കേരള ഗവർണർ ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിക്കുന്നു -പ്രവാസി വെൽഫെയർ
text_fieldsജിദ്ദ: ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സംസ്ഥാന സർക്കാറിനെ നോക്കുകുത്തിയാക്കി ഭരണ, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ സംഘ് പരിവാർ ആശയക്കാരെ കുടിയിരുത്താനുള്ള അത്യന്തം ഹീനവും ജനാധിപത്യ വിരുദ്ധവുമായ പ്രവൃത്തി ചെയ്തുകൊണ്ടിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ത്യൻ ഭരണഘടനക്കും ഫെഡറൽ സംവിധാനത്തിനും തന്നെ ആപത്താണെന്ന് പ്രവാസി വെൽഫെയർ അസീസിയ മേഖല എക്സിക്യൂട്ടിവ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന് മീതെയല്ല കെട്ടിയിറക്കപ്പെട്ട ഗവർണർ എന്ന ഹൈകോടതി വിധി ഉണ്ടായിട്ടും, വിദ്യാർഥികളെ തെറിയഭിഷേകം നടത്തിയും പൊലീസിനെയും മാധ്യമ പ്രവർത്തകരെയും ഭീഷണിപ്പെടുത്തിയും കാര്യം നേടാനുള്ള ഉത്തരേന്ത്യൻ മാടമ്പിത്തരമാണ് ഗവർണർ നടപ്പാക്കാൻ ശ്രമിക്കുന്നത്.
ഉന്നത സ്ഥാനങ്ങളിൽ സംഘ്പരിവാറുകാരെ തിരുകി കയറ്റുന്നതിലൂടെ സംസ്ഥാനത്ത് ഹിന്ദുത്വ അജണ്ട നടപ്പാക്കാനും അങ്ങനെ കേരളത്തെ സംഘർഷ സംസ്ഥാനമാക്കി മാറ്റാനും, അതിലൂടെ ഉണ്ടാവുന്ന വിഭാഗീയത ഉപയോഗപ്പെടുത്തി തെരഞ്ഞെടുപ്പിൽ ജയിക്കാനുമുള്ള സംഘ്പരിവാർ തന്ത്രം തിരിച്ചറിഞ്ഞു എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നിച്ചു പ്രതിരോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംഘ് പരിവാറുകാരുടെ യോഗ്യത ഇന്ത്യൻ ഭരണഘടനക്ക് പകരം മനുസ്മൃതി അംഗീകരിക്കുക എന്നതാണെന്ന് കെ.പി.സി.സി അധ്യക്ഷന് ആരെങ്കിലും ഉപദേശിച്ചു കൊടുക്കണമെന്നും മൃദുഹിന്ദുത്വം കൊണ്ട് ബി.ജെ.പിയുടെ തീവ്രഹിന്ദുത്വത്തെ പ്രതിരോധിക്കാനാവില്ല എന്ന് ഇനിയെങ്കിലും കോൺഗ്രസ് തിരിച്ചറിയണമെന്നും യോഗം അഭിപ്രായപ്പെട്ടു.
മേഖല പ്രസിഡന്റ് ബഷീർ ചുള്ളിയൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി യൂസുഫ് പരപ്പൻ സ്വാഗതം പറഞ്ഞു. പ്രൊവിൻസ് പ്രസിഡന്റ് ഉമർ ഫാറൂഖ് സമാപന പ്രസംഗം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

