അൽ ഹിലാലിെൻറ നീല ജഴ്സിയിൽ മലയാളി പെൺകുട്ടി; അണ്ടർ-15 വനിത ടീമിൽ ഇടംപിടിച്ച് കീർത്തജ
text_fieldsകീർത്തജ അൽ ഹിലാൽ ജഴ്സിയിൽ
റിയാദ്: പ്രമുഖ സൗദി ഫുട്ബാൾ ക്ലബ് ‘അൽ ഹിലാലി’െൻറ നീല ജഴ്സിയണിഞ്ഞ് ഒരു മലയാളി പെൺകുട്ടി. അണ്ടർ-15 വനിത ടീമിലേക്ക് യുവതാരം കീർത്തജ തിരഞ്ഞെടുക്കപ്പെട്ടു. സൗദി ഫുട്ബാളിെൻറ ചരിത്രവും പാരമ്പര്യവും നിറഞ്ഞ ഈ പ്രമുഖ ക്ലബിലേക്ക് ഒരു ഇന്ത്യൻ പെൺകുട്ടി തിരഞ്ഞെടുക്കപ്പെടുന്നത് റിയാദിലെ ഇന്ത്യൻ കായിക ലോകത്തിനും പ്രവാസി സമൂഹത്തിനും വലിയൊരു അംഗീകാരവും അഭിമാന നിമിഷവുമായി മാറി. റിയാദിൽ പ്രവർത്തിക്കുന്ന യൂത്ത് സോക്കർ അക്കാദമിയുടെ മികച്ച പരിശീലനത്തിലൂടെയാണ് ഇടുക്കി കട്ടപ്പന സ്വദേശിനിയായ കീർത്തജ ഈ അപൂർവ നേട്ടം കൈവരിച്ചത്. റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയായ കീർത്തജയുടെ കായിക മികവ് ആദ്യമായി പ്രകടമായത് സ്കൂളിലെ ഹാൻഡ്ബാൾ മത്സരങ്ങളിലൂടെയായിരുന്നു. ആറാം ക്ലാസ് മുതൽ തന്നെ കളിയിലെ അതിവേഗം, ആക്രമണ ശൈലി, അസാധാരണമായ പോരാട്ടവീര്യം എന്നിവയിലൂടെ ഈ കൊച്ചുതാരം മറ്റുള്ളവരിൽനിന്നും വേറിട്ടുനിന്നു. അവസാന നിമിഷം വരെ പൊരുതാനുള്ള കീർത്തജയുടെ ആത്മവിശ്വാസവും ഫൈറ്റിങ് സ്പിരിറ്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കീർത്തജയുടെ ഈ കായിക പ്രതിഭയെ രണ്ടു വർഷത്തോളം സൂക്ഷ്മമായി നിരീക്ഷിച്ച പരിശീലകൻ ഷഫീഖ് ഇസ്മാഈൽ, അവളുടെ കഴിവിനെക്കുറിച്ച് മാതാപിതാക്കളെ ബോധ്യപ്പെടുത്തുകയായിരുന്നു. തുടർന്ന് പിതാവ് വിനോദും മാതാവ് സുമിതയും മകളുടെ കഴിവിൽ പൂർണ വിശ്വാസമർപ്പിച്ച് റിയാദിലെ യൂത്ത് സോക്കർ അക്കാദമിയിൽ ചേർത്തതോടെയാണ് കീർത്തജയുടെ ഫുട്ബാൾ യാത്ര ആരംഭിക്കുന്നത്. ഇവിടെ രണ്ട് വർഷത്തോളം നീണ്ട കഠിന പരിശീലനത്തിനൊടുവിൽ അൽ ഹിലാൽ ക്ലബ്ബിെൻറ സെലക്ഷൻ ട്രയൽസിലേക്ക് ക്ഷണം ലഭിച്ചു. ആദ്യഘട്ട ട്രയൽസിൽ പരിശീലകരുടെ പ്രശംസ പിടിച്ചുപറ്റിയ കീർത്തജ, തുടർന്ന് നടന്ന രണ്ടും മൂന്നും ഘട്ടങ്ങളിലെ സെലക്ഷൻ റൗണ്ടുകളും വിജയകരമായി പിന്നിട്ടാണ് അൽ ഹിലാലിെൻറ അണ്ടർ-15 ടീമിൽ സ്ഥാനം ഉറപ്പിച്ചത്. നിലവിൽ ക്ലബിെൻറ റൈറ്റ് വിങ് ബാക്ക് പൊസിഷനിലാണ് ഈ ഇന്ത്യൻ താരം പരിശീലനവും തുടരുന്നത്. മകൾ ഭാവിയിൽ ദേശീയ ടീമിനായി കളിക്കണമെന്നും ലോകമറിയുന്ന പ്രമുഖ വനിത ഫുട്ബാൾ താരമായി ഉയരണമെന്നുമാണ് വർഷങ്ങളായി റിയാദിൽ പ്രവാസം നയിക്കുന്ന മാതാപിതാക്കളായ വിനോദിെൻറയും സുമിതയുടെയും വലിയ സ്വപ്നം.
സഹോദരൻ കാർത്തിക്കും കീർത്തജക്ക് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. കീർത്തജയുടെ ഈ ചരിത്ര നേട്ടത്തിന് പിന്നിൽ റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിെൻറ പിന്തുണയും നിർണായകമായിരുന്നു. സ്കൂളിലെ മുൻ പ്രിൻസിപ്പൽ മീരാ റഹ്മാൻ, നിലവിലെ ഇൻററിം പ്രിൻസിപ്പൽ മൈമൂന അബ്ബാസ്, ക്ലാസ് അധ്യാപകർ, മറ്റ് ജീവനക്കാർ എന്നിവരിൽനിന്നും വലിയ രീതിയിലുള്ള പ്രോത്സാഹനമാണ് ലഭിച്ചത്. കീർത്തജയെ ഈ നേട്ടത്തിലേക്ക് നയിച്ച യൂത്ത് സോക്കർ അക്കാദമി കഴിഞ്ഞ 12 വർഷമായി റിയാദിൽ സജീവമായി പ്രവർത്തിക്കുന്നു. ദേശീയ തലത്തിൽ കളിച്ചിട്ടുള്ള മുൻ കേരള സംസ്ഥാന താരവും ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷെൻറ സി-ലൈസൻസ്ഡ് കോച്ചുമായ ഷഫീഖ് ഇസ്മാഈൽ ആണ് ഈ അക്കാദമിയുടെ സ്ഥാപകനും ഹെഡ് കോച്ചും. നൂറോളം കുട്ടികൾ വിവിധ വിഭാഗങ്ങളിലായി പരിശീലിക്കുന്ന ഈ അക്കാദമിയിലൂടെ നിരവധി പ്രഫഷനൽ താരങ്ങളാണ് വളർന്നുവന്നിട്ടുള്ളത്. അക്കാദമിയിലെ മറ്റ് പ്രധാന പരിശീലകരായ ആദിൽ, സജീവ്, സമദ് എന്നിവരടങ്ങുന്ന കോച്ചിങ് പാനലിെൻറ നിരന്തരമായ കഠിനാധ്വാനവും കൂട്ടായ പരിശ്രമവും കീർത്തജയുടെ കളി മികവ് വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. കൃത്യമായ പരിശീലനവും ആത്മവിശ്വാസവും നൽകിയാൽ നമ്മുടെ കുട്ടികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ സാധിക്കും എന്നതിെൻറ തെളിവാണ് കീർത്തജ’ -ഹെഡ് കോച്ച് ഷഫീഖ് ഇസ്മാഈൽ പറയുന്നു. റിയാദിലെ ഇന്ത്യൻ സമൂഹവും കായികപ്രേമികളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും കീർത്തജക്കും കുടുംബത്തിനും അക്കാദമിക്കും അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

