കളൻതോട് അമ്മ വൃദ്ധസദനത്തിന് കേളിയുടെ കൈത്താങ്ങ്
text_fieldsകോഴിക്കോട് കളൻതോട് ‘അമ്മ വൃദ്ധസദന’ത്തിന് കേളി
കലാസാംസ്കാരിക വേദിയുടെ സഹായം കൈമാറുന്നു
റിയാദ്: ഹെവൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ കോഴിക്കോട് കളൻതോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ‘അമ്മ വൃദ്ധസദന’ത്തിന് കേളി കലാസാംസ്കാരിക വേദിയുടെ കൈത്താങ്ങ്. കേളിയുടെ 11ാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി കൈകൊണ്ട തീരുമാന പ്രകാരം പ്രത്യേക പരിചരണവും സംരക്ഷണവും ആവശ്യമായവരെ ചേർത്തുപ്പിടിക്കുന്നവരുമായി സഹകരിച്ച് കേരളത്തിൽ ഒരുലക്ഷം പൊതിച്ചോർ വിതരണം ചെയ്യുന്ന ‘ഹൃദയപൂർവം കേളി’ പദ്ധതിയിൽ ഉൾപ്പെടുത്തി ‘അമ്മ’യിലെ അന്തേവാസികളുടെ 15 ദിവസത്തെ ചെലവുകൾ കേളി ഏറ്റെടുക്കുകയായിരുന്നു.
കളൻതോട് അമ്മ വൃദ്ധസദനത്തിൽ ഒരുക്കിയ ചടങ്ങിൽ സി.പി.എം കട്ടാങ്ങൽ ലോക്കൽ സെക്രട്ടറി പ്രവീണിന്റെ സാന്നിധ്യത്തിൽ കേളി രക്ഷാധികാരി കമ്മിറ്റി അംഗം ഷമീർ കുന്നുമ്മൽ, അമ്മ മാനേജർ വിജയ് കൃഷ്ണന് ധാരണാപത്രം കൈമാറി. 2016-ൽ ആരംഭിച്ച അമ്മ വൃദ്ധസദനത്തിൽ നിലവിൽ 20 അന്തേവാസികളെ പരിചരിച്ചുവരുന്നുണ്ട്. നിത്യരോഗികൾ, പരിചരിക്കാൻ ആളില്ലാത്തവർ, മാനസിക വില്ലുവിളി നേരിടുന്നവർ തുടങ്ങി ആശ്രയമില്ലാത്തവരെ സംരക്ഷിച്ചുപോരുന്ന അമ്മ വൃദ്ധസദനം സുമനസ്സുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്താലാണ് പ്രവർത്തിച്ചുപോരുന്നത്.
കോഴിക്കോട് എൻ.ഐ.റ്റിക്ക് സമീപം കളൻതോടിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന നാല് ജീവനക്കാരാണ് ഇവർക്കുവേണ്ട സഹായങ്ങൾ ചെയ്തുപോരുന്നത്. താമസസൗകര്യത്തിന് പുറമെ ഭക്ഷണവും മരുന്നും കൂടാതെ അസുഖ ബാധിതരെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ഉറപ്പാക്കുന്നതും ഇവർ തന്നെയാണ് ചെയ്തുപോരുന്നത്. കൂടാതെ ആവശ്യമായ കിടപ്പ് രോഗികൾക്ക് വേണ്ട പരിചരണവും ഭക്ഷണവും എത്തിക്കുന്നതിലും അമ്മയിലെ വളന്റിയർമാർ സഹായം ചെയ്തുപോരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

