ക്ഷേമ പെൻഷൻ അക്കൗണ്ടുകൾ സീറോ ബാലൻസാക്കാം; പ്രവാസി മലയാളിയുടെ ഇടപെടലിന് അനുകൂല നടപടി
text_fieldsശ്രീനാഥൻ
ദമ്മാം: കേരളത്തിലെ 62 ലക്ഷത്തോളം വരുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസമായി സർക്കാരിെൻറയും റിസർവ് ബാങ്കിെൻറയും വിശദീകരണം. അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലാത്തതിെൻറ പേരിൽ ബാങ്കുകൾ പിഴയും മറ്റ് സർവീസ് ചാർജുകളും ഈടാക്കുന്നത് ഒഴിവാക്കാൻ പെൻഷൻ അക്കൗണ്ടുകൾ ‘സീറോ ബാലൻസ്’ സൗകര്യമുള്ള അക്കൗണ്ടുകളാക്കി മാറ്റാമെന്ന് അധികൃതർ വ്യക്തമാക്കി.
ദമ്മാം ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറി ശ്രീനാഥൻ നൽകിയ നിവേദനത്തെത്തുടർന്നാണ് അനുകൂല നടപടി. ക്ഷേമ പെൻഷൻ തുകയിൽനിന്ന് എസ്.എം.എസ് ചാർജ്, സർവീസ് ചാർജ് എന്നിവയുടെ പേരിൽ തുക ഈടാക്കുന്നത് നിർധനരായ രോഗികൾക്കും പ്രായമായവർക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആഗസ്റ്റ് ഒമ്പതിനാണ് ശ്രീനാഥൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.
സംസ്ഥാന ലെവൽ ബാങ്കേഴ്‌സ് സമിതി വഴി എല്ലാ ദേശസാൽകൃത ബാങ്കുകൾക്കും സർക്കുലർ അയച്ച്, പെൻഷൻ അക്കൗണ്ടുകൾ സീറോ ബാലൻസ് അടിസ്ഥാനത്തിലുള്ള ‘ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട്’ ആക്കി മാറ്റാൻ നടപടി സ്വീകരിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ഇതിന് മറുപടിയായി സെപ്റ്റംബർ 22-ന് കേരള സർക്കാർ പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്‌സ് വകുപ്പ് നൽകിയ കത്തിലാണ് വിഷയം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമാക്കിയത്. റിസർവ് ബാങ്ക് നിർദേശപ്രകാരം രാജ്യത്തെ എല്ലാ ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകളിലും സീറോ ബാലൻസ് സൗകര്യം ലഭ്യമാണെന്നും മിനിമം ബാലൻസ് നിബന്ധനയില്ലാതെ നൽകേണ്ട അടിസ്ഥാന ബാങ്കിങ് സേവനമാണിതെന്നും സർക്കാർ മറുപടിയിൽ വ്യക്തമാക്കുന്നു.
കൃത്യമായ കെ.വൈ.സി മാനദണ്ഡങ്ങൾ പാലിച്ച്, പെൻഷൻ വാങ്ങുന്നവർക്ക് തങ്ങളുടെ നിലവിലുള്ള അക്കൗണ്ടുകൾ ബി.എസ്.ബി.ഡി.എ അക്കൗണ്ടുകളാക്കി മാറ്റാനോ അല്ലെങ്കിൽ പുതിയ സീറോ ബാലൻസ് അക്കൗണ്ട് ആരംഭിക്കാനോ പൂർണ അവകാശമുണ്ട്. അക്കൗണ്ടുകൾ നിർബന്ധമായും സീറോ ബാലൻസ് ആക്കണമെന്ന പ്രത്യേക സർക്കാർ ഉത്തരവ് നിലവിലില്ലെങ്കിലും, ബാങ്ക് ശാഖകളെ നേരിട്ട് സമീപിച്ച് അപേക്ഷ നൽകിയാൽ പെൻഷൻകാർക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. ലക്ഷക്കണക്കിന് പാവപ്പെട്ടവർക്ക് തണലാകുന്ന ഈ തീരുമാനത്തിന് കാരണമാകാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ശ്രീനാഥൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

