ഡീലുകളുടെ രാഷ്ട്രീയം: കേരളം ഉറ്റുനോക്കുന്ന അണിയറ നീക്കങ്ങൾ
text_fieldsകേരളത്തിെൻറ രാഷ്ട്രീയ ഭൂപടം നിയമസഭ തെരഞ്ഞെടുപ്പിെൻറ പടിവാതിൽക്കൽ നിൽക്കുമ്പോൾ അണിയറയിൽ ഉയരുന്ന ‘ഡീൽ’ ആരോപണങ്ങൾ വെറുമൊരു തെരഞ്ഞെടുപ്പ് തന്ത്രം എന്നതിലുപരി ഗൗരവകരമായ ചില വസ്തുതകളിലേക്ക് വിരൽ ചൂണ്ടുന്നതാണ്. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകളെ കുറിച്ചുള്ള ചർച്ചകൾ രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കുമ്പോൾ, കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ ഭരണകൂട നിലപാടുകൾ പരിശോധിക്കേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ 10 വർഷത്തെ പിണറായി സർക്കാറിെൻറ ഭരണം പരിശോധിച്ചാൽ സംഘ്പരിവാർ ശക്തികളെ കാര്യമായി അലോസരപ്പെടുത്തുന്ന നടപടികൾ ആഭ്യന്തര വകുപ്പിെൻറ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നത് ഒരു പ്രധാന നിരീക്ഷണമാണ്. മറിച്ച്, പല ഘട്ടങ്ങളിലും ബി.ജെ.പിക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കപ്പെട്ടുവെന്ന ആക്ഷേപം ശക്തമാണ്.
അന്വേഷണങ്ങൾ പാതിവഴിയിൽ നിലച്ചുപോയതോ അട്ടിമറിക്കപ്പെട്ടതോ ആയ കേസുകളുടെ പട്ടിക ഇതിന് അടിവരയിടുന്നു. കൊടകര കുഴൽപ്പണക്കേസും മഞ്ചേശ്വരം കോഴക്കേസും കെ. സുരേന്ദ്രൻ ഉൾപ്പെട്ട കേസുകളിൽ ഭരണകൂടം പുലർത്തിയ മൃദുസമീപനവും തെളിവാണ്. എ.ഡി.ജി.പി അജിത് കുമാറും ആർ.എസ്.എസ് മേധാവി ദത്താത്രേയ ഹൊസബെല്ലെയും തമ്മിൽ നടത്തിയ രഹസ്യ കൂടിക്കാഴ്ചയും തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ഒതുക്കിത്തീർത്തതും മറ്റൊരു വ്യക്തമായ തെളിവാണ്. കരുവന്നൂർ ബാങ്ക് തട്ടിപ്പ്, സ്വർണ്ണക്കടത്ത്, മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട കേസുകൾ എന്നിവയിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഇടതുപക്ഷത്തെ ഭീഷണിപ്പെടുത്തി വരുതിയിലാക്കിയെന്നത് ഒരു പരസ്യമായ രഹസ്യമായി മാറിക്കഴിഞ്ഞു.
വർഷങ്ങളായി കോടതിയിൽ മാറ്റിവെക്കപ്പെട്ടുകൊണ്ടിരിക്കുന്ന ലാവലിൻ കേസും സംഘ്പരിവാർ പ്രവർത്തകർ പ്രതികളായ നൂറുകണക്കിന് കേസുകളിലെ മെല്ലെപ്പോക്കും ഈ സംശയങ്ങളെ ബലപ്പെടുത്തുന്നു. ചില മണ്ഡലങ്ങളിൽ ബി.ജെ.പി തങ്ങളുടെ ഘടകകക്ഷികളെ മുന്നിൽ നിർത്തി പിന്നോട്ട് പോയത് കേവലം രാഷ്ട്രീയ വിട്ടുവീഴ്ചയുടെ ഭാഗം മാത്രമല്ല. ഇതിന് പിന്നിൽ കൃത്യമായ ഗണിതശാസ്ത്രമുണ്ട്. ഈ അടുത്ത കാലത്തായി കേരളത്തിലെ വോട്ടർ പട്ടികയിൽ നിന്ന് ‘അജ്ഞാത വോട്ടുകൾ’ എന്ന പേരിൽ വ്യാപകമായി വോട്ടുകൾ ഒഴിവാക്കപ്പെട്ടു (എസ്.ആർ.ആർ). ബി.ജെ.പിക്ക് മുൻതൂക്കമുള്ള മണ്ഡലങ്ങളിലാണ് ഈ വോട്ട് കുറവ് പ്രകടമായിരിക്കുന്നത്. എസ്.ഐ.ആർ വഴിയുള്ള വോട്ട് ഒഴിവാക്കൽ കേരളത്തിൽ ആരെയാണ് ബാധിക്കുകയെന്ന് ബി.ജെ.പി മുൻകൂട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇതിെൻറ ഫലമായി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് വലിയ വോട്ട് ചോർച്ചയുണ്ടാകാൻ സാധ്യതയുണ്ട്. മലബാർ മേഖലയിൽ സി.പി.എമ്മിനും ഈ വോട്ട് ഒഴിവാക്കൽ വലിയ തിരിച്ചടിയാകാൻ സാധ്യതയുണ്ട്. വോട്ടുകൾ വ്യാപകമായി പരസ്പരം കൈമാറുക എന്നത് പ്രായോഗികമായി എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയേണ്ടതാണ്. എങ്കിലും കഴിഞ്ഞ 10 വർഷത്തെ ‘കൊടുക്കൽ വാങ്ങലുകൾ’ മുൻനിർത്തി നോക്കുമ്പോൾ, വരുന്ന തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിലെങ്കിലും വോട്ടുകൾ മറിയാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇത്തരത്തിൽ ഭരണ-പ്രതിപക്ഷ ഒത്തുതീർപ്പുകളും അദൃശ്യമായ രാഷ്ട്രീയ ഡീലുകളും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിെൻറ ഗതി നിർണയിക്കുന്ന പ്രധാന ഘടകങ്ങളായി മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

