കേളി ദിനം ആദ്യഘട്ട ആഘോഷം സമാപിച്ചു
text_fields‘കേളി ദിനം 2024’ സാംസ്കാരിക സമ്മേളനം ഡോ. കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ 23ാം വാർഷികത്തിന്റെ ഒന്നാം ഘട്ടം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. റിയാദ് ശിഫയിലെ റിമാസ് ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതോടെ ആരംഭിച്ച പരിപാടികൾ രാത്രി ഒന്നുവരെ നീണ്ടു.
രണ്ട് ഓഡിറ്റോറിയങ്ങളിലായി തിങ്ങി നിറഞ്ഞ പ്രവാസി സമൂഹത്തെ സാക്ഷിനിർത്തി കേളി കലാകാരന്മാർ അവതരിപ്പിച്ച വിസ്മയക്കാഴ്ചകൾ ഒന്നിനൊന്ന് മികച്ചതായി. പഴയതും പുതിയതുമായ കേരളീയ കലാരൂപങ്ങളും പുത്തൻ തലമുറകളുടെ അഭിരുചിക്കനുസരിച്ചുള്ള കലകളും കോർത്തിണക്കി കേളി കുടുംബ വേദി അംഗങ്ങൾ അരങ്ങുതകർത്തു.
കേളിയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ വരച്ചുകാട്ടിയ ചിത്ര പ്രദർശനം പ്രധാന വേദിയുടെ കവാടത്തിൽ ഒരുക്കിയിരുന്നു. വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനം ദേശാഭിമാനി വാരിക പത്രാധിപരും സാഹിത്യകാരനുമായ ഡോ. കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. കേളി പ്രസിഡൻറ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ സുരേന്ദ്രൻ കൂട്ടായ് ആമുഖ പ്രസംഗം നടത്തി.
രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സമിതി അംഗങ്ങളായ ജോസഫ് ഷാജി, ടി.ആർ. സുബ്രഹ്മണ്യൻ, കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, പ്രസിഡൻറ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ്, റിയാദ് മീഡിയ ഫോറം പ്രതിനിധി ജയൻ കൊടുങ്ങല്ലൂർ, ലോകകേരള സഭാ അംഗം ഇബ്രാഹിം സുബ്ഹാൻ, ജോസഫ് അതിരുങ്കൽ, നവയുഗം സെക്രട്ടറി വിനോദ്, ഐ.പി. ഉസ്മാൻ കോയ തുടങ്ങിയവർ സംസാരിച്ചു.
സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സംഘാടക സമിതി കൺവീനർ മധു ബാലുശ്ശേരി നന്ദിയും പറഞ്ഞു. മലാസ്, ന്യൂ സനാഇയ്യ, സനാഇയ്യ അർബഹീൻ ഏരിയ കമ്മിറ്റികൾ അവതരിപ്പിച്ച നാടകങ്ങൾ, നിരവധി ക്ലാസിക്കൽ - സെമി ക്ലാസിക്കൽ നൃത്തങ്ങൾ, സിനിമാറ്റിക് ഡാൻസ്, മ്യൂസിക് ചെയിൻ പ്രോഗ്രാം, നാടൻ പാട്ടുകൾ, കുടുംബവേദിയിലെ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ നൃത്ത - കലാരൂപങ്ങൾ, നസീം ഏരിയകമ്മിറ്റി അവതരിപ്പിച്ച വില്ലുവണ്ടി ആവിഷ്കാരം, ബത്ഹ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അറബിക് ഡാൻസ്, ഒപ്പന, സുലൈ ഏരിയകമ്മിറ്റി അവതരിപ്പിച്ച സൂഫി ഡാൻസ് കൂടാതെ അൽഖർജ്, അസീസിയ, ഉമ്മുൽ ഹമാം, റൗദ ഏരിയകമ്മിറ്റികൾ അവതരിപ്പിച്ച നിരവധി കലാരൂപങ്ങൾ, ഇ.കെ. രാജീവൻ, സീബ കൂവോട്, ബേബി ചന്ദ്രകുമാർ എന്നിവരുടെ നേതൃത്വത്തിൽ ന്യൂ സനാഇയ്യ ഏരിയ അവതരിപ്പിച്ച കേരളീയ കലാരൂപങ്ങളെ കോർത്തിണക്കിയുള്ള കേരളീയം പരിപാടി എന്നിവ അരങ്ങേറി. തുടർന്ന് റിയാദിലെ കലാകാരന്മാർ ഒരുക്കിയ ഗാനമേള മൂന്ന് മണിക്കൂറോളം നീണ്ടു.
23ാം വാർഷികം രണ്ട് ഘട്ടങ്ങളിലായാണ് ആഘോഷിക്കുന്നതെന്ന് സംഘാടക സമിതി ചെയർമാൻ സുരേന്ദ്രൻ കൂട്ടായിയും കൺവീനർ മധു ബാലുശ്ശേരിയും പറഞ്ഞു. രണ്ടാം ഘട്ടം ഏപ്രിൽ 19ന് നാട്ടിൽ നിന്നുള്ള പ്രമുഖ കലാകാരന്മാരെ ഉൾപ്പെടുത്തി മലസ് ലുലു ഹൈപ്പർമാർക്കറ്റിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

