‘കാന്തഹാർ’ പ്രദർശനത്തിനെത്തി
text_fieldsറിയാദ്: പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ആക്ഷൻ ത്രില്ലർ ‘കാന്തഹാറി’ന്റെ പ്രദർശനം വ്യാഴാഴ്ച സൗദി തിയറ്ററുകളിൽ തുടങ്ങി. യു.എ.ഇ ആസ്ഥാനമായ ഈഗിൾ ഫിലിംസ് വെള്ളിയാഴ്ച മിഡിലീസ്റ്റിലുടനീളം ചിത്രം റിലീസ് ചെയ്തു. ഏതാണ്ട് പൂർണമായും സൗദിയിൽ ചിത്രീകരിച്ച ചിത്രം ബുധനാഴ്ച വൈകീട്ട് റിയാദിലെ വോക്സ് സിനിമാസിലാണ് ആദ്യമായി പ്രദർശിപ്പിച്ചത്. ‘കാന്തഹാറി’ന്റെ പ്രത്യേക പ്രദർശനം അൽഉലയിലെ ‘ബനിയൻ ട്രീ’ ഹോട്ടലിൽ വോക്സ് സിനിമാസ് സംഘടിപ്പിക്കും.
ആകർഷകമായ ഭൗമസവിശേഷതകൾ നിറഞ്ഞ അൽഉല പ്രദേശത്താണ് ചിത്രം ചിത്രീകരിച്ചത്. ഹോളിവുഡ് താരം ജെറാർഡ് ബട്ലർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റിക്ക് റോമൻ വോ ആണ്. എം.ബി.സി സ്റ്റുഡിയോ, ജി.ബേസ്, തണ്ടർ റോഡ്, ക്യാപ്സ്റ്റോൺ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നുണ്. 2021ൽ ആരംഭിച്ച് 2022 വരെ ചിത്രീകരണം നീണ്ടുനിന്ന സിനിമയുടെ നിർമാണത്തിൽ സൗദി ഫിലിം കമീഷനും പങ്കാളിയാണ്.
മനോഹരമായ അൽഉല പ്രദേശത്തെ ഗ്രാമീണത അഫ്ഗാനിസ്താനായാണ് ചിത്രീകരിച്ചിട്ടുള്ളത്. അൽഉലയിലെ മരുഭൂമികളും മരുപ്പച്ചകളും പ്രകൃതിദൃശ്യങ്ങളും ചിത്രത്തിന്റെ തീവ്രമായ ആക്ഷൻ രംഗങ്ങൾക്ക് പശ്ചാത്തലമായി വർത്തിക്കുന്നു. തെഹ്റാനിലെയും ഹെറാത്തിലെയും നഗരദൃശ്യങ്ങൾ ജിദ്ദയിലെ തിരഞ്ഞെടുത്ത ചില ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചത്. അന്താരാഷ്ട്ര സിനിമ, ടി.വി നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണക്കുന്നതിനുമായി സ്ഥാപിതമായ, റോയൽ കമീഷൻ ഫോർ അൽഉലയുടെ ഫിലിം ഏജൻസിയായ ‘ഫിലിം അൽഉല’യുടെ സഹകരണത്തോടെയാണ് ചലച്ചിത്രപ്രദർശനം നടത്തുന്നത്.
രഹസ്യദൗത്യത്തിനിടെ അഫ്ഗാനിസ്താനിലെ ദുരൂഹ പ്രദേശത്ത് കുടുങ്ങിപ്പോയ രഹസ്യ സി.ഐ.എ ഉദ്യോഗസ്ഥനായ ടോം ഹാരിസിന്റെ വേഷമാണ് ബട്ലർ ചെയ്യുന്നത്.
തോക്കുകളാൽ ഭീതിദമായ സാഹചര്യത്തിൽ രക്ഷതേടുന്ന ഉദ്യോഗസ്ഥനെയും അയാളുടെ പരിഭാഷകനെയും ചുറ്റിപ്പറ്റിയാണ് കഥ വികാസംപ്രാപിക്കുന്നത്. യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമയുടെ കഥ. ബട്ലറിനെ കൂടാതെ നവിദ് നെഗഹ്ബാൻ, അലി ഫസൽ, ട്രാവിസ് ഫിമ്മൽ, എൽനാസ് നൊറൂസി, റെബേക്ക കാൽഡർ, ഹക്കീം ജോമ, നീന ടൗസെന്റ് വൈറ്റ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.