Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേളി 'വസന്തം 2023'...

കേളി 'വസന്തം 2023' സമാപനോത്സവം വെള്ളിയാഴ്ച റിയാദിൽ; അറേബ്യൻ വടംവലി മത്സരം മുഖ്യാകർഷണം

text_fields
bookmark_border
keli 202389
cancel

റിയാദ്: കേളി കലാ സാംസ്കാരികവേദി രണ്ടാഴ്ചയായി നടത്തിവരുന്ന 'വസന്തം 2023' എന്ന പരിപാടിയുടെ സമാപനോത്സവം മേയ് 19 വെള്ളിയാഴ്ച റിയാദിൽ നടക്കും. വിവിധ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അറേബ്യൻ വടംവലി മത്സരം ഉൾപ്പടെ വ്യത്യസ്ത പരിപാടികൾക്ക് 'വസന്തം 2023' വേദിയാകുമെന്ന് കേളി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

റിയാദിലെ അൽഹയ്ർ അൽ ഒവൈദ ഫാം ഹൗസിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ സംഘടിപ്പിക്കുന്ന അറേബ്യൻ വടംവലി മത്സരത്തിൽ യു.എ.ഇ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾക്ക് പുറമെ സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള ടീമുകളും പങ്കെടുക്കും. റിയാദ് ഇന്ത്യൻ വടംവലി അസോസിയേഷന്‍റെ (റിവ) റഫറി പാനലാണ് മത്സരം നിയന്ത്രിക്കുക.

സ്പോര്‍ട്ടിംങ് എഫ്.സി റിയാദ്, ടീം റിബെല്‍സ് റിയാദ്, കേളി മലാസ് ഏരിയ ടീം, മോഡേണ്‍ കനിവ് റിയാദ്, ഡെക്കാന്‍ കെ.എസ്.വി റിയാദ്, ദുബൈ കടപ്പുറം തകസുസ്സി റിയാദ്, ആഹാ സെവൻസ് കല്ലൂസ് ദമ്മാം, ആഹാ കുവൈത്ത് ബ്രദര്‍ (എ.കെ.ബി), സാക് ഖത്തര്‍, ടീം യു.എ. ഇ എന്നീ ടീമുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. രജിസ്‌ട്രേഷൻ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് അവസാനിക്കും. മത്സരത്തിന് രജിസ്റ്റർ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുരേഷ് കണ്ണപുരം (+966 502878719), ഷറഫ് പന്നിക്കോട് (+966 502931006), ഹസ്സൻ പുന്നയൂർ (+966 505264025) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

ട്രോഫികൾക്ക് പുറമെ വലിയ സമ്മാനത്തുകയാണ് വിജയികളെ കാത്തിരിക്കുന്നതെന്നും ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്നത് മുതൽ ടീമുകൾക്ക് സമ്മാനങ്ങളും പ്രൈസ് മണികളും ലഭിക്കുമെന്നും സംഘാടകർ അറിയിച്ചു. കേളി ബദിയ ഏരിയ കമ്മിറ്റിയാണ് റണ്ണറപ്പിനുള്ള പ്രൈസ് മണി സ്പോൺസർ ചെയ്തിരിക്കുന്നത്. 530 കിലോ വിഭാഗത്തിൽ ഏഴ് ആളുകളെവരെ ഉൾപ്പെടുത്തിയായിരിക്കും മത്സരം. ഓരോ മത്സരത്തിന് മുമ്പും തൂക്കം തിട്ടപ്പെടുത്തുന്നതായിരിക്കും. ആർ.വി.സി.സി റിയാദ് വില്ലാസാണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.

വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതൽ ആരംഭിക്കുന്ന കായിക പരിപാടികളിൽ ഷൂട്ട്ഔട്ട്, കുട്ടികൾക്കായി ലെമൺ ഗാതറിങ്, മിട്ടായി പെറുക്കൽ, തവള ചാട്ടം, മുതിർന്നവർക്കായി ചാക്കിലോട്ടം, വട്ടം കറക്കി ഓട്ടം, തലയിണയടി, സ്ത്രീകൾക്കായി ഗ്ലാസ് അറേഞ്ചിംങ്, ഉറിയടി കൂടാതെ കേരളത്തിന്‍റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന തരത്തിൽ കേളിയുടെ വിവിധ ഏരിയ കമ്മിറ്റികളുടെയും കേളി കുടുംബവേദിയുടെയും പ്രവർത്തകർ അണിനിരക്കുന്ന സാംസ്കാരിക ഘോഷയാത്രയും അരങ്ങേറും.

കെ.പി.എം സാദിഖ് (കേളി രക്ഷാധികാരി സമിതി സെക്രട്ടറി), സാലു (ഓപ്പറേഷൻ മാനേജർ റിയാദ് വില്ലാസ്), ജോസഫ് ഷാജി (കേളി ട്രഷറര്‍), ടി.ആർ. സുബ്രഹ്മണ്യൻ (വസന്തം 2023 സംഘാടക സമിതി ചെയര്‍മാന്‍), സെബിൻ ഇഖ്ബാൽ (കേളി പ്രസിഡന്‍റ്), സുരേഷ് കണ്ണപുരം (കേളി സെക്രട്ടറി), ഷാജി റസാഖ് (വസന്തം 2023 സംഘാടക സമിതി കണ്‍വീനര്‍) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KeliVasantham 2023
News Summary - Keli 'Vasantham 2023' closing ceremony in Riyadh on Friday
Next Story