കേളി കുടുംബവേദി ‘ജ്വാല അവാര്‍ഡ് 2023’ ബിന്ദു സാബുവിനും ഖദീജ നിസക്കും
text_fieldsകേളി കുടുംബവേദി ‘ജ്വാല 2023’ അവാർഡുകൾ സെക്രട്ടറി സീബ കൂവോട്, ബിന്ദു സാബുവിനും പ്രസിഡൻറ് പ്രിയ വിനോദ്, ഖദീജ നിസക്കുവേണ്ടി പിതാവ് ലത്തീഫ് കോട്ടൂരിനും സമ്മാനിക്കുന്നു
റിയാദ്: കേളി കുടുംബവേദി അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച അവാര്‍ഡുകള്‍ വിതരണം ചെയ്തു. വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ ആദരിക്കുന്ന പ്രഥമ ജ്വാല അവാർഡിന് ബിന്ദു സാബുവും ഖദീജ നിസയും അർഹരായി. റിയാദ് അൽഹൈറിലെ അല്‍ ഉവൈദ ഓഡിറ്റോറിയത്തിൽ ‘ജ്വാല 2023’ എന്ന പേരിൽ നടന്ന വനിതദിന പരിപാടിയില്‍ വെച്ചാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.
പരിപാടി ദമ്മാം നവോദയ കുടുംബവേദി കേന്ദ്ര വൈസ് പ്രസിഡൻറ് ഷാഹിദ ഷാനവാസ് ഉദ്ഘാടനം ചെയ്തു. കുടുബവേദി പ്രസിഡൻറ് പ്രിയ വിനോദ് അധ്യക്ഷത വഹിച്ചു. ആകസ്മികമായി സംഭവിച്ച ശാരീരിക പരിമിതികളോട് നിശ്ചയദാർഢ്യം കൊണ്ടും കഠിനാധ്വാനം കൊണ്ടും പോരാടി വിജയിച്ച ധീരവനിത എന്ന നിലയിലാണ് നൃത്താധ്യാപികയും പ്രചോദക പ്രഭാഷകയുമായി ബിന്ദു സാബു ജ്വാല അവാര്‍ഡിന് അര്‍ഹയായത്. സൗദി ദേശീയ ഗെയിംസിൽ ബാഡ്മിൻറൺ വനിത വ്യക്തിഗത ചാമ്പ്യൻഷിപ്പിൽ സ്വര്‍ണമെഡല്‍ നേടിയതിനാണ് ഖദീജ നിസയെ അവാർഡിന് തിരഞ്ഞെടുത്തത്.
കുടുബവേദി സെക്രട്ടറി സീബ കൂവോട് ബിന്ദു സാബുവിനും പ്രസിഡൻറ് പ്രിയ വിനോദ്, ഖദീജ നിസക്കുവേണ്ടി പിതാവ് ലത്തീഫ് കോട്ടൂരിനും അവാര്‍ഡുകള്‍ കൈമാറി. സിന്ധു സോമന്റെ ദേവിക നൃത്തകലാക്ഷേത്ര, റീന കൃഷ്ണകുമാറിന്റെ ചിലങ്ക ഡാൻസ് ആൻഡ് മ്യൂസിക് എന്നീ നൃത്ത വിദ്യാലയങ്ങളിലെ വനിതകളും കുട്ടികളും അവതരിപ്പിച്ച വിവിധ നൃത്തരൂപങ്ങള്‍ സദസ്സിന് ഹരം പകർന്നു. അനാമിക രാജ് അവതരിപ്പിച്ച കനൽപ്പൊട്ട് എന്ന കവിതയുടെ ദൃശ്യാവിഷ്കാരവും സിന്ധു ഷാജി അവതരിപ്പിച്ച ട്രാൻസ്ജെൻഡർ വിഷയവുമായി ബന്ധപ്പെട്ട ഏകപാത്ര അഭിനയവും വേറിട്ടതായി. കണ്ണൂര്‍ സീനത്തും റിയാദിലെ പ്രമുഖ ഗായകരും ചേര്‍ന്നൊരുക്കിയ സംഗീത സായാഹ്നം സംഗീത വിരുന്നായി.
സംഘാടക സമിതി കൺവീനർ ശ്രീഷ സുകേഷ്, ചെയർപേഴ്സൻ ഗീത ജയരാജ്, സംഘാടക സമിതി അംഗങ്ങളായ ജി.പി. വിദ്യ, ഫസീല മുള്ളൂർക്കര, ദീപ ജയകുമാർ, വി.എസ്. സജീന, സിജിൻ കൂവള്ളൂർ, ജയരാജ്, സുകേഷ് കുമാർ, നീന, ഷിനി നസീർ, നസീർ മുള്ളൂർക്കര, അനിരുദ്ധൻ, കേളി സെക്രട്ടേറിയറ്റ് അംഗം മധു ബാലുശ്ശേരി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ബിജു തായമ്പത്ത്, ഷാജി റസാഖ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ചടങ്ങിൽ പങ്കെടുത്തു. കുടുംബവേദി സെക്രട്ടറി സീബ കൂവോട് സ്വാഗതവും സംഘാടക സമിതി കൺവീനർ ശ്രീഷ സുകേഷ് നന്ദിയും പറഞ്ഞു.