കേരള എൻജിനീയേഴ്സ് ഫോറം വാർഷിക സ്പോർട്സ് മീറ്റ്
text_fieldsകേരള എൻജിനീയേഴ്സ് ഫോറം വാർഷിക സ്പോർട്സ് മീറ്റിൽ പങ്കെടുത്തവർ
റിയാദ്: കേരള എൻജിനീയേഴ്സ് ഫോറം (കെ.ഇ.എഫ്) റിയാദ് ചാപ്റ്ററിന്റെ ഈ വർഷത്തെ സ്പോർട്സ് മീറ്റ് വിപുലമായ പരിപാടികളോടെ സമാപിച്ചു. റിയാദ് റിമാലിലെ ഇസ്തിറാഹയിൽ നടന്ന മീറ്റിൽ ഫോറത്തിലെ അംഗങ്ങളും കുടുംബാംഗങ്ങളുമടക്കം നിരവധി പേർ പങ്കെടുത്തു.
ആദ്യ ഇനമായ മാർച്ച് പാസ്റ്റിന് കെ.ഇ.എഫ് പ്രസിഡന്റ് അബ്ദുൽ നിസാർ ഫ്ലാഗ് ഓഫ് ചെയ്ത് ചടങ്ങുകൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ എവർ റോളിങ്ങ് ട്രോഫി റെഡ് ടീം കരസ്ഥമാക്കി.
റെഡ് (ചെങ്കോട്ട), ബ്ലൂ (നീലക്കൊമ്പൻസ്), ഗ്രീൻ (പച്ചകുതിരാസ്), യെല്ലോ (യെല്ലോമിനാറ്റി) എന്നീ നാല് ടീമുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ. യെല്ലോ ടീം യഥാക്രമം രണ്ടാം സ്ഥാനവും ബ്ലൂ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫെബിൻ (ടീം റെഡ്), സൽമാൻ (യെല്ലോ ടീം), ഷറഫാസ് (ബ്ലൂ ടീം), റമീസ് (ഗ്രീൻ ടീം) എന്നിവരായിരുന്നു ടീം ക്യാപ്റ്റന്മാർ. കലാലയ ജീവിതത്തിന്റെ ഗൃഹാതുരത്വം ഉണർത്തുന്ന രീതിയിൽ വിവിധ കായികയിനങ്ങളാൽ മീറ്റ് ആവേശകരമായി.
കായികയിനങ്ങളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായ പരിപാടി കാണികൾക്കും ആവേശം പകരുന്നതായിരുന്നു. ഒക്ടോപസ് റണ്ണിങ്, ഷോട്ട് പുട്ട്, ഹിറ്റ് ദ വിക്കറ്റ്, കാരംസ്, 100 മീറ്റർ സ്പ്രിൻറ്, പെൻ ഫൈറ്റ് എന്നിവയായിരുന്നു പ്രധാന മത്സരയിനങ്ങൾ. മത്സരവിജയികൾക്കുള്ള ട്രോഫികളും മെഡലുകളും ചടങ്ങിൽ വിതരണം ചെയ്തു. കെ.ഇ.എഫ് എക്സിക്യൂട്ടിവ് അംഗങ്ങളും സ്പോർട്സ് കമ്മിറ്റിയും സംയുക്തമായി പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

