കേളിയുടെ ‘ജീവസ്പന്ദനം 2026’ മെഗാ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച
text_fields‘ജീവസ്പന്ദനം 2026’ മെഗാ രക്തദാന ക്യാമ്പിനെ കുറിച്ച് കേളി കലാസാംസ്‌കാരിക വേദി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുന്നു
റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒൻപതാമത് മെഗാ രക്തദാന ക്യാമ്പ് ‘ജീവസ്പന്ദനം 2026’ വെള്ളിയാഴ്ച (മെയ് 15) സംഘടിപ്പിക്കുന്നു. റിയാദ് ബദീഅയിലെ ഫ്ലാമിംഗോ മാളിലുള്ള മാർക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റിൽ ക്യാമ്പ് രാവിലെ എട്ട് മുതൽ വൈകിട്ട് നാല് വരെ തുടരും.
സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ റിയാദ് ബ്ലഡ് ബാങ്കുമായി സഹകരിച്ച്, ഹജ്ജിന് മുന്നോടിയായി കഴിഞ്ഞ എട്ട് വർഷമായി കേളി തുടർച്ചയായി ഇത്തരം ക്യാമ്പുകൾ നടത്തിവരുന്നുണ്ട്. ക്യാമ്പിെൻറ ഭാഗമായി ഒരേസമയം 20 യൂനിറ്റ് രക്തം ശേഖരിക്കാനുള്ള സൗകര്യവും, പുറത്ത് മൂന്ന് ബസ്സുകളിലായി പ്രവർത്തിക്കുന്ന മൊബൈൽ യൂനിറ്റുകളിൽ ഒരേസമയം 16 യൂനിറ്റ് രക്തം സ്വീകരിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം നാല് ഏരിയ കമ്മിറ്റികളും കേന്ദ്ര കമ്മിറ്റിയും ചേർന്ന് 1,428 യൂനിറ്റ് രക്തം ശേഖരിച്ചിരുന്നു.
ഇത്തവണ കൂടുതൽ രക്തദാതാക്കളെ പങ്കെടുപ്പിക്കാനുള്ള വിപുലമായ ഒരുക്കം പൂർത്തിയായതായി സംഘാടകർ അറിയിച്ചു. വിവിധ ഏരിയകളിൽ നിന്നും ദാതാക്കളെ എത്തിക്കാൻ പ്രത്യേക ബസ് സൗകര്യവും ലഭ്യമാണ്. ലിപിൻ പശുപതി ചെയർമാനും, നാസർ പൊന്നാനി വൈസ് ചെയർമാനും, ബിജി തോമസ് കൺവീനറും, പി.എൻ.എം. റഫീഖ് ജോയിൻറ് കൺവീനറുമായ 101 അംഗ സംഘാടക സമിതിയാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. കേളി ജീവകാരുണ്യ കമ്മിറ്റിയുടെ കീഴിലുള്ള പ്രത്യേക രക്തദാന സെൽ മുഖേന വാർഷിക ക്യാമ്പുകൾക്ക് പുറമെ, വർഷംതോറും 200-ലേറെ യൂനിറ്റ് രക്തം നൽകുന്ന സേവനവും നടക്കുന്നുണ്ട്.
കേളി, കേളി കുടുംബവേദി പ്രവർത്തകർക്ക് പുറമെ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും മറ്റു രാജ്യങ്ങളിലെ പ്രവാസികളും സൗദി പൗരന്മാരും ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമാകാറുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബിജി തോമസ് (0595687597), ലിപിൻ പശുപതി (0502243692) എന്നിവരുമായി ബന്ധപ്പെടാം. ക്യാമ്പിെൻറ വിശദാംശങ്ങൾ അറിയിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, പ്രസിഡൻറ് ഗഫൂർ ആനമങ്ങാട്, സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ മധു ബാലുശ്ശേരി, സംഘാടക സമിതി ചെയർമാൻ ലിപിൻ പശുപതി, കൺവീനർ ബിജി തോമസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

