവസാനിക്കും മുമ്പെ യൂത്ത് ഇന്ത്യ ഹസീമിലൂടെ ആദ്യ ഗോൾ നേടി. തുടർന്ന് ഖാലിദിയ മുന്നേറ്റനിര എങ്ങനെയും ഗോൾ മടക്കാനായി മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്. മുഹമ്മദ് ഇ. നാസ് ഗോൾ മടക്കി.
ഗോൾ മടങ്ങിയതോടെ ലീഡുയർത്താനുള്ള ശ്രമങ്ങൾ ഇരു ടീമുകളും സജീവമാക്കുന്നതിനിടെ ഒരു ഗോൾ ലീഡുയർത്തി ഖാലിദിയ എഫ്.സി. തുടർന്ന് പ്രതിരോധം ശക്തമാക്കി അവസാനം വരെ പിടിച്ചുനിന്ന ഖാലിദിയ എഫ്.സി നിർണായകമായ മൂന്ന് പോയിൻറ് സ്വന്തമാക്കി. കംഫർട്ട് ട്രാവൽസ് മാൻ ഓഫ് ദ മാച്ച് പുരസ്കാരത്തിന് റിംമിനെ തെരഞ്ഞെടുത്തു. പുരസ്കാരം മുജീബ് പാറമ്മൽ കൈമാറി. രണ്ടാം മത്സരത്തിൽ കറിപോട്ട് റോയൽ ഫോക്കസ് ലൈനും പസിഫിക് ബദർ എഫ്.സിയും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. ആദ്യ പകുതിയിൽ തന്നെ കറിപോട്ട് റോയൽ ഫോക്കസ് ലൈൻ മുഹമ്മദ് ഫത്തീനിലൂടെ ലീസ് നേടി. രണ്ടാം പകുതി തുടങ്ങിയപ്പോൾ തന്നെ ഹസനിലൂടെ ബദർ എഫ്.സി സമനില കണ്ടെത്തി.
ബദർ എഫ്.സിയുടെ ഹസൻ മാൻ ഓഫ് ദ മാച്ച് പുരസ്കാരത്തിന് അർഹനായി. പുരസ്കാരം ഗ്ലോബൽ ട്രാവൽ ആൻഡ് ടൂറിസം മാനേജിങ് ഡയറക്ടർ ഹനീഫ കട്ടച്ചിറ കൈമാറി. സത്താർ താമരത്ത് ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങിൽ സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. യോഗം എൻ.സി.ബി റിയാദ് ഏരിയ മാനേജർ വലീദ് അൽ ജലവി ഉദ്ഘാടനം ചെയ്തു. വി.കെ. മുഹമ്മദ്, അബ്ദുല്ല വല്ലാഞ്ചിറ, സലീം കളക്കര, രഘുനാഥ് പറശ്ശിനിക്കടവ്, കാഹീം ചേളാരി, സുധീർ കുമ്മിൾ, ഷാനവാസ് കരുനാഗപ്പള്ളി, സലീം തിരൂരങ്ങാടി, ലുഖ്മാൻ ഇസ്ലാമാബാദ്, സലീം മാഹി, സൈഫു കരുളായി, യഹ്യ കൊടുങ്ങല്ലൂർ, സലീം ആർത്തിയിൽ, ജലീൽ തിരൂർ, മുഹമ്മദ് വേങ്ങര, മൊയ്തീൻ കുട്ടി തെന്നല എന്നിവർ സംസാരിച്ചു. അലി അൽ ഖഹ്ത്താനിയുടെ നേതൃത്വത്തിലുള്ള റഫറി പാനൽ മത്സരങ്ങൾ നിയന്ത്രിച്ചു. ഷക്കീൽ തിരൂർക്കാടിന്റെ നേതൃത്വത്തിൽ ടെക്നിക്കൽ കമ്മിറ്റി പ്രവർത്തിച്ചു. ചീഫ് കോഓഡിനേറ്റർ മുജീബ് ഉപ്പട ചടങ്ങുകൾക്ക് നേതൃത്വം നൽകി. റഫീഖ് പുല്ലൂർ, കബീർ വൈലത്തൂർ എന്നിവർ വളണ്ടിയർ വിഭാഗം കൈകാര്യം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

