കണ്ണൂർ വളപട്ടണം സ്വദേശി കുഴഞ്ഞു വീണ് മരിച്ചു
text_fieldsമുഹമ്മദ് നിഷാദ്
ദമ്മാം: അൽഹസ്സയിൽ പെരുന്നാൾ ആഘോഷിക്കാൻ പോയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ വളപട്ടണം സ്വദേശി പുതിയപുരയിൽ മുഹമ്മദ് നിഷാദാണ് മരിച്ചത്. അൽഖോബാറിൽനിന്ന് സുഹൃത്തുക്കളുമായി പെരുന്നാൾ അവധി ആഘോഷിക്കാൻ അൽഹസ്സയിൽ എത്തിയ നിഷാദ് പാർക്കിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അൽഖോബാറിലെ സ്വകാര്യ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. ആറു മാസം മുമ്പാണ് അവസാനമായി നാട്ടിൽ അവധിക്ക് പോയി വന്നത്. ഭാര്യയും മൂന്ന് പെൺകുട്ടികളുമടങ്ങുന്ന കുടുംബം നാട്ടിലുണ്ട്. അൽഹസ്സ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.
അനുശോചിച്ചു
അൽ അഹ്സ: കണ്ണൂർ വളപട്ടണത്തെ കോൺഗ്രസ് കുടുംബാംഗവും ഒ.ഐ.സി.സി അൽഖോബാർ ഏരിയ കമ്മിറ്റി അംഗവുമായ പി.പി. മുഹമ്മദ് നിഷാദിന്റെ വേർപാടിൽ അൽ അഹ്സ ഒ.ഐ.സി.സിയുടെ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അൽഖോബാറിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന നിഷാദ് കൂട്ടുകാരോടൊപ്പം ബലിപെരുന്നാൾ ആഘോഷിക്കാൻ അൽ അഹ്സയിൽ വന്നതായിരുന്നു. ജവാസ പാർക്കിനടുത്ത് കുഴഞ്ഞുവീണ നിഷാദിനെ അൽ അഹ്സ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ ഉടൻ അൽ അഹ്സ ഒ.ഐ.സി.സി ആക്ടിങ് പ്രസിഡൻറ് അർശദ് ദേശമംഗലം, സൗദി നാഷനൽ കമ്മിറ്റി മെംബർ പ്രസാദ് കരുനാഗപ്പള്ളി, ദമ്മാം റീജനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ശാഫി കുദിർ, അൽ അഹ്സ ഒ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ എന്നിവർ ആശുപത്രിയിൽ എത്തിയിരുന്നു. അൽ അഹ്സ ജനറൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

