കേളി സുലൈ ഏരിയ ഈദ്-ഓണം ആഘോഷം
text_fieldsകേളി സുലൈ ഏരിയയുടെ ഈദ്-ഓണം ആഘോഷം ജോസഫ് അതിരുങ്കൽ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ ഈദ്-ഓണം വിപുലമായി ആഘോഷിച്ചു. റിയാദ് എക്സിറ്റ് 18ലെ വലീദ് ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ അരങ്ങേറിയത്. കുടുംബവേദിയിലെ സ്ത്രീകളും കുട്ടികളും അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ, വർണാഭമായ കലാപരിപാടികൾ, സൂഫിനൃത്തം, മലസ് ഏരിയ പ്രസിഡന്‍റും മജീഷ്യനുമായ നൗഫൽ പൂവക്കുറിശ്ശി അവതരിപ്പിച്ച മാജിക് ഷോ, പ്രവർത്തകരുടെ വിവിധയിനം കലാപരിപാടികൾ എന്നിവ ആഘോഷങ്ങളുടെ ഭാഗമായിരുന്നു.
പ്രവർത്തകർ ഒരുക്കിയ പൂക്കളവും മാവേലിയും വാദ്യമേളവും കേരളീയ രുചിക്കൂട്ടുകൾകൊണ്ട് സമ്പന്നമായ ഓണസദ്യയും ആഘോഷങ്ങൾക്ക് കൊഴുപ്പേകി. ഓണാഘോഷത്തിന്‍റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ, സംഘാടകസമിതി വൈസ് ചെയർമാൻ സൈഫുദ്ദീൻ ആമുഖ പ്രസംഗം നടത്തി. സുലൈ ഏരിയ പ്രസിഡന്‍റ് ജോർജ് അധ്യക്ഷത വഹിച്ചു.
സാംസ്‌കാരിക സമ്മേളനം എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ ഉദ്ഘാടനം ചെയ്തു. ഭിന്നിപ്പിന്റെ സ്വരം ചില കോണുകളിൽനിന്ന് ഉയർന്നുവരുന്ന സാഹചര്യത്തിൽ, ബഹുസ്വരതയുടെ മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു ജാതി, മത, വർണ, വർഗ വ്യത്യാസമില്ലാതെ ഒരുമയുടെ പരിപാടി സംഘടിപ്പിച്ച സംഘാടകരെ ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിനന്ദിച്ചു.
രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സുരേന്ദ്രൻ കൂട്ടായി, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി സമിതിയംഗം ഷമീർ കുന്നുമ്മൽ, സെക്രട്ടേറിയറ്റ് മെംബർ കാഹിം ചേളാരി, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, അനൂപ് ചന്ദ്രൻ, ഷാഫി എന്നിവർ സംസാരിച്ചു.
പ്രോഗ്രാം കൺവീനർ വിനയൻ, സീബ കൂവോട് എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. പരിപാടികൾ അവതരിപ്പിച്ച മുഴുവൻ കലാകാരന്മാർക്കും ഉപഹാരങ്ങൾ വിതരണവും ചെയ്തു. ഏരിയ ആക്ടിങ് സെക്രട്ടറിയും സംഘടക സമിതി കൺവീനറുമായ ഷറഫ് ബാബ്തൈൻ സ്വാഗതവും റിജേഷ് രയരോത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

