കേളി സാഹിത്യോത്സവം; ഗാന്ധി ചിന്തിയ രക്തമാണ് ഇന്ത്യൻ മതനിരപേക്ഷതയെ സംരക്ഷിച്ചത് -സുനിൽ പി. ഇളയിടം
text_fieldsകേളി സാഹിത്യോത്സവത്തിൽ സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തുന്നു
റിയാദ്: ഗാന്ധി ചിന്തിയ രക്തമാണ് ഇന്ത്യൻ മതനിരപേക്ഷതയെയും ജനാധിപത്യ മൂല്യങ്ങളെയും ദശാബ്ദങ്ങളോളം നിലനിറുത്തിയതെന്ന് പ്രമുഖ സാഹിത്യ-സാംസ്കാരിക വിമർശകനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം പറഞ്ഞു. കേളി കലാസാംസ്കാരിക വേദി സിൽവർ ജൂബിലിയുടെ ഭാഗമായി റിയാദിൽ സംഘടിപ്പിച്ച സാഹിത്യോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.1948ൽ ഗാന്ധി വധിക്കപ്പെട്ടപ്പോൾ ചിന്തിയ രക്തം, 50 വർഷത്തിലേറെയായി ഇന്ത്യൻ അധികാര ഘടനകളിൽനിന്നും വർഗീയതയെ അകറ്റി നിർത്താൻ ശക്തമായ പ്രതിരോധമായി പ്രവർത്തിച്ചുവെന്ന് സുനിൽ പി. ഇളയിടം ചൂണ്ടിക്കാട്ടി. എന്നാൽ ആ ഗാന്ധിയൻ പൈതൃകത്തെ പൂർണമായും ഇല്ലാതാക്കാനുള്ള സംഘടിത ശ്രമങ്ങളാണ് ഇന്ന് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുഇടങ്ങളിൽ നിന്നുമാത്രമല്ല, രാഷ്ട്രീയ-സാംസ്കാരിക ബോധത്തിൽനിന്നും പോലും ഗാന്ധിയെ പുറന്തള്ളാനുള്ള ശ്രമത്തിലാണ് വർഗീയ ശക്തികൾ എന്ന് അദ്ദേഹം വിമർശിച്ചു.ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറയായ ഭരണഘടനയും മതനിരപേക്ഷതയും തുടർച്ചയായി അക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ, ഗാന്ധിയൻ മൂല്യങ്ങളുടെ രാഷ്ട്രീയ പുനർവായന അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി ഒരു ചരിത്രസ്മാരകമല്ല, മറിച്ച് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നിർണായക പ്രതിരോധ ചിഹ്നമാണെന്നും ഇളയിടം വ്യക്തമാക്കി.സുനിൽ പി. ഇളയിടത്തിനൊപ്പം മാധ്യമ പ്രവർത്തകൻ ഡോ. അരുൺ കുമാറും സാഹിത്യകാരി ദീപാ നിശാന്തും പങ്കെടുത്ത ആദ്യ സെഷനിൽ ‘ആധുനിക കാലത്തെ വായന, മാധ്യമം, നവമാധ്യമം- പ്രസക്തിയും സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ പാനൽ ചർച്ച നടന്നു. വിപിൻ കുമാർ മോഡറേറ്ററായ ചർച്ചയിൽ, മാധ്യമങ്ങളിലൂടെ വർഗീയതയും അധികാര
രാഷ്ട്രീയവും എങ്ങനെ സാധാരണവത്കരിക്കപ്പെടുന്നു എന്നതടക്കമുള്ള വിഷയങ്ങൾ ശക്തമായ ചർച്ചയായി. തുടർന്ന് ‘ഭരണഘടന, ജനാധിപത്യ മൂല്യങ്ങൾ, മാധ്യമങ്ങൾ’ എന്ന വിഷയത്തിൽ ഡോ. അരുൺ കുമാറുമായി എം.എം. നയീം സംവദിച്ചു. ‘ഇന്ത്യൻ മതനിരപേക്ഷതയുടെ വീണ്ടെടുപ്പും കേരള ബദലും’ എന്ന വിഷയത്തിൽ സുനിൽ പി. ഇളയിടവുമായി വിപിൻ കുമാറും, ‘മാറുന്ന സ്ത്രീ സമൂഹത്തിലും സാഹിത്യത്തിലും’ എന്ന വിഷയത്തിൽ ദീപാ നിശാന്തുമായി സീബാ കൂവോടും സംവേദനം നടത്തി.
റിയാദ് ബദിഅയിലെ മാർക്ക് ആൻഡ് സേവ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സാഹിത്യോത്സവത്തിന്റെ സമാപന സമ്മേളനം സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഷാജി റസാക്ക് ആമുഖ പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷതവഹിച്ചു. ഡോ. അരുൺ കുമാർ, ദീപാ നിശാന്ത്, കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, ന്യൂ ഏജ് രക്ഷാധികാരി സെക്രട്ടറി മുഹമ്മദ് സാലി, കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട് എന്നിവർ ആശംസകൾ നേർന്നു. സുരേഷ് കണ്ണപുരം, ജോസഫ് ഷാജി, ഗഫൂർ ആനമങ്ങാട്, സുനിൽ കുമാർ, മധു ബാലുശ്ശേരി, രജീഷ് പിണറായി എന്നിവർ അതിഥികൾക്കും മോഡറേറ്റർമാർക്കും ഫലകങ്ങൾ കൈമാറി. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സംഘാടക സമിതി കൺവീനർ സുനിൽ കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

