ഖദീർ യമാനിയും കുേട്ട്യാളും
text_fieldsവായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും എന്ന് പറഞ്ഞത് കുഞ്ഞുണ്ണിമാഷ്. ഭാഷ ചിന്തയുടെ താക്കോലാണെന്ന് പറഞ്ഞത് ആഷാമേനോൻ. ഇവിടെയിതാ വായനാശീലരും ഭാഷാസമ്പന്നരും ചിന്താശീലരുമാക്കാൻ കുട്ടികളെ ചേർത്തിരുത്തി സൗദി അറേബ്യയിലെ ഖദീർ യമാനി എന്ന യുവതി കഥകളുടെ മുത്തശ്ശിയാവുന്നു. നാട്ടിലെ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കാൻ അവരുടെ മനസ്സ് നിറയെ കഥകളാണ്. കുട്ടികളെ വട്ടത്തിലിരുത്തി യമാനി കഥകൾ പറയാൻ തുടങ്ങുന്നതോടെ കുഞ്ഞുകാതുകൾ അച്ചടക്കത്തോടെ കൂർപ്പിച്ച് വെക്കും. ഇൗ കഥ തീരരുതേ എന്ന ഭാവത്തിലാണ് കുട്ടികളുടെ ഇരിപ്പ്. ഗുണപാഠങ്ങൾ നിറഞ്ഞ, ചിന്തകളുണർത്തുന്ന, ഭാവനകൾ പീലി വിടർത്തുന്ന, ദാർശനിക കഥകളുടെ രാജകുമാരിയാവും അപ്പോൾ കുട്ടികളുടെ മുന്നിൽ ഖദീർ യമാനി. രക്ഷിതാക്കൾ മക്കളുടെ കൈകൾ പിടിച്ച് യമാനിയെ തേടി വരികയാണ്, കഥകൾ കേട്ട് വളരാൻ.
ആറ് വർഷമായി ‘ഗ്രാൻഡ്മ സ്റ്റോറീസ്’ എന്നൊരു പ്രസ്ഥാനം തന്നെ തുടങ്ങിയിരിക്കയാണ് ഇൗ വനിത. സൗദിയിലെയും മറ്റ് അറബ് രാജ്യങ്ങളിലെയും ആറായിരത്തിലേറെ കൂട്ടികൾക്ക് ഇതിനകം കഥകളുടെ മഹാപ്രപഞ്ചം തുറന്നുകൊടുത്തു. കുട്ടികൾക്ക് പറഞ്ഞുകൊടുക്കാനായി ഇംഗ്ലീഷിലും അറബിയിലുമുള്ള കഥകൾ വായിച്ചുകൊണ്ടേയിരിക്കുകയാണ് യമാനി.
കഥകൾ കേട്ട് രസിക്കുന്ന കുട്ടികൾ വായനയുടെ ലോകത്തേക്കാണ് ചേക്കേറുന്നത്. കുട്ടികളെ വായനാപ്രേമികളാക്കുക എന്നത് യമാനിയുടെ സ്വപ്നമാണ്. ഭർത്താവിനൊപ്പം വിദേശ രാജ്യങ്ങളിൽ ജീവിക്കുന്നതിനിടയിലാണ് യമാനി അവിടുത്തെ കുട്ടികളെ ശ്രദ്ധിച്ചത്. ലൈബ്രറികളിൽ മാത്രമല്ല, ബസ് സ്റ്റോപ്പുകളിലും, വഴിയരികുകളിലും ആശുപത്രി തിണ്ണകളിലുമെല്ലാം കുട്ടികൾ വായനയിൽ ലയിച്ചിരിക്കുന്ന കാഴ്ച യമാനിയെ ചിന്തിപ്പിച്ചു. തെൻറ നാട്ടിലെ കുട്ടികളെയും ഇതുപോലെ വായനാശീലമുള്ളവരാക്കണമെന്ന് മോഹമുദിച്ചതങ്ങനെയാണ്.
വായനാമത്സരവും വായനാ ക്ലബും മറ്റ് ബോധവത്കരണപരിപാടികളും ‘ഗ്രാൻഡ്മ സ്റ്റോറീസ്’ പ്രസ്ഥാനത്തിെൻറ ഭാഗമാണ്. കുഞ്ഞുനാളിലെ സ്വന്തം അനുഭവങ്ങളാണ് യമാനിക്ക് കഥപറയൽ ആശയം സമ്മാനിച്ചത്. മദീനയിലെ തെൻറ വല്യുമ്മയുടെ മുന്നിലിരുന്ന് ധാരാളം കഥകൾ കേട്ട് പാകം വന്ന മനസ്സാണ് യമാനിയുേടത്. വിസ്മയ കഥകളായിരുന്നു വല്യുമ്മ കുഞ്ഞുയമാനിക്കും കുട്ടുകാർക്കും പറഞ്ഞുകൊടുത്തിരുന്നത്. അസാധാരണമായിരുന്നു ആ കഥകൾ. ആ വല്യുമ്മയുടെ പിൻമുറക്കാരി ഇന്ന് ഒരു രാജ്യത്തെ പ്രസ്ഥാനമായി വളരുകയാണ്. വായനയുടെ, കഥകളുടെ പുതിയ ലോകം കുട്ടികൾക്ക് തുറന്നുകൊടുത്ത് അവരുടെ ചിന്തകൾക്ക് തീ പകരുകയാണ്, ചോദ്യങ്ങൾ ചോദിക്കാൻ പഠിപ്പിക്കുകയാണ്. കഥകൾ കേട്ടാസ്വദിച്ച് മടിയൻമാരായിരിക്കാൻ യമാനി കുട്ടികളെ അനുവദിക്കില്ല. കഥാപാത്രങ്ങളെ ചോദ്യം ചെയ്യാൻ, ഗുണദോഷങ്ങളെ വിലയിരുത്താൻ, വിമർശിക്കാൻ യമാനി കുട്ടികളെ പ്രചോദിപ്പിക്കുന്നു. യമാനിയുടെ കഥകൾ കേൾക്കാൻ തുടങ്ങിയതോടെ തങ്ങളുടെ കുട്ടികൾ നാണം കുണുങ്ങികളല്ലാതായി, ആരുടെ മുമ്പിലും നന്നായി സംസാരിക്കുന്നവരായി, വാക്കുകളാൽ സമ്പന്നരായി എന്നെല്ലാമാണ് രക്ഷിതാക്കൾ സാക്ഷ്യപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
