കേളി വസന്തത്തിനു കുളിരേകി സൗദി പാട്ടുകൂട്ടം
text_fieldsകേളി കലാസാംസ്കാരിക വേദി സംഘടിപ്പിച്ച 'വസന്തം 2023'ലെ സൗദി പാട്ടുകൂട്ടം പരിപാടിയിൽ നിന്ന്.
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ അരങ്ങേറിയ ‘വസന്തം 2023’ന് കുളിരേകി സൗദി പാട്ടുകൂട്ടത്തിന്റെ നാടൻ പാട്ടുകളും ദൃശ്യവിസ്മയങ്ങളും. പ്രവാസ ഭൂമികയിൽ നാടൻ പാട്ടിനെയും നാടൻ കലകളെയും ജനകീയമാക്കുന്നതിനു രൂപം കൊണ്ട സൗദി പാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ അരങ്ങേറിയ കലാ പ്രകടനങ്ങൾ പ്രവാസികൾക്ക് ഗൃഹാതുരത്വം തുളുമ്പുന്ന ദൃശ്യവിരുന്നായി.
റിയാദ് എക്സിറ്റ് 18ലെ അൽ വലീദ് ഓഡിറ്റോറിയത്തിൽ അരങ്ങേറിയ സൗദി പാട്ടുകൂട്ടത്തിന്റെ കലാപ്രകടനങ്ങൾക്ക് കോഓഡിനേറ്റർമാരായ മനാഫ് പാലക്കാട്, പ്രവീൺ സുശീലൻ, സൗദി പാട്ടുകൂടം സ്ഥാപകൻ പോൾ വർഗീസ് എന്നിവർ നേതൃത്വം നൽകി. പ്രശസ്ത നാടൻപാട്ട് ഗായകൻ സന്തു സന്തോഷിന്റെ നേതൃത്വത്തിൽ അനീഷ് കുമാർ, ഷാനു റഹ്മാൻ, മനു, സരിത റോബിൻസൺ, അനില ദീപു, ബേബി ശ്രേയ എന്നിവർ നാടൻ പാട്ടിന്റെയും, മാപ്പിള പാട്ടുകളുടെയും പാലാഴി തീർത്തു.
പരുന്താട്ടവുമായി സബീൻ ഗോപിയും, പൊട്ടൻ തെയ്യവുമായി ഷിബി കുമാറും, തെയ്യവുമായി അനിൽ കുമാറും, നൃത്ത ചുവടുകളുമായി ഷീജ ബിനോയും ദൃശ്യ വിരുന്നൊരുക്കി. മാസ്റ്റർ റോയ് ( കീ ബോർഡ്), മാത്യൂസ് (വീക്കൻ ചെണ്ട), രമേശ് (കുടം ആൻഡ് ചിഞ്ചിലം), സരീഷ് (റിതം), മാസ്റ്റർ ആൽവിൻ (ഡ്രംസ്), അദ്നാൻ (ധോലക്), കലേഷ് (ചെണ്ട), ഹരികുമാർ (തകിൽ), തോമസ്, കൃഷ്ണൻ (ഗഞ്ചിറ), ചാൾസ് (കാമറ), പ്രവീൺ ജഗൻ, ബിജു മാത്യു, ജയൻ, മനോജ്, ജിതേഷ് എന്നിവർ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കി.