കണ്ണമംഗലം പ്രവാസി ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് സമ്മാനിക്കും
text_fieldsആംബുലൻസ് ഫണ്ട് ശേഖരണത്തിന്‍റെ ഉദ്ഘാടനം റിനം ഹോൾഡിങ് കമ്പനി ചെയർമാൻ അബ്ദുൽ മുനീറിന്‍റെ സാന്നിധ്യത്തിൽ പിതാവ് കുഞ്ഞുമുഹമ്മദ് ഹാജി നിർവഹിക്കുന്നു
ദമ്മാം: സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണമംഗലം നിവാസികളുടെ പ്രവാസി കൂട്ടായ്മയായ കണ്ണമംഗലം ചാരിറ്റബിൾ ട്രസ്റ്റ് നാടിന് ആംബുലൻസ് സമർപ്പിക്കാൻ തീരുമാനിച്ചു. നിർധനരോഗികൾക്ക് സൗജന്യ സേവനം ലഭ്യമാക്കുക എന്നതാണ് സംഘടന ലക്ഷ്യം വെക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഫണ്ട് ശേഖരണത്തിന്‍റെ പരിപാടികൾ ഗൾഫിലെ വിവിധ രാജ്യങ്ങളിൽ നടന്നു. യു.എ.ഇയിൽ നടന്ന ചടങ്ങിൽ റിനം ഹോൾഡിങ് കമ്പനി ചെയർമാൻ അബ്ദുൽ മുനീറിന്‍റെ സാന്നിധ്യത്തിൽ ആദ്യ ഗഡു പിതാവ് കുഞ്ഞുമുഹമ്മദ് ഹാജി നൽകി.
സംഘടന പ്രസിഡന്‍റ് പി.ടി. അലവി ഫണ്ട് ഏറ്റുവാങ്ങി. തങ്ങളുടെ ലക്ഷ്യത്തിലേക്ക് കൂടുതൽ പ്രോത്സാഹനം തരുന്ന പിന്തുണയാണ് നാട്ടുകാരൻ കൂടിയായ റിനം ഹോൾഡിങ് കമ്പനി ചെയർമാൻ അബ്ദുൽ മുനീർ നൽകിയതെന്ന് ഫണ്ട് സ്വീകരിച്ചുകൊണ്ട് പി.ടി. അലവി പറഞ്ഞു. കിപ്റ്റ് സെക്രട്ടറി സന്തോഷ്, അബ്ദുൽ ഗഫൂർ, സാലി, അബ്ദുൽ അസീസ്, മുരളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സൗദിയിൽ നടന്ന ചടങ്ങിൽ ആദ്യ ഗഡു നൽകി കൊടക്കല്ലൻ കാസിം ഫണ്ട് ശേഖരണത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. അബ്ദുൽ ജലീൽ, യുസുഫ് പുല്ലംതൊടിക എന്നിവരും പങ്കെടുത്തു.
വരും ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിൽ ഫണ്ട് ശേഖരണ പരിപാടികൾ നടക്കുകയും എത്രയും വേഗം ആംബുലൻസ് നാടിന് സമർപ്പിക്കുമെന്നും സംഘടന വാർത്തകുറിപ്പിൽ അറിയിച്ചു. കണ്ണമംഗലത്തും സമീപ പ്രദേശങ്ങളിലുമുള്ള നിർധന രോഗികൾക്ക് ആംബുലൻസിന്‍റെ സേവനം സൗജന്യമായി ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. കോവിഡ് കാലത്തുൾപ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് സംഘടന നേതൃത്വം നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

