‘കാരുണ്യ സ്പർശം' സൗദി ദേശീയ ദിനം, ഓണം ആഘോഷങ്ങൾ
text_fieldsജുബൈൽ: 'കാരുണ്യത്തിന്റെ സാന്ത്വന സ്പർശവുമായി കരുതലോടെ എന്നും നിങ്ങൾക്കൊപ്പം' എന്ന തലക്കെട്ടിൽ കാരുണ്യ സ്പർശം മലയാളി കൂട്ടായ്മ സൗദി ദേശീയ ദിനം, ഓണം ആഘോഷങ്ങൾ സംഘടിപ്പിച്ചു. സാമൂഹിക പ്രവർത്തകരും കാരുണ്യ സ്പർശം അംഗങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ലോക കേരളസഭ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഹനീഫ മുവാറ്റുപുഴ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളെയും പ്രതിവിധികളെയും കുറിച്ച് അദ്ദേഹം സംസാരിച്ചു. നോർക്ക നൽകുന്ന വായ്പ, ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങളെയും പരിചയപ്പെടുത്തി. ഒഴിവ് സമയം ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിന്റെ പ്രാധാന്യവും നോർക്കയുടെ നേതൃത്വത്തിൽ തദ്വിഷയത്തിൽ നടക്കുന്ന ചർച്ചകളെയും അദ്ദേഹം പരാമർശിച്ചു.
'പ്രവാസികളും പ്രതിസന്ധികളും' എന്ന വിഷയത്തിൽ എഴുത്തുകാരനും 'ഗൾഫ് മാധ്യമം' ദമ്മാം ബ്യൂറോ ചീഫുമായ സാജിദ് ആറാട്ടുപുഴ മുഖ്യപ്രഭാഷണം നടത്തി. പ്രവാസ ജീവിതത്തിലെ ഹൃദയ സ്പർശിയായ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു. സമ്പാദ്യ ശീലം, ചെറുനിക്ഷേപ സാധ്യതകൾ എന്നിവയെ കുറിച്ചും സദസ്സിനെ ഓർമിപ്പിച്ചു.
പരിപാടിയോട് അനുബന്ധിച്ച് ഗൾഫ് ഏഷ്യ മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടന്ന മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം കെ.എം.സി.സി ജുബൈൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എ.ആർ സലാം ആലപ്പുഴ നിർവഹിച്ചു. ചോദ്യോത്തര സെഷനും നടന്നു. വിഭവസമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു. വടംവലി, കസേര കളി, സുന്ദരിക്ക് പൊട്ട് തൊടൽ, ചെറുനാരങ്ങാ സ്പൂൺ, ആപ്പിൾ ബക്കറ്റ്, ചട്ടി പൊട്ടിക്കൽ, ബിസ്കറ്റ് കടി, കുളം കര, പെനാൽറ്റി ഷൂട്ട് തുടങ്ങിയ മത്സരങ്ങളും അരങ്ങേറി.'കാരുണ്യ സ്പർശം' പ്രസിഡന്റ് റഫീഖ് പാനൂർ അധ്യക്ഷതവഹിച്ചു. ജലീൽ പാലക്കാട്, സുബൈർ താമരശ്ശേരി, സലിം പാലക്കാട്, മുബാറക് കൊടിഞ്ഞി, ബാദുഷ കൊല്ലം, അഹമ്മദ് കബീർ ചവറ, റിയാസ് കോഴിക്കോട്, അനസ് കൂട്ടായി, അഷ്റഫ് കോഴിക്കോട്, അനീഷ് കൊല്ലം, പ്രജോഷ് കണ്ണൂർ, റഫീഖ് ബാപ്പു, സിറാജ് എടവണ്ണപ്പാറ, ശിഹാബ് മങ്ങാടൻ എന്നിവർ ആശംസകൾ നേർന്നു. അൻസാർ വയനാട് സ്വാഗതവും നാസർ കണ്ണൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

