പ്രവാസികൾക്ക് ആശ്വാസം പകരാൻ കേരള പ്രവാസി കമീഷന് കഴിഞ്ഞു -എം.എം. നഈം
text_fieldsഎം.എം. നഈം
ദമ്മാം: ചുവപ്പുനാടകളും ഉദ്യോഗസ്ഥ പ്രഭുക്കളുടെ ധാർഷ്ട്യവും കാരണം നീതി നിഷേധിക്കപ്പെട്ട പ്രവാസികൾക്ക് അർഹമായത് നേടിക്കൊടുക്കാൻ പ്രവാസി കമീഷന് കഴിഞ്ഞിട്ടുണ്ടെന്നും അതിന്റെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് നോർക്കയെന്നും പ്രവാസി കമീഷൻ അംഗം എം.എം. നഈം പറഞ്ഞു. സൗദിയിലെത്തിയ മുൻ പ്രവാസികൂടിയായ അദ്ദേഹം കമീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ‘ഗൾഫ് മാധ്യമ’ത്തോട് വിശദീകരിക്കുകയായിരുന്നു. പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി രൂപവത്കരിച്ച നോർക്കയുടെ കീഴിലാണ് കേരള പ്രവാസി കമീഷൻ പ്രവർത്തിക്കുന്നത്.
പ്രവാസികൾ നാട്ടിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് നിയമപരമായി സംരക്ഷണവും പരിഹാരവും നൽകുക എന്നതാണ് പ്രവാസി കമീഷന്റെ ലക്ഷ്യം. അർധ ജുഡീഷ്യറി ബോഡിയായ പ്രവാസി കമീഷനിലുടെ ആശ്വാസം ലഭ്യമായത് ആയിരക്കണക്കിന് പ്രവാസികൾക്കാണ്. 2015ൽ ഉമ്മൻ ചാണ്ടി സർക്കാറാണ് പ്രവാസി കമീഷൻ ബിൽ അവതരിപ്പിച്ചതെങ്കിലും 2016ലെ പിണറായി സർക്കാറാണ് ഇത് പ്രാബല്യത്തിൽവരുത്തിയത്. ഹൈകോടതി ജഡ്ജിയോ, തൽസ്ഥാനത്ത് നിന്ന് വിരമിച്ച ആളോ ആയിരിക്കും തലവൻ.
അഡ്മിനിസ്ഡ്രേഷൻ സർവിസിലുള്ള സെക്രട്ടറി, പ്രവാസികളായ രണ്ട് പേർ, സാമൂഹിക പ്രവർത്തകൻ എന്നിവരടങ്ങുന്ന അർധ ജ്യുഡീഷറി ബോഡിയാണ് ഇത്. പ്രവാസികളുടെ അഭാവത്തിൽ അവരോ, അവരുടെ കുടുംബങ്ങളോ നേരിടേണ്ടി വരുന്ന നീതി നിഷേധത്തിന് പരിഹാരം തേടാനുള്ള ഏറ്റവും ഉചിതമായ വേദിയാണ് പ്രവാസി കമീഷൻ. സാമ്പത്തിക കേസുകളാണ് അധികവും തങ്ങളുടെ മുന്നിലെത്തുന്നതെന്ന് എം.എം. നഈം പറഞ്ഞു. വിദേശത്തുവെച്ച് മാത്രം നടന്ന ഇടപാടുകളിൽ കമീഷന് ഇടപെടുന്നതിൽ പരിമിതികളുണ്ട്. അതേസമയം വളരെ പ്രമാദമായ പല വിഷയങ്ങളിലും പ്രവാസകളെ സഹായിക്കാൻ കമീഷന് കഴിഞ്ഞിട്ടുണ്ട്. വിദേശത്തായിരുന്ന കുടുംബം അറിയാതെ പാലം പണിയാൻ പ്രവാസിയുടെ സ്ഥലം ഉപയോഗപ്പെടുത്തിയ സർക്കാരിനെതിരെ 12 കൊല്ലം പോരടിച്ചിട്ടും ലഭിക്കാത്ത നീതിയാണ് പ്രവാസി കമീഷനിലൂടെ നേടിയത്.
വീടിന് തറക്കല്ലിട്ട് കഴിഞ്ഞപ്പോൾ വീടിന് മുന്നിൽ പബ്ലിക് ട്രാൻസ്ഫോമർ സ്ഥാപിച്ച് വഴിമുടക്കിയ കെ.എസ്.ഇ.ബിക്കെതിരെ പ്രവാസി നൽകിയ പരാതിയിൽ നിരവധി സിറ്റിങ്ങുകൾക്ക് ശേഷമാണ് പ്രവാസി കമീഷന് നീതി പുനഃസ്ഥാപിക്കാനായത്. തൊട്ടടുത്ത കടകൾക്ക് ലൈസൻസ് നൽകിയിട്ടും ന്യായമല്ലാത്ത കാരണം പറഞ്ഞ് വർഷങ്ങളായി പ്രവാസിയുടെ കടക്ക് ലൈൻസ് നിഷേധിച്ച നഗരസഭയെയും നിലക്ക് നിർത്താൻ പ്രവാസി കമീഷന് കഴിഞ്ഞിട്ടുണ്ട്. ഇത്തരം അനവധി പ്രശ്നങ്ങളാണ് കമീഷന്റെ മുന്നിലെത്തുന്നത്. ജസ്റ്റിസ് സോഫി തോമസ് ആണ് നിലവിലെ പ്രവാസി കമീഷൻ ചെയർപേഴ്സൻ. ഒമാനിൽനിന്നുള്ള പി.എം. ജാബിർ, യു.എസിൽനിന്നുള്ള ഡോ. മാത്യു കെ. ലൂക്കോസ്, നാട്ടിൽനിന്നുള്ള എം.എം. നഈം, ജോസഫ് ദേവസ്യ പൊന്മാങ്കൽ എനിവരാണ് പ്രവാസി കമീഷൻ അംഗങ്ങൾ.
ആർ. ജയാറാം കുമാറാണ് കമീഷൻ സെക്രട്ടറി. മാസത്തിൽ രണ്ട് വീതമാണ് ഇപ്പോൾ കമീഷന്റെ അദാലത്ത് നടക്കുന്നത്. കെട്ടിക്കിടക്കുന്ന കേസുകൾക്ക് എത്രയും വേഗം തീർപ്പുകൽപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമീഷൻ. തിരുവന്തപുരം, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലാണ് നിലവിൽ അദാലത്തുകൾ നടക്കുന്നത്. അത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമീഷൻ. ഓൺലൈൻ വഴി (secycomsn.nri@kerala.gov.in) ഇപ്പോൾ പരാതികൾ സമർപ്പിക്കാം. അല്ലെങ്കിൽ എൻ.ആർ.ഐ കേരള പ്രവാസി കമീഷൻ, നോർക്ക സെന്റർ ആറാം നില, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിലും പരാതികൾ അയക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

