പി. കൃഷ്ണപിള്ളയുടെ പോരാട്ടപാരമ്പര്യം ഉയർത്തിപ്പിടിക്കണം -കേളി
text_fieldsകേളി പി. കൃഷ്ണപിള്ള അനുസ്മരണ പരിപാടിയിൽ സീബാ കൂവോട് അനുസ്മരണ കുറിപ്പ് അവതരിപ്പിക്കുന്നു
റിയാദ്: കേരളത്തിന്റെ ആദ്യ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി പി. കൃഷ്ണപിള്ളയുടെ 78ാം ചരമവാർഷികം കേളി കലാസാംസ്കാരിക വേദി ബത്ഹ ലൂഹ ഓഡിറ്റോറിയത്തിൽ ആചരിച്ചു. കേളി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കൃഷ്ണപിള്ള ഉയർത്തിപ്പിടിച്ച ജനപക്ഷ രാഷ്ട്രീയത്തിന്റെയും സാധാരണക്കാരുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിന്റെയും പാരമ്പര്യം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തൊഴിലാളികളുടെ അവകാശങ്ങൾക്കായി നടന്ന പോരാട്ടങ്ങൾ ഇന്നും കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് പ്രചോദനമാണെന്നും സംസാരിച്ചവർ പറഞ്ഞു.
അടച്ചുറപ്പുള്ള വീട് ഏതൊരു മനുഷ്യന്റെയും സ്വപ്നവും അവകാശവുമാണ്. മലയാളിയെ സംബന്ധിച്ചിടത്തോളം സ്വന്തമായി ഒരു വീട് എന്നത് അഭിമാനത്തിന്റെ കൂടി ഭാഗമായതിനാൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഈ അവകാശം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിൽ ഭവനപദ്ധതികൾ നടപ്പാക്കിവന്നത്.
കഴിഞ്ഞ 10 വർഷത്തിനിടെ ആറു ലക്ഷത്തോളം വീടുകൾ നൽകാൻ കഴിഞ്ഞത് കേരളത്തിന്റെ ജനക്ഷേമ നയങ്ങളുടെ നേട്ടമാണെന്ന് അനുസ്മരണ പരിപാടിയിൽ ചൂണ്ടിക്കാട്ടി. സർക്കാർ സഹായത്തോടെ നൽകുന്ന വീടുകളിൽ ഇതുവരെ മലയാളിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ പ്രത്യേക ലോഗോ പതിപ്പിച്ചിരുന്നില്ല. എന്നാൽ, തുച്ഛമായ കേന്ദ്രവിഹിതം ലഭിക്കുന്നതിനായി വീടുകളിൽ ലോഗോ പതിപ്പിക്കാൻ കേരള സർക്കാർ അനുമതി നൽകിയ നടപടി പുനഃപരിശോധിക്കണം. ജനക്ഷേമ പദ്ധതികൾ രാഷ്ട്രീയ പ്രചാരണത്തിനുള്ള ഉപാധികളാക്കാതെ അവകാശബോധത്തോടെ മുന്നോട്ടുകൊണ്ടുപോകണമെന്നും യോഗം അഭിപ്രായപ്പെട്ടു. സെക്രട്ടറി കെ.പി.എം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സീബ കൂവോട് അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സുരേഷ് കണ്ണപുരം, സുരേന്ദ്രൻ കൂട്ടായി, ആക്ടിങ് സെക്രട്ടറി ഷാജി റസാഖ്, കുടുംബവേദി സെക്രട്ടറി വി.കെ ഷഹീബ, ഉമ്മുൽ ഹമാം രക്ഷാധികാരി സമിതി അംഗം നൗഫൽ സിദ്ധീഖ് എന്നിവർ കൃഷ്ണപിള്ളയെ അനുസ്മരിച്ച് സംസാരിച്ചു. രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ സ്വാഗതവും പ്രഭാകരൻ കണ്ടോന്താർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

