ഷുക്കൂറി​ന്‍റെ ഉമ്മക്ക് നീതികിട്ടുമെന്ന് പ്രതീക്ഷയുണ്ട്​ –ബി. ​കെമാല്‍ പാഷ

  • രാഷ്​ട്രീയം ഷുക്കൂറി​ന്‍റെ കൊലപാതകത്തിലാണ്​, സി.ബി.ഐ അന്വേഷണത്തിലല്ല

കെമാൽ പാഷയും പത്​നി കസ്​തൂരി കമാലും റിയാദിൽ

റിയാദ്: സാക്ഷികളുടെ കൂറുമാറ്റമടക്കം ഒന്നുമുണ്ടാകാതെ കേസ്​ മുന്നോട്ടുപോയാൽ അരിയിൽ ഷുക്കൂറിനെ കൊന്നവരും കൊല്ലിച്ചവരും ശിക്ഷിക്കപ്പെടുമെന്ന്​ ​കേരള ഹൈകോടതി മുൻ ജസ്​റ്റീസ്​ ബി. ​െകമാൽ പാഷ.  19 വയസ്സുകാരനായ മകനെ നഷ്​ടപ്പെട്ട ആ ഉമ്മക്ക്​ നീതി കിട്ടും, അവരുടെ കണ്ണീരിന്​ മറുപടി ലഭിക്കും എന്ന്​ തന്നെയാണ്​ പ്രതീക്ഷിക്കുന്നതെന്നും റിയാദിൽ ‘ഗൾഫ്​ മാധ്യമ’ത്തിന്​ അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 

പ്രവാസി മലയാളി ഫെഡറേഷൻ വാർഷികാഘോഷത്തിൽ പ​െങ്കടുക്കാനാണ്​ അദ്ദേഹം റിയാദിലെത്തിയത്​. ഷുക്കൂർ വധക്കേസിനെ കുറിച്ച് തനിക്ക് മുഴുവന്‍ കാര്യങ്ങളും അറിയാം. രേഖകൾ മുഴുവന്‍ കണ്ടതാണ്​.    പൊലീസ്​ അന്വേഷണത്തിൽ പിഴവുകൾ കണ്ടില്ല. എന്നാൽ കേസ്​ ഫയലിൽ പാളിച്ചകൾ കണ്ടു. കൂടുതൽ അന്വേഷിക്കപ്പെടേണ്ടതുണ്ടെന്ന്​ കണ്ടാണ്​ സി.ബി.​െഎക്ക്​ വിട്ടത്​. അതൊട്ടും രാഷ്​ട്രീയ പ്രേരിതമായിരുന്നില്ല. സി.ബി.ഐക്ക് കേസ് വിട്ടത് സര്‍ക്കാറായിരുന്നില്ല. 

ഷുക്കൂറി​​െൻറ മാതാവ് റിട്ട് ഹരജിയുമായി ഹൈക്കോടതിയില്‍ വരികയായിരുന്നു. ഭാഗ്യമെന്നോ നിര്‍ഭാഗ്യമെന്നോ പറയട്ടെ അത്​ ത​​െൻറ മുന്നിലാണ് വന്നത്. ആ ഉമ്മയുടെ കണ്ണീരിന്​ ഉത്തരമുണ്ടാകണമെന്ന്​ തോന്നി. ആ പ്രദേശത്തെ സ്വയം പ്രഖ്യാപിത രാജാക്കന്മാരുടെ അറിവിൽ നടന്ന ക്രൂരതക്ക്​ പിന്നിലെ മുഴുവൻ കാര്യങ്ങളും അന്വേഷിക്കാനും ശരിയായ വിധിയുണ്ടാവാനും കേന്ദ്ര ഏജൻസി നല്ലതാണെന്ന്​ കോടതി മനസ്സിലാക്കി. സി.ബി.​െഎ ഇൗ കേസ്​ അന്വേഷിച്ചതി​ലൊ ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചതിലൊ രാഷ്​ട്രീയ പ്രേരിതമായി ഒന്നുമുണ്ടെന്ന്​ താൻ കരുതുന്നില്ല. അതേസമയം രാഷ്​ട്രീയമുണ്ടെന്ന്​ കണ്ടത്​ ഷുക്കൂറി​​െൻറ വധത്തിലാണ്​. സാക്ഷികൾ കൂറുമാറാതിരുന്നാൽ പ്രതികൾ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും.

 ഒരു മുറിയിൽ ഇരുന്ന ആറുപേരിൽ നാലുപേർ ശിക്ഷിക്കപ്പെട്ടു, രണ്ടുപേർ ബാക്കിയായി എന്ന അവസ്ഥയിൽ നിന്നാ കേസിന്​ മാറ്റുമുണ്ടായെന്നും കൊലപാതക കേസുകളിലെല്ലാം ശിക്ഷിക്കപ്പെടുമെന്നും ​െകമാൽ പാഷ കൂട്ടിച്ചേർത്തു. 

kamal-pasha-23

സി.ബി.​ഐയുടെ വിശ്വാസ്യത കുറഞ്ഞു
സി.ബി.​െഎയുടെ വിശ്വാസ്യതക്ക്​ കോട്ടം തട്ടിയിട്ടുണ്ട്​. അതി​​െൻറ തലപ്പത്ത്​ പ്രകടമായ കൈകടത്തലുകളുണ്ടാവുന്നു​. ഒറ്റ രാത്രി കൊണ്ട്​ തലവ​െന മാറ്റിയതിൽ തുടങ്ങി മു​െമ്പങ്ങുമില്ലാത്ത വിധം ആശാസ്യകരമല്ലാത്ത പലതുമുണ്ടാവുകയും ഏജൻസിയുടെ പ്രതിഛായക്ക്​ ജനങ്ങളുടെ മുന്നിൽ മങ്ങലേൽക്കുന്ന സാഹചര്യവുമുണ്ടാകുകയും ചെയ്യുന്നു. സി.ബി.​െഎ മാത്രമല്ല സെൻട്രൽ വിജിലൻസ്​ ബ്യൂറോ, റിസർവ്​ ബാങ്ക്​ തുടങ്ങി വിവിധ ഭരണഘടന സ്ഥാപനങ്ങളെ തകർക്കാനുള്ള കൈകടത്തലുകളും നടപടികളുമാണുണ്ടാകു​ന്നത്​. എന്നാൽ സി.ബി.ഐ കൂട്ടിലടച്ച തത്തയാണെന്ന് താൻ പറയില്ല. അവര്‍ ഒരു പാട് കേസുകള്‍ നന്നായി അന്വേഷിച്ചിട്ടുണ്ട്. താന്‍ വിട്ട കേസുകളെല്ലാം അവര്‍ നന്നായി കൈകാര്യം ചെയ്​ത അനുഭവമാണുള്ളത്​.  

നീതി നിഷേധമുണ്ട്​
ഇന്ത്യയിൽ നീതി നിഷേധങ്ങൾ തുടരുന്നുണ്ടോ എന്ന്​ ചോദിച്ചാൽ ഇല്ലെന്ന്​ തനിക്ക്​ പറയാനാവില്ല. നീതി നടപ്പായതായി​ അനുഭവപ്പെടണം. കേസുമായി പോകുന്ന എല്ലാവർക്കും​ അത്​ കിട്ടുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്​. കോടതിയെ അഭയം പ്രാപിക്കുന്നവർക്ക്​ നീതി കിട്ടി എന്ന് തോന്നണം. സാക്ഷി കൂറുമാറുന്നത് നമ്മുടെ ജുഡീഷ്യൽ സിസ്​റ്റത്തി​​െൻറ ഏറ്റവും വലിയ ദോഷമാണ്. പട്ടാപ്പകൽ ലോകം കാൺകെ സംഭവിച്ച നിഷ്​ഠൂര കൊലപാതക കേസുകളിൽ പോലും സാക്ഷികൾ കൂറുമാറിയതിനാൽ സംശയത്തി​​െൻറ ആനുകൂല്യം വാങ്ങി കുറ്റവാളികൾ വെറുതെ വിട്ടയക്കപ്പെട്ടിട്ടുണ്ട്​. 

പൊലീസോ മറ്റ്​ അന്വേഷണ ഏജൻസികളോ സി.ആര്‍.പി.സി 161ാം വകുപ്പ് അനുസരിച്ച് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി കോടതിയുടെ മുന്നിലെത്തിക്കുന്ന രീതിക്ക്​ മാറ്റം വരണം. കാരണം ഇൗ വകുപ്പു പ്രകാരം രേഖപ്പെടുത്തുന്ന മൊഴിക്ക്​ ഒരു വിലയുമുണ്ടാകില്ല. ആ മൊഴി മാറ്റിയാൽ കുഴപ്പമില്ലെന്ന്​ സാക്ഷികൾക്കും തോന്നും. എന്നാൽ 164ാം വകുപ്പ് പ്രകാരം മജിസ്ട്രേറ്റി​​െൻറ മുന്നില്‍ വെച്ച് രേഖപ്പെടുത്തപ്പെടുന്ന മൊഴി മാറ്റാൻ കഴിയില്ല. മാറ്റിയാൽ ശിക്ഷിക്കപ്പെടും. കേസി​​െൻറ അന്വേഷണം തുടങ്ങുന്ന ഘട്ടത്തിൽ തന്നെ മജിസ്​ട്രേറ്റി​​െൻറ സാന്നിധ്യത്തിൽ പൊലീസോ മറ്റ്​ അന്വേഷണ ഏജൻസികളോ മൊഴിയെടുക്കുന്ന രീതിയുണ്ടാകണം. മേശപ്പുറത്തെത്തുന്ന രേഖകൾ വെച്ച്​ വിധി പ്രസ്​താവിക്കുന്നതിനപ്പുറം മജിസ്​ട്രേറ്റ്​ കൂടി അന്വേഷണത്തി​​െൻറ ഭാഗമാകുന്ന രീതിയാണ്​ വേണ്ടത്​. 

ഫ്രാൻസ്​ അടക്കമുള്ള രാജ്യങ്ങളിൽ അതാണുള്ളത്​. മാറിയ കാലത്ത്​ നമ്മുടെ നീതിന്യായ സംവിധാനത്തിലെ നടപടിക്രമങ്ങളിലും ഇതുപോലുള്ള മാറ്റങ്ങളുണ്ടാകണം, നവീകരിക്കപ്പെടണം. എങ്കിലേ നീതിനിഷേധത്തിന്​ പരിഹാരം കാണാനാവൂ. രാജ്യത്തെ ഏറ്റവും വലിയ വിപത്തായ അഴിമതിക്ക്​ കടിഞ്ഞാണിടാനും ഇൗ രീതി മാറ്റം ആവശ്യമാണ്​. ആദ്യ മൊഴി മാറ്റാനാവില്ലെന്ന്​ കാണു​േമ്പാൾ അഴിമതി വീരന്മാരായ രാഷ്​ട്രീയക്കാരും ഭയപ്പെട്ടു തുടങ്ങും. പക്ഷേ സിസ്​റ്റം മാറില്ല, കാരണം അഴിമതി ജന്മാവകാശമായി കൊണ്ട്​ നടക്കുന്നവരാണ്​ അധികാരികളാവുന്നത്​. അവർ മാറ്റത്തിന്​ അനുവദിക്കില്ല. അഴിമതി കാട്ടുന്ന നേതാക്കൾക്ക്​ അവരുടെ രാഷ്​ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഇന്ന്​ ഹിറോ പരിവേഷം കിട്ടുന്നുണ്ട്. അത്​ വലിയ അപകടമാണ്​. 

ഭരണഘടനക്ക്​ കാവൽ​ കോടതി 
ഭരണഘടനയെ അട്ടിമറിക്കാൻ ആർക്കും കഴിയില്ല, ജുഡീഷ്യറി കണ്ണടക്കാതിരിക്കുന്നതുവരെ. ഭരണഘടനയുടെ സംരക്ഷിതാവ് കോടതിയാണ്. കോടതി നിലനിന്നാല്‍ ഭരണഘടന നിലനില്‍ക്കും. എന്നാല്‍ ഇപ്പോൾ ഇക്കാര്യത്തില്‍ ചെറുതല്ലാത്ത ആശങ്കയുണ്ട്​. കോടതികൾ അവയുടെ വിശുദ്ധിയിൽ നിലനിൽക്കുമോ തുടരുമോ എന്നത്​ കണ്ടറിയേണ്ടതാണ്​. 

വധശിക്ഷ ആവശ്യമാണ്​
വധശിക്ഷ അപരിഷ്​കൃതമെന്ന അഭിപ്രായം ശരിയല്ല. വധശിക്ഷ പിൻവലിച്ച രാജ്യങ്ങളിൽ അത്​ തിരികെ കൊണ്ടുവന്ന ചരിത്രമുണ്ട്​. ഉദാഹരണം മെക്​സിക്കോ. അവിടെ വധശിക്ഷ ഉപേക്ഷിച്ചിരുന്നു. എന്നാൽ മെക്​സിക്കോ സിറ്റിയിലെ ജനങ്ങൾക്ക്​ പ്രിയപ്പെട്ട ഒരു മേയർ കൊല്ലപ്പെട്ട കേസിൽ പ്രതിക്ക്​ വധശിക്ഷ തന്നെ കൊടുക്കണം എന്ന്​ ജനം ആവശ്യപ്പെടാൻ തുടങ്ങി. അവർ സമരവുമായി തെരുവിലിറങ്ങി. വധശിക്ഷ അവർക്ക്​ പുനഃസ്ഥാപിക്കേണ്ടിവന്നു. വധശിക്ഷക്ക്​ അതി​േൻറതായ ഫലമുണ്ട്​. അത്​ തനിക്ക്​​ ബോധ്യപ്പെട്ടതാണ്​​. 

വധശിക്ഷക്ക്​ വിധിച്ച പ്രതികളിൽ രണ്ടുപേർ ഒഴികെ ബാക്കിയെല്ലാവരും വിധി പ്രസ്​താവം കേട്ടതും ഞെട്ടുകയോ കുഴഞ്ഞുവീഴുകയോ ചെയ്​തിട്ടുണ്ട്​. തിരുവനന്തപുരത്തെ കബീർ വധക്കേസ്​ പ്രതി ക​രാ​േട്ട ഫാറൂഖും ആലുവ കൂട്ടക്കൊല കേസിലെ ആൻറണിയും. ഫാറൂഖ്​ ഒരു കൂസലുമില്ലാതെ വിധി കേട്ടുനിന്നപ്പോൾ ആൻറണി അക്ഷോഭ്യനായി തൊഴുകൈയ്യോടെ നിൽക്കുകയായിരുന്നു. വധശിക്ഷ വിധിക്കുന്ന ദിവസം താൻ ആഹാരം കഴിക്കാറില്ല. മനുഷ്യനല്ലേ. തോന്നില്ല. 

വധശിക്ഷയുടെ വിധിയിൽ ഒപ്പുവെക്കുന്ന പേനയുടെ നിബ്ബ്​ കുത്തിയൊടിച്ചുകളയും. അത്​ പിന്നെ ഉപയോഗിക്കില്ല. അത്​ കോടതി കാര്യത്തിൽ പണ്ടേയുള്ളതാണ്​. അന്ധവിശ്വാസമെന്ന്​ വേണമെങ്കിൽ പറയാം. വിധിച്ച പല വധശിക്ഷകളും സുപ്രീം കോടതി തള്ളി. ആലുവ കൂട്ടക്കൊല കേസിലെ ആൻറണി, സൗമ്യ കേസിലെ ഗോവിന്ദ ചാമി എന്നിവരുടെ ശിക്ഷാവിധികളിൽ സുപ്രീം കോടതി ജീവപര്യന്തമാക്കി ഇളവു ചെയ്​തു. 

court-malayalam news online

തുറന്നെഴുത്തുണ്ടാവും
ഒൗദ്യോഗിക ജീവിതാനുവഭ-ങ്ങളുടെ തുറന്നെഴുത്തുമായി ഒരു പുസ്​തകം വൈകാതെ പുറത്തിറങ്ങും. ഇതുവരെ പറയാത്ത ഒട്ടനവധി കാര്യങ്ങൾ അതിൽ തുറന്നെഴുതും. വിവാദമാവുമോ എന്നൊന്നും പറയാനാവില്ല. എന്നാൽ ജനങ്ങൾക്ക്​ വായിക്കാൻ തോന്നുന്ന കാര്യങ്ങൾ അതിലുണ്ടാവും. ‘ഐ ആം ബോള്‍ഡ്, നോട്ട് കോണ്‍ട്രോവേഴ്സ്യല്‍’ എന്ന പേരാണ്​ പുസ്തകത്തിന്​ കണ്ടുവെച്ചിരിക്കുന്നത്​. 

ഡി.സി ബുക്സ് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യം മലയാളത്തിൽ ഇറക്കും. മകൾ അതി​​െൻറ ഇംഗ്ലീഷ്​ പരിഭാഷ തയാറാക്കും. പുസ്​തകം പകുതി എഴുതി കഴിഞ്ഞിട്ടുണ്ട്​. ആത്മകഥയല്ല. ഒൗദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളാണ്​. കൊലപാതകവും അഴിമതിയുമടക്കം നിറയെ കേസുകളായിരിക്കും. ഒറ്റ വാള്യത്തിൽ ഒതുങ്ങില്ല. പതിന​േഞ്ചാളം​ കൊലപാതക കേസുകളിൽ വധശിക്ഷ വിധിച്ചിട്ടുണ്ട്​. ആ ഓരോ ജഡ്ജ്മ​െൻറും ഓരോ പുസ്തകങ്ങളാണ്. അതെല്ലാം ഓരോ നോവലുകളാണ്. അതെല്ലാം എഴുതാൻ നിന്നാൽ എത്ര വാള്യം ഇറക്കിയാലും തീരില്ല. 

നാട്​, കുടുംബം
കൊല്ലം ജില്ലയിലെ അഞ്ചലാണ്​ സ്വദേശം. ഇപ്പോൾ സ്ഥിരതാമസം എറണാകുളം ഇടപ്പള്ളിയിൽ. ഭാര്യ ആറ്റിങ്ങൽ സ്വദേശി കസ്​തൂരി കമാൽ. രണ്ട്​ പെൺമക്കൾ. മൂത്ത മകൾ അല്ലി കെ. പാഷ സിനിമ തിരക്കഥാകൃത്താണ്​. ഒരു മമ്മൂട്ടി ചിത്രത്തിന്​ വേണ്ടി സ്​ക്രിപ്​റ്റ്​ പൂർത്തിയാക്കി. അതുപോലെ അമൽ നീരദിന്​ വേണ്ടിയും ഒന്നെഴുതി പൂർത്തിയാക്കിയിട്ടുണ്ട്​. ഇളയ മകൾ ആർച്ച കെ. പാഷ. ഇരുവരും വിവാഹിതരാണ്​. ഡോ. അനൂപ്​ ഹസൻ, ഡോ. മുഹമ്മദ്​ ജസീൽ എന്നിവരാണ്​ മരുമക്കൾ.

 

Loading...
COMMENTS