കായംകുളം എലവേറ്റഡ് ഹൈവേ; അധികാരികൾ കണ്ണുതുറക്കണം
text_fieldsകായംകുളം എലവേറ്റഡ് ഹൈവേ
ഭൂപ്രകൃതിയുടെ പ്രത്യേകത കണക്കിലെടുത്തും നിലവിൽ വടക്കൻ കേരളത്തിലുണ്ടായ നിർമാണ തകർച്ചയുടെയും അടിസ്ഥാനത്തിൽ കായംകുളത്തിന്റെ പടിഞ്ഞാറൻ മേഖലകളിലെ നാല് പഞ്ചായത്തുകളിലെ ജനങ്ങളുടെയും സുനാമി ബാധിത പ്രദേശമായ ആറാട്ടുപുഴ പഞ്ചായത്തുൾപ്പടെയുള്ള ജനങ്ങളുടെയും ജീവിതത്തെ ഏറെ ബാധിക്കുന്ന കായംകുളം ഹൈവേ നിർമാണം എലവേറ്റഡ് ഹൈവേ ആക്കി പരിഹരിക്കാൻ അധികാരികൾ തയ്യാറാകണം.
മഴ ശക്തമായതോടെ പലയിടങ്ങളിലും പുതുതായി പണികഴിപ്പിച്ച ഹൈവേ റോഡുകൾ ഇടിഞ്ഞുതാഴുകയും റോഡുകൾ പിളർന്ന് അപകടസാധ്യത കൂടുകയും ചെയ്ത സാഹചര്യത്തിൽ കായംകുളത്ത് എലവേറ്റഡ് ഹൈവേ അല്ലാതെയുള്ള പ്രവർത്തനം വളരെ ദോഷം ചെയ്യുകയേ ഉള്ളൂ എന്ന് വിലയിരുത്തുന്നു. അശാസ്ത്രീയമായ പ്രവർത്തനം നിരവധി പാരിസ്ഥിതിക സാമൂഹിക പ്രശനങ്ങൾ സൃഷ്ടിക്കുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു. നിലവിലെ തീരുമാനപ്രകാരം ഹൈവേ പണി നടത്തുകയാണെങ്കിൽ ഉണ്ടാകാവുന്ന വെല്ലുവിളികളിൽ ചിലത് ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നു.
1. ദേശീയ ദുരന്തനിവാരണ അതോറിറ്റി പോലും ശ്രദ്ധ കേന്ദ്രീകരിച്ച സൂനാമി ബാധിത പ്രദേശത്തെ ഒറ്റപ്പെടുത്തുന്നു.
2. അഴീക്കൽ ബീച്ച് ഉൾപ്പടെ കേരളത്തിലെ മുഖ്യവിനോദസഞ്ചാര മേഖലയെ ഒറ്റപ്പെടുത്തുന്നു.
3. ആലപ്പുഴയുടെ വ്യവസായിക മേഖലയുടെ നട്ടെല്ലായ, കായംകുളം എന്ന വ്യവസായിക പട്ടണത്തെ ഇല്ലായ്മ ചെയ്യുന്നു.
4. കിഴക്കുനിന്നും പടിഞ്ഞാറോട്ട് ഒഴുകുന്ന തോടുകളും കൈവഴികളും മണ്ണിട്ട് മൂടപ്പെടുന്നതിനാൽ നിരവധി പരിസ്ഥിക പ്രശനങ്ങൾ സൃഷ്ടിക്കും.
5. കാലഹരണപ്പെട്ട നിലവിലെ കായംകുളം പാലം ഒഴിവാക്കി പുതിയ പാലം പണിയണം.
6. കായംകുളം ബസ്സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ കൂടി പരിഹരിച്ച് എലവേറ്റഡ് ഹൈവേയുടെ പണി പൂർത്തീകരിക്കാൻ കഴിഞ്ഞാൽ പ്രധാന ടൂറിസ്റ്റ് പദ്ധതിയായ കായൽ ടൂറിസത്തിന് വളരെയേറെ ഗുണം ചെയ്യും. അതുപോലെ തന്നെ കായംകുളം ബോട്ട് ജെട്ടിയുടെ പ്രവർത്തനവും കാര്യക്ഷമമാക്കാൻ കഴിയും.
7. എം.എസ്.എം കോളജ്, കായംകുളം പോളിടെക്നിക് എന്നിവയെല്ലാം ഈ ദൂരപരിധിയിൽ വരുന്നതിനാൽ പതിനായിരക്കണക്കിന് കുട്ടികളുടെ യാത്രക്കും എലവേറ്റഡ് ഹൈവേ വളരെ ഉപകാരപ്രദമായിരിക്കും.
8. കായംകുളം-പുല്ലുകുളങ്ങര-മുതുകുളം റോഡ് വന്നുചേരുന്ന ഒ.എൻ.കെ ജങ്ഷൻ ഏറ്റവും അപകട സാധ്യതയുള്ള സ്ഥലമാണ്. അവിടെ എലവേറ്റഡ് ഹൈവേ അല്ലാതെയുള്ള പ്രവർത്തനം യാത്ര ഏറെ ദുസ്സഹമാക്കുകയെയുള്ളൂ.
9. ഒ.എൻ.കെ ജങ്ഷൻ പലപ്പോഴും ട്രാഫിക് കുരുക്കിൽ പെട്ട് ജനങ്ങൾ യാത്ര ക്ലേശം അനുഭവിക്കുന്നു. എലവേറ്റഡ് ഹൈവേ അതിന് പരിഹാരമാകുമെന്ന് വിലയിരുത്തുന്നു.
10. കായംകുളം താലൂക്കാശുപത്രിയിലേക്ക് ഏതൊരു അടിയന്തിര ഘട്ടത്തിലും യാത്രകൾ സുഗമമാക്കാൻ എലവേറ്റഡ് ഹൈവേ കൂടിയേ തീരൂ.
അധികാരികൾ കായംകുളത്തിനോട് കാണിക്കുന്ന ഈ അവഗണന ഉപേക്ഷിക്കാൻ തയ്യാറില്ലെങ്കിൽ പല പ്രത്യാഘാതങ്ങളും സമീപ ഭാവിയിൽ തന്നെ ഈ മേഖലയിൽ ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നു. കാലപ്പഴക്കം ചെന്ന ട്രാൻസ്പോർട്ട് ബസ്സ്റ്റാൻഡ് കെട്ടിടം, കാലപ്പഴക്കം ചെന്ന കായംകുളം പാലം എന്നിവയെല്ലാം അപകടസാധ്യത നിലനിൽക്കുന്നതിനുള്ള ഉദാഹരണങ്ങൾ മാത്രം.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് കായംകുളത്ത് എലവേറ്റഡ് ഹൈവേ തന്നെ സ്ഥാപിക്കണമെന്ന് ആവശ്യം വീണ്ടും ഉയർന്നുകഴിഞ്ഞു. പ്രവാസികളായ കായംകുളം നിവാസികളെല്ലാം ഇതേ ആവശ്യവുമായി മുന്നോട്ടുവന്നുകഴിഞ്ഞു. കേന്ദ്ര സർക്കാറും കേരള സർക്കാരും ഇക്കാര്യത്തിൽ പുനർചിന്തനം നടത്തണമെന്ന് അഭ്യർഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

