കേളി വിദ്യാഭ്യാസ പുരസ്കാരം: കാസർകോട് ജില്ലയിൽ വിതരണം ചെയ്തു
text_fieldsകേളി വിദ്യാഭ്യാസ പുരസ്കാര വിതരണോദ്ഘാടനം കാസർകോട് ജില്ലയിൽ സി.പി.എം തൃക്കരിപ്പൂർ സൗത്ത് ലോക്കൽ സെക്രട്ടറി എം.കെ. കുഞ്ഞികൃഷ്ണൻ നിർവഹിക്കുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെയും കുടുംബവേദിയുടെയും അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാരം കാസർകോട് ജില്ലയിൽ വിതരണം ചെയ്തു. തൃക്കരിപ്പൂർ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ ലോക്കൽ സെക്രട്ടറി എം.കെ. കുഞ്ഞികൃഷ്ണൻ ഫലകം കൈമാറി. ജില്ലയിൽ 10ാം ക്ലാസ് വിജയികളായ ദൃശ്യ പ്രഭാകരൻ, എ. ഫാത്തിമ, കെ. സജിന എന്നീ കുട്ടികളാണ് പുരസ്കാരത്തിനർഹരായത്.
ഉളിയം ബ്രാഞ്ച് സെക്രട്ടറി ബിജു അധ്യക്ഷത വഹിച്ചു. നാരായണൻ കയ്യൂർ സ്വാഗതം പറഞ്ഞു. വാർഡ് മെംബർ സുധീഷ്, ലോക്കൽ കമ്മിറ്റി അംഗം പ്രകാശൻ എന്നിവർ സംസാരിച്ചു. 10ാം ക്ലാസിലും പ്ലസ് ടുവിലും തുടർപഠനത്തിന്ന് യോഗ്യത നേടിയ കേളി അംഗങ്ങളുടെ കുട്ടികൾക്ക് തുടർപഠനത്തിന് പ്രോത്സാഹനം നൽകുന്നതിനായി ഏർപ്പെടുത്തിയതാണ് കേളി എജുക്കേഷനൽ ഇൻസ്പിരേഷൻ അവാർഡ് (കിയ). ഫലകവും കാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്കാരം. 10ാം ക്ലാസ് വിഭാഗത്തിൽ 129, പ്ലസ് ടു വിഭാഗത്തിൽ 99 എന്നിങ്ങനെ 228 കുട്ടികളാണ് ഈ അധ്യയനവർഷം പുരസ്കാരത്തിന് അർഹരായത്.

