കർണാടക തെരഞ്ഞെടുപ്പ്: വിവിധ സംഘടനകൾ അനുമോദിച്ചു
text_fieldsറിയാദ്: കർണാടക തെരഞ്ഞെടുപ്പ് വിജയത്തിൽ വിവിധ സംഘടനകൾ അനുമോദിച്ചു.
കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി
മതേതര ഇന്ത്യയെ മാറോട് ചേർക്കാൻ വെമ്പൽ കൊള്ളുന്ന ഇന്ത്യൻ ജനതയുടെ പ്രതീക്ഷയാണ് കർണാടകയിൽ കണ്ടതെന്ന് കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി. വർഗീയതയെ വോട്ടാക്കി മാറ്റാനുള്ള ബി.ജെ.പിയുടെ ഹിഡൻ അജണ്ട തിരിച്ചറിഞ്ഞ് ജനാധിപത്യ മൂല്യം ഉയർത്തിപ്പിടിച്ച കർണാടകയിലെ വോട്ടർമാർക്ക് അഭിവാദ്യം നേരുന്നതായി കെ.എം.സി.സി നാഷനൽ കമ്മിറ്റി നേതാക്കളായ കെ.പി. മുഹമ്മദ്കുട്ടി, ഖാദർ ചെങ്കള, കുഞ്ഞിമോൻ കാക്കിയ, എ.പി. ഇബ്രാഹിം മുഹമ്മദ്, അഷ്റഫ് വേങ്ങാട്ട്, അഷ്റഫ് തങ്ങൾ ചെട്ടിപ്പടി, അഹമ്മദ് പാളയാട്ട് എന്നിവർ പറഞ്ഞു.
റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി
വർഗീയ വിഷം ചീറ്റിയും ഇന്ത്യൻ ജനതയെ തമ്മിലടിപ്പിച്ചും രാജ്യത്തെ കൈപ്പിടിയിലൊതുക്കാമെന്ന മോദിയുടെയും അമിത്ഷായുടെയും വ്യാമോഹത്തിനേറ്റ കനത്ത തിരിച്ചടിയാണ് കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇന്ത്യയിലുടനീളം വരുംകാലങ്ങളിൽ ഇതിന്റെ അലയൊലി കാണാനാകുമെന്നും കർണാടകയിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളെയും കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും അഭിനന്ദിക്കുന്നുവെന്നും കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
റിയാദ് ഒ.ഐ.സി.സി
സാധാരണക്കാരായ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ജനങ്ങൾക്ക് വലിയ ആത്മ വിശ്വാസം നൽകുന്നതാണ് ഫലമെന്ന ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ വെറുപ്പിന്റെ രാഷ്ട്രീയത്തെ കർണാടകയിലെ നല്ലവരായ ജനങ്ങൾ തള്ളിക്കളഞ്ഞു എന്നാണ് ഫലം സൂചിപ്പിക്കുന്നത്. അടുത്ത വർഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയാണ് ഈ ഫലം. ഇന്ത്യയിലെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരിൽ വിഭജിച്ച് ഭരിക്കാം എന്ന വ്യാമോഹത്തിനുള്ള തിരിച്ചടിയാണ് കർണാടക ഫലം. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഫലം കൂടിയാണ് ഈ വിജയം എന്ന് സെൻട്രൽ കമ്മിറ്റി വിലയിരുത്തി. കർണാടകയിലെ കരുത്തരായ നേതാക്കന്മാരായ ഡി.കെ. ശിവകുമാർ, സിദ്ധരാമയ്യ തുടങ്ങിയ നേതാക്കന്മാരെ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി അഭിനന്ദിച്ചു.
ജുബൈൽ പ്രവാസി വെൽഫെയർ
ജുബൈൽ: മതേതര ജനാധിപത്യ വിശ്വാസികൾക്ക് ആശ്വാസം നൽകുന്നതാണെന്ന് പ്രവാസി വെൽഫെയർ ജുബൈൽ റീജനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. കേന്ദ്രം ഭരിക്കുന്ന സർക്കാറും ബി.ജെ.പിയുടെ മുഴുവൻ നേതാക്കളും രംഗത്ത് ഇറങ്ങി പ്രചാരണം നടത്തിയിട്ടും ജനം അവരെ തിരസ്കരിച്ചു. വർഗീയ ഫാഷിസത്തിനും രാഷ്ട്രീയ കുതിരക്കച്ചവടത്തിനുമുള്ള സംഘ് പരിവാറിന്റെ നീക്കത്തിനെതിരെ നാട് ഒറ്റക്കെട്ടായി നിലയുറപ്പിച്ചതിന്റെ ഫലമാണ് ഈ വിജയമെന്ന് റീജനൽ കമ്മിറ്റി പ്രസിഡന്റ് ഫൈസൽ കോട്ടയം ജനറൽ സെക്രട്ടറി നിയാസ് കൊടുങ്ങല്ലൂർ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
അസീർ പ്രവാസി സംഘം
ഖമീസ് മുശൈത്ത്: വിഭജനവും വിദ്വേഷ രാഷ്ട്രീയവും തഴച്ചുവളരുന്ന കാലത്ത് കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വിജയം മതനിരപേക്ഷ ശക്തികൾക്ക് ആശ്വാസവും ശുഭസൂചനയും പകരുന്നുവെന്ന് അസീർ പ്രവാസി സംഘം വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ വർഗീയതയോട് ശക്തമായ വിയോജിപ്പാണ് പ്രകടിപ്പിക്കുന്നതെന്നും ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിരുദ്ധ വോട്ടുകളെ ഏകോപിപ്പിച്ച് അധികാരത്തിൽനിന്നും അവരെ മാറ്റിനിർത്താനുള്ള ആസൂത്രിത നടപടി കൈക്കൊള്ളണമെന്നും അസീർ പ്രവാസിസംഘം പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു.
കെ.എം.സി.സി ഖമീസ് മുശൈത്ത്
രാജ്യത്തെ ഹൈന്ദവ സഹോദരങ്ങളുടെ മതവികാരം ചൂഷണം ചെയ്ത് മതങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി തമ്മിലടിപ്പിച്ച് തീവ്ര വർഗീയപ്രചാരണങ്ങൾ നടത്തിയും പണം വാരിയെറിഞ്ഞും അധികാരം കൈയാളാമെന്ന ബി.ജെ.പി അജണ്ടകൾ ഒരുപാടുകാലം നീണ്ടു പോകില്ല എന്ന സന്ദേശമാണ് കർണാടക തെരഞ്ഞെടുപ്പ് നൽകുന്ന സൂചനയെന്ന് കെ.എം.സി.സി ഖമീസ് മുശൈത്ത് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബഷീർ മുന്നിയൂർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
ഐ.എം.സി.സി നാഷനൽ കമ്മിറ്റി
ജിദ്ദ: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിന്റെ റിഹേഴ്സൽ എന്ന് വിശേഷിപ്പിക്കപ്പെട്ട കർണാടക അസംബ്ലിയിലേക്ക് നടന്ന വാശിയേറിയ പോരാട്ടത്തിൽ ബി.ജെ.പിയെ നിലംപരിശാക്കിയ കർണാടകയിലെ മുഴുവൻ മതേതര വിശ്വാസികളെയും സൗദി ഐ.എം.സി.സി നാഷനൽ കമ്മിറ്റി അഭിനന്ദിച്ചു. ജനാധിപത്യമൂല്യം ഉയർത്തിപ്പിടിക്കാൻ സഹായകമായ ഈ ജനവിധിയെ അഭിനന്ദിക്കുന്നതായി സൗദി ഐ.എം.സി.സി വാർത്തക്കുറിപ്പിൽ അറിയിച്ചു.
പ്രവാസി വെൽഫെയർ പടിഞ്ഞാറൻ മേഖല
രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുംവരെ അതിർവരമ്പുകളില്ലാതെ കടുത്ത വർഗീയതയും തീവ്ര വംശീയതയും വിളമ്പിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ ഇരുട്ടിന്റെ ശക്തികൾക്ക് ശക്തമായ തിരിച്ചടി നൽകിയ കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്റെ വിജയമാണെന്ന് പ്രവാസി വെൽഫെയർ സൗദി പടിഞ്ഞാറൻ മേഖല അറിയിച്ചു.
വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള ഒരു ചൂണ്ടുപലകയാണ് കർണാടക തെരഞ്ഞെടുപ്പ് ഫലമെങ്കിൽ സംഘ്പരിവാറിന് ഉറക്കംകെടുത്തുന്ന ദിനങ്ങളാണ് വരാനിരിക്കുന്നത്, അതുകൊണ്ടുതന്നെ മുഴുവൻ ജനാധിപത്യ വിശ്വാസികളും കർണാടക തെരഞ്ഞെടുപ്പ് ഫലത്തെ ആഹ്ലാദത്തോടെ സ്വാഗതംചെയ്യുന്നതായും പ്രവാസി വെൽഫെയർ പടിഞ്ഞാറൻ മേഖല ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

