ബാലമുരുകന് കൈത്താങ്ങായി കേളി
text_fieldsടിക്കറ്റും യാത്രാരേഖകളും ബാലമുരുകന് കൈമാറുന്നു
റിയാദ്: സ്പോൺസർ മരിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ തമിഴ്നാട് സ്വദേശി ബാലമുരുകന് കേളി കലാസാംസ്കാരിക വേദി തുണയായി. കഴിഞ്ഞ നാലുവർഷമായി റിയാദിലെ ഫാത്തിമ സഹ്റയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു തിരുവണ്ണാമലൈ സ്വദേശി ബാലമുരുകൻ.
നാലുമാസം മുമ്പ് സ്പോൺസറുടെ പെട്ടെന്നുള്ള മരണം ബാലമുരുകനെ പ്രതിസന്ധിയിലാക്കുകയായിരുന്നു. കുട്ടികളില്ലാത്ത സ്പോൺസറുടെ രണ്ട് സഹോദരിമാരാണ് പിന്നീട് കാര്യങ്ങൾ നോക്കിയിരുന്നത്. ബാലമുരുകന് ജോലി നൽകുന്നതിനോ രേഖകൾ ശരിയാക്കി തിരിച്ച് നാട്ടിലേക്ക് അയക്കുന്നതിനോ സ്പോൺസറുടെ ബന്ധുക്കളോ മറ്റോ തയാറായില്ല. മാത്രമല്ല സ്പോൺസറുടെ കൈവശമുണ്ടായിരുന്ന പാസ്പോർട്ട് പോലും തിരികെ നൽകിയില്ല.
ഭക്ഷണവും ശമ്പളവും ഇല്ലാതെ കഴിയേണ്ടിവന്ന ബാലമുരുകൻ സഹായം തേടി കേളിയെ സമീപിക്കുകയായിരുന്നു. മലസ് ഏരിയ ജീവകാരുണ്യ വിഭാഗം വിഷയം ഏറ്റെടുക്കുകയും എംബസിയുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കുകയും ചെയ്തു.
താമസസൗകര്യങ്ങളും ഭക്ഷണവും സുഹൃത്തുക്കൾ നൽകി. വിഷയം പരിഹരിക്കുന്നതിന് മൂന്ന് മാസത്തോളം സമയമെടുത്തു. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ രേഖകൾ ശരിയാക്കി. മടക്കയാത്രക്കുള്ള ടിക്കറ്റും കേളി കേന്ദ്രകമ്മിറ്റി നൽകി. ഏരിയ ആക്ടിങ് പ്രസിഡൻറ് മുകുന്ദന്റെ സാന്നിധ്യത്തിൽ ജീവകാരുണ്യ വിഭാഗം ഏരിയ കൺവീനർ പി.എൻ.എം. റഫീഖ് ബാലമുരുകന് ടിക്കറ്റും യാത്രരേഖകളും കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

