കാസ്ക് സിൽവർ ജൂബിലി കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കാസ്ക് ജേതാക്കൾ
text_fieldsകേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിെൻറ സിൽവർ ജൂബിലി കപ്പ് ടൂർണമെന്റിൽ ജേതാക്കളായ കാസ്ക് ടീം
ദമ്മാം: കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സിൽവർ ജൂബിലി കപ്പ് ടൂർണമെൻറിൽ സംഘാടകരായ കാസ്ക് ക്രിക്കറ്റ് ടീം ജേതാക്കളായി. അൽ ഖോബാർ കാനു ക്രിക്കറ്റ് കോംപ്ലക്സിൽ നടന്ന ടൂർണമെന്റിൽ ജി.സി.സി രാജ്യങ്ങൾക്ക് പുറമെ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള കളിക്കാരും പങ്കെടുത്തു.
വാശിയേറിയ ഫൈനലിൽ യൂനിഫൈഡ് ബ്ലൂസിനെ 12 റൺസിന് തോൽപ്പിച്ചാണ് കാസ്ക് സിൽവർ ജൂബിലി കപ്പിൽ മുത്തമിട്ടത്. 16 ബാളിൽ 41 റൺസ് നേടിയ റാഷിദാണ് പ്ലെയർ ഓഫ് ദി മാച്ച്. പ്രതമേഷ് ഠാകുർ പ്ലെയർ ഓഫ് ദി ടൂർണമെൻറും സഞ്ജു കാണേറിയ മികച്ച ബാറ്ററും ബാലു മികച്ച ബൗളറുമായി.
കൂടാതെ മികച്ച വിക്കറ്റ് കീപ്പറായി കാസ്കിന്റെ സുമിത്തിനെയും മികച്ച ഫീൽഡറായി അൽ ബിലാദിയുടെ ശ്രേയസ് കദമിനെയും തിരഞ്ഞെടുത്തു.
റണ്ണേഴ്സ് ടീം യൂനിഫൈഡ് ബ്ലൂസ്
ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് (126) നേടിയ യൂനിഫൈഡ് ബ്ലൂസിെൻറ സഞ്ജു കനോജിയക്ക് ഓറഞ്ച് ക്യാപ്പും കൂടുതൽ വിക്കറ്റ് (ഏഴ്) നേടിയ അൽ ബിലാത്തിയുടെ ഫിറോസ് ശൈഖിന് പർപ്പ്ൾ ക്യാപ്പും സമ്മാനിച്ചു. റണ്ണേഴ്സിനുള്ള ട്രോഫി ജനറൽ സെക്രട്ടറി സുരേഷും കാഷ് പ്രൈസായ 12,500 റിയാൽ കോംപാസ് ലോജിസ്റ്റിക് പ്രതിനിധി ഇല്യാസും അൽറവാദ് ജനറൽ മാനേജർ സാബിത്തും ചേർന്ന് ഈസ്റ്റേൺ ബ്ലൂ ക്യാപ്റ്റനായ അൻസാഫിന് സമ്മാനിച്ചു.
ടീം കാസ്കിനുള്ള ചാമ്പ്യൻസ് ട്രോഫി പ്രസിഡൻറ് പ്രദീപ്കുമാറും കാഷ് പ്രൈസായ 25,000 റിയാൽ പ്രോട്ടക് എം.ഡി ശിഹാബ്, വെസ്റ്റ് വെലോസിറ്റി ഡയറക്ടർ ഷഫീഖ് എന്നിവർ ചേർന്ന് ക്യാപ്റ്റൻ ബാലുവിന് സമ്മാനിച്ചു.
കൂടാതെ ടൂർണമെൻറിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കുമുള്ള ഫലകങ്ങളും കൈമാറി. നവോദയ കേന്ദ്ര ജനറൽ സെക്രട്ടറി സെക്രട്ടറി രഞ്ജിത്ത് വടകര ലോകകേരള പ്രതിനിധി നന്ദിനി മോഹൻ, രക്ഷാധികാരി ബിനു പി. ബേബി തുടങ്ങിയവർ പങ്കെടുത്തു. പ്രസിഡൻറ് പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേഷ് സ്വാഗതവും കൺവീനർ റസാഖ് നന്ദിയും പറഞ്ഞു. യാസർ അറാഫത്ത് പരിപാടികൾ നിയന്ത്രിച്ചു.

