കേളി അറേബ്യൻ ബ്രെയിൻ ബാറ്റിൽ; അറിവിന്നതിരുകൾ മറികടന്ന് ‘ലിറ്റിൽ ക്രിസ്റ്റൽസ്’
text_fieldsഫൈനലിൽ പങ്കെടുത്ത വിദ്യാർഥികൾ സംഘാടകർക്കൊപ്പം
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച്, ഗ്രാൻഡ്മാസ്റ്റർ ജി.എസ്. പ്രദീപ് നയിച്ച ‘ടി.എസ്.ടി മെറ്റൽസ് കേളി അറേബ്യൻ ബ്രെയിൻ ബാറ്റിൽ’ പങ്കാളിത്തം കൊണ്ടും കുട്ടികളുടെ പ്രകടനം കൊണ്ടും ശ്രദ്ധേയമായി.
ഉമ്മുൽ ഹമാമിലെ ഡൽഹി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വ്യത്യസ്ത സ്കൂളുകളിൽ നിന്നായി 100ൽപരം വിദ്യാർഥികൾ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗത്തിന് 20 ചോദ്യങ്ങളും ഹയർ സെക്കൻഡറി വിഭാഗത്തിന് 15 ചോദ്യങ്ങളുമായിരുന്നു ആദ്യ റൗണ്ടിൽ ഉണ്ടായിരുന്നത്. മത്സരത്തിൽ നിന്ന് 12 പേർ ഫൈനലിൽ പ്രവേശിച്ചു.
തമിഴ്നാട് സ്വദേശി ഷാൻ ഗോപാൽ നമ്പിയും മലപ്പുറം സ്വദേശിനി കെ.പി. ദിൽഷാദും ചേർന്ന ‘ലിറ്റിൽ ക്രിസ്റ്റൽസ്’ ടീം 440 പോയൻറ് നേടി കിരീടം നേടി. വിജയികൾക്ക് 55,555 രൂപയും, റണ്ണർ അപ്പിന് 33333, മൂന്നാം സ്ഥാനക്കാർക്ക് 22,222, നാലാം സ്ഥാനക്കാർക്ക് 11,111, അഞ്ചും ആറും സ്ഥാനക്കാർക്ക് 5,555, രൂപയുടെയും ഹനാദി അൽ ഹർബി നൽകുന്ന കാഷ് പ്രൈസുകളും കേളിയുടെ ഫലകങ്ങളും സർട്ടിഫിക്കറ്റുകളും സമ്മാനമായി നൽകി.
410 പോയൻറ് നേടി യാര സ്കൂൾ വിദ്യാർഥികളായ മുഹമ്മദ് ഹാഫിദ്, ലിങ്കീഷ് ശരവണൻ എന്നിവർ നയിച്ച ‘കുദു ക്വിസേഴ്സ്’ രണ്ടാം സ്ഥാനവും 370 പോയൻറ് നേടി ഡ്യൂൺസ് സ്കൂളിലെ സുവീർ ഭാതിയ, ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ മുഹമ്മദ് ഇബ്രാഹിം എന്നിവർ നയിച്ച ‘എം.എ.ആർ മാർവെൽസ്’ മൂന്നാം സ്ഥാനവും
150 പോയൻറുമായി മോഡേൺ മിഡിൽ ഈസ്റ്റ് സ്കൂൾ വിദ്യാർഥികളായ ജിബ്രാൻ ഇസ്തിയാഖ്, സൈദ സുകൈന ഹുസൈഫ എന്നിവർ നയിച്ച ടീം ‘മയസ്ട്രോ മാസ്റ്റേഴ്സ്’ നാലാം സ്ഥവവും ഡൽഹി പബ്ലിക് സ്കൂളിലെ ഗൗതം കൃഷ്ണ കാരുമതലത്തിലും മോഡേൺ മിഡിൽ ഈസ്റ്റ് സ്കൂളിലെ സഫിയ ഫാത്തിമ വയ്യന്നെയും നയിച്ച ‘ഹനാദി ഹീറോസ്’ അഞ്ചാം സ്ഥാനവും ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ അഹമ്മദ് ഇഹ്സാൻ, മോഡേൺ മിഡിൽ ഈസ്റ്റ് സ്കൂളിലെ ആബാൻ ഇസ്തിയാഖ് എന്നിവർ നയിച്ച ‘പെർഫെക്റ്റ് പ്യൂരിറ്റൻസ്’ ആറാം സ്ഥാനവും കരസ്ഥമാക്കി.
സമ്മാന വിതരണ ചടങ്ങിൽ കേളി പ്രസിഡൻറ് സെബിൻ ഇക്ബാൽ അധ്യക്ഷത വഹിച്ചു.
സംഘാടക സമിതി ചെയർമാൻ ഷാജി റസാഖ് ആമുഖ പ്രസംഗം നടത്തി. പബ്ലിസിറ്റി കൺവീനർ ബിജു തായമ്പത്ത് സമ്മാനാർഹരെ സദസ്സിന് പരിചയപ്പെടുത്തി. കുട്ടികൾ ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപിൽനിന്ന് സമ്മാനങ്ങൾ ഏറ്റുവാങ്ങി. ഹനാദി അൽ ഹർബി എം.ഡി പ്രിൻസ് തോമസ് വിജയികൾക്കുള്ള കാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സംഘാടക സമിതി കൺവീനർ സുനിൽ കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

