കെ.ഇ.എഫ് പ്രതിനിധികൾ ഇന്ത്യൻ കോൺസൽ ജനറലിനെ സന്ദർശിച്ചു
text_fieldsലണ്ടൻ ഹൈകമീഷണറായി സ്ഥലംമാറിപ്പോകുന്ന ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമിനെ കെ.ഇ.എഫ് ജിദ്ദ ഭാരവാഹികൾ സന്ദർശിച്ചപ്പോൾ
ജിദ്ദ: ദീർഘകാലത്തെ സേവനത്തിനുശേഷം ലണ്ടൻ ഹൈകമീഷണറായി സ്ഥലം മാറിപ്പോകുന്ന ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമിനെ കേരള എൻജിനീയേഴ്സ് ഫോറം (കെ.ഇ.എഫ്) ജിദ്ദ ഭാരവാഹികൾ സന്ദർശിച്ചു. സഫ് വാൻ (പ്രസിഡൻറ്), അബ്ദുൽ മജീദ് (ട്രഷറർ), മുൻ പ്രസിഡന്റുമാരായ അബ്ദുൽ റഷീദ്, സാബിർ എന്നിവരാണ് സന്ദർശിച്ചത്.
കെ.ഇ.എഫ് പരിപാടികൾക്ക് കോൺസൽ ജനറൽ നൽകിയ സഹകരണത്തിന് ഭാരവാഹികൾ നന്ദി അറിയിച്ചു. നേരത്തെ ഹജ്ജ് കോൺസലായും പിന്നീട് കോൺസൽ ജനറലായും ജിദ്ദയിൽ സേവനം ചെയ്യാൻ കഴിഞ്ഞത് വേറിട്ട അനുഭവമായിരുന്നെന്ന് കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പ്രത്യേകം അനുസ്മരിച്ചു. ഇത്തരം പ്രഫഷനൽ കൂട്ടായ്മകൾ എന്നും സമൂഹത്തിനു മുതൽകൂട്ടാണെന്നും സി.ജി.ഐ പ്രത്യേകം പരാമർശിച്ചു. ജിദ്ദയും ഇവിടുത്തെ പ്രവാസി കൂട്ടായ്മകളും തന്റെ ഹൃദയത്തിൽ എക്കാലവും ഉണ്ടാകുമെന്ന് പങ്കുവെച്ച അദ്ദേഹം തുടർന്നും കൂടുതൽ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ കെ.ഇ.എഫിന് എല്ലാ ആശംസകളും നേർന്നു.

