പ്രവാസികളുടെ ആശ്രയകേന്ദ്രമായി കേരള പ്രവാസി ക്ഷേമ ബോര്‍ഡ്
text_fieldsറിയാദ്: കേരള നിയമസഭ പാസാക്കിയ 2008ലെ ആക്ട് പ്രകാരം പ്രവാസി കേരളീയര്‍ക്ക് വിവിധ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് കേരള പ്രവാസി ക്ഷേമ ബോര്‍ഡ് രൂപവത്കരിച്ചത്. പ്രവാസികൾക്ക് 2000 രൂപ മിനിമം പെന്ഷന് എന്നതാണ് ബോർഡിന്റെ ക്ഷേമ പദ്ധതികളിൽ പ്രധാനം.
വിദേശത്ത് ജോലിചെയ്തുവരുന്ന ക്ഷേമനിധി അംഗങ്ങളുടെ മിനിമം പെന്ഷന് 3500 രൂപയായും മറ്റുള്ളവര്‍ക്ക് മിനിമം പെന്ഷന് 3000 രൂപയായും ഉയര്‍ത്തുമെന്ന് 2021 ജനുവരിയില്‍ അന്നത്തെ ധനകാര്യമന്ത്രി തോമസ് ഐസക് കേരള ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇത് നടപ്പാവുന്നതാണ്. ലോകത്തിന്റെ ഏതു കോണില്‍നിന്നും ഓണ്‍ലൈനായി പ്രവാസി ക്ഷേമനിധി അംഗത്വം എടുക്കാനും അംശദായം അടക്കാനും കഴിയും. നിലവില്‍ ആറുലക്ഷത്തോളം അംഗങ്ങള്‍ പ്രവാസി ക്ഷേമനിധിയില്‍ ചേര്‍ന്നിട്ടുണ്ട്.
20,000 ത്തോളം പ്രവാസികളാണ് പ്രവാസി ക്ഷേമ ബോര്‍ഡില്‍നിന്നും പെന്ഷന് കൈപ്പറ്റുന്നത്. മാസംതോറും ഇത് വർധിച്ചുവരുന്നു. വിവിധ ആനുകൂല്യ പദ്ധതികളിലായി 2021 ജൂലൈ വരെ 143 കോടി രൂപ അര്‍ഹരായ പ്രവാസികള്‍ക്ക് നല്കി. ഈ കോവിഡ് മഹാമാരി കാലത്ത് പ്രവാസികളെ സഹായിക്കാനും പ്രവാസി ക്ഷേമ ബോര്‍ഡ് മുന്നില്‍തന്നെയുണ്ടായിരുന്നു. വിവിധ കോവിഡ് ആനുകൂല്യങ്ങളായി അഞ്ചുകോടിയോളം രൂപയാണ് അംഗങ്ങള്‍ക്ക് അനുവദിച്ചത്. കോവിഡ് മഹാമാരിയുടെ രണ്ടാംഘട്ടത്തില്‍ പെന്‍ഷന്‍കാര്‍ക്ക് വീണ്ടും 1000 രൂപ വീതം സഹായം അനുവദിക്കുന്നുണ്ട്.
അംഗത്വമെടുക്കുന്നതിനുള്ള വ്യവസ്ഥകള്‍
1. അപേക്ഷകന് 18നും 60നും മധ്യേ പ്രായമുള്ളവരായിരിക്കണം.
2. അപേക്ഷകര്‍ പ്രാബല്യമുള്ള വിസയില്‍ വിദേശത്ത് ജോലി ചെയ്യുന്നവര്‍ ആയിരിക്കണം. അല്ലെങ്കില്‍ വിദേശത്ത് രണ്ടുവര്‍ഷമെങ്കിലും ജോലിചെയ്തശേഷം കേരളത്തില്‍ സ്ഥിര താമസമാക്കിയവരായിരിക്കണം.അല്ലെങ്കില്‍ കേരളത്തിനുപുറത്ത് ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ജോലി സംബന്ധമായി കുറഞ്ഞത് ആറുമാസമായി താമസിച്ചുവരുന്നവരായിരിക്കണം.
അംഗത്വം എടുക്കുന്നതെങ്ങനെ?
ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.pravasikerala.orgല്‍ നിന്നും ഓണ്‍ലൈന്‍ വഴി അംഗത്വമെടുക്കാവുന്നതാണ്. ഓരോ വിഭാഗത്തിനും പ്രത്യേകം അപേക്ഷകള്‍ സമർപ്പിക്കണം. ഓണ്‍ലൈന്‍ വഴി അംഗത്വമെടുക്കുമ്പോള്‍ ആവശ്യമായ രേഖകള്‍ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. രജിസ്ട്രേഷന് ഫീസായ 200 രൂപയും ഓണ്‍ലൈന്‍ വഴി അടക്കാവുന്നതാണ്. ഇത്തരത്തില്‍ പൂര്ണരേഖകളും ഫീസും സമര്‍പ്പിച്ച അപേക്ഷകര്‍ക്ക് 10 ദിവസത്തിനകം അംഗത്വകാര്‍ഡും അംശദായ അടവ് കാര്‍ഡും സ്വന്തമായി തന്നെ പ്രിൻറ് ചെയ്തെടുത്ത് അംശദായം അടക്കാവുന്നതാണ്.
ഓണ്‍ലൈന്‍ വഴി അംഗത്വം എടുക്കുന്നതാണ് നല്ലത്. ഇതിന് കഴിയാത്ത സാഹചര്യത്തില്‍ നേരിട്ടോ തപാലിലോ അയക്കാം. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷനല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നീ ബാങ്കുകളുടെ എല്ലാ ബ്രാഞ്ചുകളിലും കേരള പ്രവാസി ക്ഷേമ ബോര്‍ഡ് നല്കുന്ന (വെബ് സൈറ്റില്‍ പകര്‍പ്പ് ലഭ്യമാണ്) അതത് ബാങ്കിന്റെ ചലാൻ/പേ ഇന്‍ സ്ലിപ് ഉപയോഗിച്ച് രജിസ്ട്രേഷന് ഫീസ് അടക്കാവുന്നതാണ്.
സമര്‍പ്പിക്കേണ്ട രേഖകള്‍
വിദേശത്ത് ജോലിചെയ്യുന്നവര്‍ (പ്രവാസി കേരളീയന്-വിദേശം)
1. ഫോറം നമ്പര്‍ 1 എ
2. പാസ്പോര്‍ട്ടിലെ ജനനതീയതി, മേല്‍വിലാസ പേജിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
3. പ്രാബല്യത്തിലുള്ള വിസയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
4. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ.
വിദേശത്തുനിന്ന് തിരിച്ചുവന്നവര്‍ (മുന്‍ പ്രവാസി കേരളീയന് -വിദേശം)
1. ഫോറം നമ്പര്‍ 1 ബി
2. പാസ്പോര്‍ട്ടിലെ ജനനതീയതി, മേല്‍വിലാസ പേജിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
3. വിദേശത്ത് രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ താമസിച്ചത് തെളിയിക്കുന്നതിന് പാസ്പോര്ട്ടില് സ്റ്റാമ്പ് ചെയ്ത വിസ പേജുകളുടെ പകര്‍പ്പ് (ആദ്യ വിസയുടെയും അവസാന വിസയുടെയും പകര്‍പ്പ് മാത്രം മതി)
4. രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ പ്രവാസി കേരളീയനായിരുന്നുവെന്നും തിരിച്ചു വന്ന് ഇപ്പോള്‍ കേരളത്തില്‍ സ്ഥിരതാമസമാണെന്നും തെളിയിക്കുന്ന ബന്ധപ്പെട്ട വില്ലേജ് ഓഫിസര്‍/തദ്ദേശ ഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി/ പ്രസിഡൻറ്/ഒരു ഗസറ്റഡ് ഓഫിസര്‍/നിയമസഭാംഗം/പാര്‍ലമെൻറ് അംഗം/പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ഇവരില്‍ ആരില്‍നിന്നെങ്കിലും ഉള്ള സാക്ഷ്യപത്രം
5. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍ (പ്രവാസി കേരളീയന്-ഭാരതം)
1. ഫോറം നമ്പര്‍ 2 എ
2. ജനനതീയതി തെളിയിക്കുന്ന രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
3. അപേക്ഷകന് കേരളത്തിനുപുറത്ത് ഇന്ത്യയില്‍ ആറുമാസത്തിലധികമായി താമസിക്കുന്ന പ്രവാസി കേരളീയനാണെന്ന് തെളിയിക്കുന്ന ബന്ധപ്പെട്ട സംസ്ഥാനത്തെ വില്ലേജ് ഓഫിസര്‍/തദ്ദേശ ഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി/ പ്രസിഡൻറ്/ഒരു ഗസറ്റഡ് ഓഫിസര്‍/ നിയമസഭാംഗം/പാര്‍ലമെൻറ് അംഗം/ഇവരില്‍ ആരില്‍നിന്നെങ്കിലും ഉള്ള സാക്ഷ്യപത്രമോ ബോര്‍ഡ് നിശ്ചയിക്കുന്ന വിധമുള്ള രേഖയോ ഹാജരാക്കണം.
4. കേരളത്തിനുപുറത്ത് ഇന്ത്യയില്‍ എവിടെയെങ്കിലും തൊഴില്‍ ചെയ്യുകയാണെങ്കില്‍ അതുസംബന്ധിച്ചും ഏതെങ്കിലും വ്യവസായം/ബിസിനസ് സ്ഥാപനം നടത്തുകയാണെങ്കില്‍ അതു സംബന്ധിച്ചും സ്വയം തൊഴില്‍ ചെയ്യുകയാണെങ്കില്‍ അതുസംബന്ധിച്ചും അല്ലെങ്കില്‍ എന്തിനുവേണ്ടിയാണ് താമസിക്കുന്നത് എന്നത് സംബന്ധിച്ചും ബന്ധപ്പെട്ട സംസ്ഥാനത്തെ തൊഴിലുടമയില്‍നിന്നോ സ്ഥാപന അധികാരിയില്‍നിന്നോ വില്ലേജ് ഓഫിസറില്‍ നിന്നോ തത്തുല്യ പദവിയില്‍ കുറയാത്ത മറ്റേതെങ്കിലും അധികാരിയില്‍നിന്നോ ഉള്ള സാക്ഷ്യപത്രമോ ബോര്‍ഡ് നിശ്ചയിക്കുന്ന രേഖകളോ ഹാജരാക്കണം.
6. കേരളീയന് ആണെന്നു തെളിയിക്കുന്നതിന് കേരളവിലാസം ഉള്ള ജനന സര്‍ട്ടിഫിക്കറ്റോ സ്കൂള്‍ സര്‍ട്ടിഫിക്കറ്റോ ബോര്‍ഡ് നിശ്ചയിക്കുന്ന രേഖകളോ ഹാജരാക്കണം.
7. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
ഓഫ് ലൈനായി അംഗത്വ അപേക്ഷ സമര്‍പ്പിക്കേണ്ട ഓഫിസുകള്‍
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അപേക്ഷകള്‍ തിരുവനന്തപുരം ഓഫിസിലും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ അപേക്ഷകള്‍ എറണാകുളം ഓഫിസിലും മറ്റു ജില്ലകളിലെ അപേക്ഷകള്‍ കോഴിക്കോട് ഓഫിസിലുമാണ് സമര്‍പ്പിക്കേണ്ടത്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

