കേരള ടൂറിസപ്രചാരണം വാക്കുകളിൽ മാത്രം -അറബ് ടൂർ ഓപറേറ്റേഴ്സ് അസോസിയേഷൻ
text_fieldsറിയാദിൽ 'ട്രാവൽ ഫെയർ 2023' ടൂറിസം മേളയിലെ അസോസിയേഷൻ ഫോർ അറബ് ടൂർ ഓപറേറ്റേഴ്സ് (ആറ്റോ) പവിലിയൻ റിയാദ് ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് മിഷൻ എൻ. റാം പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേരളത്തിന്റെ ടൂറിസ പ്രചാരണം വാക്കുകളിൽ മാത്രമാണ്, പ്രവൃത്തിയിലില്ലെന്ന് അസോസിയേഷൻ ഫോർ അറബ് ടൂർ ഓപറേറ്റേഴ്സ് (ആറ്റോ) പ്രതിനിധികൾ റിയാദിൽ പറഞ്ഞു. ടൂറിസം പ്രചാരണത്തിനുള്ള ഫണ്ട് കൃത്യമായ വഴിയിലല്ല ചെലവഴിക്കുന്നത്. പേരിന് മാത്രം പ്രചാരണം നടത്തുന്ന പ്രത്യേക വിഭാഗത്തിന് മാത്രമാണ് പരിഗണന നൽകുന്നതെന്നും ടൂർ ഓപറേറ്ററും ആറ്റോ നിർവാഹക സമിതി അംഗവുമായ സക്കീർ ഹുസൈൻ മണ്ണഞ്ചേരി പറഞ്ഞു.
ടൂറിസം ഓപറേറ്റർമാരുടെ സംഘടനയുടെ ഭാരവാഹികൾക്ക് പോലും മന്ത്രിയെ കാണാൻ അനുമതി നൽകുന്നില്ല. ഏറെ കാലത്തെ ശ്രമത്തിനു ശേഷം കാണാൻ ഒരിക്കൽ അനുമതി കിട്ടി. അത് റോഡ് ഉദ്ഘാടന ചടങ്ങിൽ പെരുവഴിയിൽ വെച്ചാണെന്നും സക്കീർ ഹുസൈൻ പറഞ്ഞു. റിയാദിൽ നടന്ന ‘ട്രാവൽ ഫെയർ 2023’ ടൂറിസം മേളയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സംഘം.
മേളയിൽ പങ്കെടുക്കുന്ന പല രാജ്യങ്ങൾക്കും കേരള സംസ്ഥാനത്തിന്റെ നാലിലൊന്ന് ടൂറിസം സാധ്യതയില്ലാത്തതാണ്. പക്ഷേ അവർ ഉള്ളതു വെച്ച് മറ്റ് രാജ്യക്കാരെ ആകർഷിക്കും വിധമുള്ള പ്രചാരണ പരിപാടികൾ നടത്തുന്നുണ്ട്. അതത് രാജ്യത്തെ ടൂറിസത്തിന്റെ പിന്തുണയാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്.
അതേ സമയം സമ്പുഷ്ടമായ കേരളത്തിന്റെ ടൂറിസം സാധ്യതകൾ ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്ന് സംഘം കുറ്റപ്പെടുത്തി. ആറ്റോ പ്രസിഡന്റ് റഷീദ് കക്കാട്ട്, സെക്രട്ടറി ബാബു ഖലീജ് ടൂർ, സക്കീർ ഹുസ്സൈൻ മണ്ണഞ്ചേരി, അൻസാരി വെക്കേഷൻ കേരള എന്നിവർ പ്രചാരണത്തിന് സൗദിയിലെത്തിട്ടുണ്ട്.
ഇന്ത്യൻ ടൂറിസത്തെ പ്രതിനിധീകരിച്ച് കേരളത്തിൽ നിന്നെത്തിയ ആറ്റോയുടെ പവിലിയൻ റിയാദ് ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് മിഷൻ എൻ. റാം പ്രസാദ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ടൂറിസം സാധ്യതകളും യാത്ര പാക്കേജുകളും അന്വേഷിച്ച് സ്വദേശി കുടുംബങ്ങളും ചെറുപ്പക്കാരും പവിലിയനിലെത്തിയിരുന്നതായി സംഘം പറഞ്ഞു. മേയ് 22 ന് ആരംഭിച്ച മേള 24 ന് ബുധനാഴ്ച അവസാനിച്ചു.