കേളി ഏരിയ സമ്മേളനങ്ങൾക്ക് ഇന്നു തുടക്കം കുറിക്കും
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 11ാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായ ഏരിയ സമ്മേളനങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകും. സെപ്റ്റംബറിൽ നടക്കുന്ന കേന്ദ്ര സമ്മേളനത്തിന്ന് മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ വരെ യൂനിറ്റ് സമ്മേളനങ്ങൾ പൂർത്തീകരിച്ചുകൊണ്ടാണ് ഏരിയ സമ്മേളനങ്ങളിലേക്ക് കടക്കുന്നത്.
ജൂൺ മുതൽ ആഗസ്റ്റ് വരെ നടക്കുന്ന ഏരിയ സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് റൗദ ഏരിയ സമ്മേളനം അബ്ദുൽ അസീസ് നഗറിൽ വെള്ളിയാഴ്ച നടക്കും. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളിൽ പ്രവാസി സമൂഹത്തിന് വേണ്ടി കേളി വിവിധ ഇടപെടൽ നടത്തിയിരുന്നതായി വാർത്തകുറിപ്പിൽ പറഞ്ഞു. കോവിഡ് മൂലം 20 പ്രവർത്തകരെ സംഘടനക്ക് നഷ്ടമായി. നിരവധി പ്രവർത്തകർക്ക് ജോലി നഷ്ടപ്പെട്ട് പ്രവാസം അവസാനിപ്പിക്കേണ്ടിവന്നു. ഈ സമ്മേളന കാലയളവിൽ മരിച്ച 20 പ്രവർത്തകരുടെയും കുടുംബങ്ങളെ ചേർത്തുപിടിക്കാൻ സംഘടനക്കായിട്ടുണ്ടെന്ന് കേളി സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ പറഞ്ഞു.
