ചരിത്രം കുറിച്ച് സൗദിയിലെ ഏറ്റവും വലിയ രക്തദാനം; ഒറ്റദിവസം 1428 രക്തദാതാക്കൾ
text_fieldsറിയാദ് ബ്ലഡ് ബാങ്ക് റീജനൽ ഡയറക്ടർ ഖാലിദ് സൗബി കേളി സെക്രട്ടറി സുരേഷ് കണ്ണപുരത്തിന് സർട്ടിഫിക്കറ്റ് സമ്മാനിക്കുന്നു
റിയാദ്: സൗദിയിലെ ഏറ്റവും വലിയ രക്തദാന പരിപാടി സംഘടിപ്പിച്ച് കേളി കലാസാംസ്കാരിക വേദി ചരിത്രംകുറിച്ചു. കേളി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അഞ്ചു കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച ക്യാമ്പിൽ 1428 പേർ പങ്കാളികളായി. സൗദി ആരോഗ്യ മന്ത്രാലയം, ലുലു ഹൈപ്പർമാർക്കറ്റ് എന്നിവയുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
മലയാളികൾക്ക് പുറമെ ഇതര സംസ്ഥാനക്കാർ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ, യമൻ, സിറിയ, പലസ്തീൻ, സുഡാൻ, ജോർഡൻ എന്നീ രാജ്യക്കാരും സൗദി പൗരന്മാരും രക്തദാനത്തിൽ പങ്കാളികളായി.
രാവിലെ ഒമ്പതിന് ആരംഭിച്ച റിയാദിലെ ക്യാമ്പ് വൈകിട്ട് ഏഴിന് അവസാനിച്ചു. ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ വിവിധ ആശുപത്രിയിൽനിന്നുള്ള 56 സ്റ്റാഫുകൾക്ക് പുറമെ രജിസ്ട്രേഷൻ വിഭാഗത്തിൽ കേളിയുടെ 22 മെംബർമാരും വളന്റിയർമാരായി 90 പേരും പ്രവർത്തിച്ചു. സംഘാടക സമിതി ചെയർമാൻ നസീർ മുള്ളൂർക്കര, ജോയിന്റ് കൺവീനർ നാസർ പൊന്നാനി എന്നിവർ നേതൃത്വം നൽകി. 1139 പേരുടെ രക്തം ശേഖരിച്ചു.
അൽഖർജ് എരിയയിൽ നടത്തിയ ക്യാമ്പിന് ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ, പ്രസിഡന്റ് ഷബി അബ്ദുൽ സലാം, ആക്ടിങ് സെക്രട്ടറി റാഷിദ് അലി എന്നിവർ നേതൃത്വം നൽകി.
രാവിലെ ഒമ്പതിന് ആരംഭിച്ച ക്യാമ്പ് വൈകിട്ട് അഞ്ച് വരെ നീണ്ടുനിന്നു. ഒരേസമയം ആറുപേരുടെ രക്തം ശേഖരിക്കാവുന്ന മൊബൈൽ യൂനിറ്റായിരുന്നു അൽഖർജിൽ എത്തിയിരുന്നത്. 103 പേരുടെ രക്തം സ്വീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ ഒമ്പത് അംഗങ്ങളും കേളിയുടെ 22 വളന്റിയർമാരായും പ്രവർത്തിച്ചു. അൽ ഖർജ് കിങ് ഖാലിദ് ആശുപത്രിയിലെ ബ്ലഡ് ബാങ്ക് കോഓഡിനേറ്റർ അബ്ദുല്ല മെഡിക്കൽ ടീമിനെ നയിച്ചു.
ദവാദ്മിയിൽ സമ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ക്യാമ്പിന് യൂനിറ്റ് രക്ഷാധികാരി സമിതി അംഗങ്ങളായ ഉമർ, രാജേഷ്, മുജീബ്, ബിനു ജീവകാരുണ്യ കമ്മിറ്റി ചെയർമാൻ റാഫി എന്നിവർ നേതൃത്വം നൽകി. 70 പേരുടെ രക്തം സ്വീകരിച്ചു.
ദവാത്മി ജനറൽ ആശുപത്രിയിലെ ഒമ്പത് അംഗ ടീമിനെ പി.ആർ.ഒ മലാഹി നയിച്ചു. അൽഖുവയ്യ യൂനിറ്റിൽ നടന്ന ക്യാമ്പിന് പ്രസിഡന്റ് നൗഷാദ്, സെക്രട്ടറി അനീഷ് അബൂബക്കർ എന്നിവർ നേതൃത്വം നൽകി.
അൽഖുവയ്യ ജനറൽ ആശുപത്രിയിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ഉച്ചക്കുശേഷം മൂന്നിന് ആരംഭിച്ച ക്യാമ്പ് രാത്രി 10 വരെ നീണ്ടുനിന്നു. 32 യൂനിറ്റ് രക്തം ശേഖരിച്ചു.
മജ്മഅയിൽ കിങ് ഖാലിദ് ആശുപത്രിയുടെയും നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കേളി മജ്മഅ യൂനിറ്റ് പ്രസിഡന്റ് ബാലകൃഷ്ണൻ, സെക്രട്ടറി പ്രതീഷ്, ട്രഷറർ രാധാകൃഷ്ണൻ, കുടുംബ വേദി അംഗം ശരണ്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 12 അംഗ മെഡിക്കൽ ടീമിനെ ബ്ലഡ് ബാങ്ക് സൂപ്പർവൈസർ ഖാലിദ്, സാല റഷീദി എന്നിവർ നയിച്ചു. 70 പേരുടെ രക്തം സ്വീകരിച്ചു.
റിയാദിൽ നടന്ന സമാപന ചടങ്ങിൽ പ്രസിഡന്റ് സെബിൻ ഇക്ബാൽ അധ്യക്ഷതവഹിച്ചു. നസീർ മുള്ളൂർക്കര ആമുഖപ്രസംഗം നടത്തി. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. റിയാദ് ബ്ലഡ് ബാങ്ക് റീജനൽ ഡയറക്ടർ ഖാലിദ് സൗബി, സെൻട്രൽ ഡയർക്ടർ അബ്ദുല്ലത്തീഫ് അൽ ഹാരിസി, സൂപ്പർ വൈസർ മുഹമ്മദ് ബത്ത അൽ അനസ്, കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, സുരേന്ദ്രൻ കൂട്ടായി, സീബാ കൂവോട്, ലുലു മലസ് മാർക്കറ്റിംഗ് മാനേജർ ഖാലിദ് ഹംദാൻ എന്നിവർ സംസാരിച്ചു.
റിയാദ് ബ്ലഡ് ബാങ്ക് കേളിക്ക് നൽകിയ ഫലകങ്ങളും സർട്ടിഫിക്കറ്റും റീജനൽ ഡയറക്ടറിൽനിന്നും കേളി സെക്രട്ടറിയും പ്രസിഡന്റും ചേർന്ന് ഏറ്റുവാങ്ങി. നാസർ പൊന്നാനി നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.