കെ.ബി.എഫ് മുഖാമുഖം സംഘടിപ്പിച്ചു
text_fieldsറിയാദ്: ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന റിയാദിലെ മലയാളി കൂട്ടായ്മ കേരള ബിസിനസ് ഫോറം (കെ.ബി.എഫ് ഇൻറര്‍നാഷനല്‍) മുസ്ലിം ലീഗ് നേതാക്കളുമായി മുഖാമുഖം സംഘടിപ്പിച്ചു. റിയാദ് റൊട്ടാന സെന്‍ട്രല്‍ ഹോട്ടലില്‍ നടന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
എല്ലാ രാജ്യങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യവും ബിസിനസ് തകര്‍ച്ചയും ഏറെ വൈകാതെ ശരിയായ ദിശയിലാവുമെന്നും സൗദി അറേബ്യയില്‍ പ്രവാസി സമൂഹത്തിന് നല്ല ദിനങ്ങളാണ് വരാനിരിക്കുന്നതെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു. കെ.ബി.എഫ് ചെയര്മാന് സഹീര്‍ തിരൂര്‍ അധ്യക്ഷതവഹിച്ചു. മുഖ്യപ്രഭാഷണം നടത്തിയ ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ലോകത്തിെൻറ ഒരു ഭാഗത്ത് ബിസിനസ് അവസരങ്ങള്‍ ഇല്ലാതാവുമ്പോള്‍ മറ്റു ചിലയിടങ്ങളില്‍ അവസരങ്ങള്‍ വര്‍ധിച്ചുവരുന്നുണ്ടെന്നും അതു കണ്ടെത്തി ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയാറാകണമെന്നും പറഞ്ഞു.
ഐ.ടി രംഗത്തും പ്രഫഷനല്‍ മേഖലയിലും പ്രവാസി ബിസിനസുകാര്‍ ഒത്തൊരുമിച്ചുള്ള മുന്നേറ്റമുണ്ടാക്കുകയും ബിസിനസ് കൂട്ടായ്മയിലൂടെ വലിയ വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗള്‍ഫില്‍ തെൻറ ബിസിനസ് അനുഭവങ്ങള്‍ ലീഗ് അഖിലേന്ത്യ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി സദസ്സുമായി പങ്കുവെച്ചു. വിദേശ രാജ്യങ്ങളില്‍ നിക്ഷേപം നടത്തുന്നതിനെക്കാള്‍ ആത്മസംതൃപ്തി നല്‍കുന്നത് സ്വന്തം നാട്ടില്‍ നിക്ഷേപം നടത്തുന്നതിലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നതോടൊപ്പം സമൂഹത്തിലെ അശരണര്‍ക്കും മറ്റും പിന്തുണ നല്കുന്നതിനു കൂടി ബിസിനസ് സമൂഹം മുന്നോട്ട് വരണമെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ് അഭിപ്രായപ്പെട്ടു. കെ.എം.സി.സി നാഷനല്‍ കമ്മിറ്റി പ്രസിഡൻറ് കെ.പി. മുഹമ്മദ് കുട്ടി സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ മിര്‍ഷാദ് ബക്കര്‍ സ്വാഗതവും ട്രഷറര്‍ അലവിക്കുട്ടി ഒളവട്ടൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
