Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാർസൽ കെണിയിൽ കുടുങ്ങിയ ഇന്ത്യക്കാരന് വിധിച്ചത് 20 വർഷം തടവ്: റിയാദിലെ കേളി കലാ സാംസ്കാരിക വേദിയുടെ ഇടപെടലിൽ മോചനം

text_fields
bookmark_border
പാർസൽ കെണിയിൽ കുടുങ്ങിയ ഇന്ത്യക്കാരന് വിധിച്ചത് 20 വർഷം തടവ്: റിയാദിലെ കേളി കലാ സാംസ്കാരിക വേദിയുടെ ഇടപെടലിൽ മോചനം
cancel
camera_alt

മുഹമ്മദ് ഷംസ് പിതാവ് അൻസാരിക്കും നാസർ പൊന്നാനിക്കും ഒപ്പം

റിയാദിൽ: സ്പോൺസറുടെ മകന്റെ നിർദേശപ്രകാരം വന്ന പാർസൽ സാധനം എന്തെന്നറിയാതെ വാങ്ങി സൂക്ഷിച്ചതിന്റെ പേരിൽ മയക്കുമരുന്ന് കേസിൽ കുടുങ്ങി ഇന്ത്യക്കാരൻ. 20 വർഷത്തെ തടവുശിക്ഷയാണ് ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഷംസിന് വിധിച്ചത്. ഒടുവിൽ റിയാദിലെ കേളി കലാ സാംസ്കാരിക വേദിയുടെ ഇടപെടലിലൂടെ മോചനം ലഭിച്ചു. മാസങ്ങൾ നീണ്ട ശക്തമായ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിക്കാനായതോടെയാണ് ജയിൽ മോചിതനായത്. അശ്രദ്ധമായി പാർസലുകൾ ഏറ്റുവാങ്ങുന്നത് പ്രവാസികളെ എങ്ങനെ കെണിയിലാക്കാം എന്നതിന്റെ വലിയൊരു മുന്നറിയിപ്പുകൂടിയാണ് ഈ സംഭവം.

അൽഖർജ് മേഖലയിൽ സ്പോൺസറുടെ കടയിൽ ജോലി ചെയ്തിരുന്ന ഷംസിനെ സ്പോൺസറുടെ മൂത്ത മകനെന്ന വ്യാജേന ഇളയ മകൻ ഫോണിൽ വിളിക്കുകയായിരുന്നു. കടക്ക് മുന്നിൽ ഒരു വാഹനം എത്തിയിട്ടുണ്ടെന്നും അതിലുള്ള സാധനങ്ങൾ സ്ഥാപനത്തിനുള്ളിൽ ഇറക്കിവെക്കണമെന്നും അറിയിച്ചതനുസരിച്ച് തൊഴിലാളികൾ അത് അകത്തു എടുത്തു വെച്ചു. എന്നാൽ അതിൽ മയക്കുമരുന്നായിരുന്നുവെന്ന കാര്യം ഇവർ അറിഞ്ഞിരുന്നില്ല. തുടർന്ന് സ്ഥലത്തെത്തിയ സൗദി സി.ഐ.ഡി സംഘം പരിശോധന നടത്തുകയും, ഇളയ മകന്റെ വീട്ടിൽ നിന്നും കൂടുതൽ മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തതോടെ കടയിലുണ്ടായിരുന്ന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു.

വിവരമറിഞ്ഞ് നാട്ടിൽ നിന്നും അടിയന്തരമായി ഷംസിന്റെ പിതാവ് അൻസാരി സൗദിയിലെത്തി മകൻ നിരപരാധിയാണെന്ന് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും കോടതി ഷംസിന് 20 വർഷത്തെ കഠിന തടവ് വിധിക്കുകയായിരുന്നു. വലിയ പ്രതിസന്ധി യിലായ കുടുംബം സഹായത്തിനായി കേളി കലാ സാംസ്കാരിക വേദിയെ സമീപിച്ചു. കേളി ജീവകാരുണ്യ വിഭാഗം ജോയിന്റ് കൺവീനർ നാസർ പൊന്നാനിയുടെ നേതൃത്വത്തിൽ ഇന്ത്യൻ എംബസി വഴി ജയിൽ സന്ദർശനാനുമതിയും ആവശ്യമായ നിയമസഹായത്തിനുള്ള നടപടികളും അടിയന്തരമായി ആരംഭിച്ചു.

തുടർന്ന് എട്ടുമാസത്തോളം കേസിന്റെ രേഖകൾ ശേഖരിക്കുകയും പ്രഗത്ഭനായ ഒരു അഭിഭാഷകൻ വഴി അപ്പീൽ കോടതിയിൽ ഹർജി സമർപ്പിക്കുകയും ചെയ്തു. നാലുമാസം നീണ്ട ശക്തമായ നിയമനടപടികൾക്കൊടുവിൽ ഷംസ് പൂർണ നിരപരാധിയാണെന്ന് ബോധ്യപ്പെട്ട കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി മോചിപ്പിക്കാൻ ഉത്തരവിട്ടു. മറ്റൊരാളുടെ നിർദേശപ്രകാരം എത്തുന്ന പാർസലുകൾ ഉള്ളടക്കം എന്തെന്ന് അറിയാതെ ഏറ്റുവാങ്ങുന്നതും സൂക്ഷിക്കുന്നതും എത്രത്തോളം വലിയ അപകടങ്ങളിലേക്ക് നയിക്കാമെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kelikala samskarika vedhi helped the jail release of indian
Next Story