കലാശ്രേഷ്ഠ പുരസ്‌കാരം ബിജു പി. നീലേശ്വരത്തിന്
text_fieldsബിജു പി. നീലേശ്വരം
ദമ്മാം: ഇന്ത്യൻ പ്രവാസി കലാസംഘടനയായ 'കലാകുടീരം' വിവിധ കലാരംഗത്ത് പ്രവർത്തിക്കുന്ന പ്രതിഭകൾക്കുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ദമ്മാം നാടകവേദിയുടെ രക്ഷാധികാരിയും നാടകസംവിധായകനും രചയിതാവുമായ ബിജു പി. നീലേശ്വരത്തിന് പ്രവാസ നാടകരംഗത്തെ സമഗ്രസംഭാവനക്ക് കലാശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചു.
ദമ്മാം നാടക വേദിയെന്ന പ്രഫഷനൽ നാടകകൂട്ടായ്മ സ്ഥാപിച്ച് ദമ്മാമിൽ ആദ്യമായി മലയാളി നാടകപ്രേമികൾക്കായി പ്രഫഷനൽ നാടകങ്ങൾ ഒരുക്കിയ നാടകപ്രവർത്തകനാണ് ബിജു പി. നീലേശ്വരം. 30 വർഷമായി നാട്ടിലും വിദേശത്തുമായി നാടക രംഗത്ത് സജീവമായ ബിജു 25 വർഷമായി പ്രവാസിയാണ്. 'ശിഖണ്ഡിനി' എന്ന അദ്ദേഹത്തിെൻറ നാടകം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
സമൂഹത്തിലെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് വേണ്ടി അദ്ദേഹം എഴുതിയ ഈ നാടകം സ്വദേശത്തും വിദേശ രാജ്യങ്ങളിലും അവതരിപ്പിക്കപ്പെട്ടു. 1997 മുതൽ ഗൾഫിൽ വിവിധ സംഘടനകൾക്ക് വേണ്ടി നാടകം എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തുവരുന്നു. കൂടാതെ ദമ്മാം നാടകവേദിക്ക് വേണ്ടി വിവിധ പ്രഫഷനൽ നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തു. പ്രവാസ നാടക രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം കൂടാതെ നാടകം, നൃത്തനാടകം, മിമിക്രി, സംഗീതം, നൃത്തം എന്നീ മേഖലകളിലെ സമഗ്രസംഭവനക്കും വിവിധ പ്രതിഭകൾ പുരസ്‌കാരത്തിന് അർഹരായി.
റിയാസ് നർമകല (ദൃശ്യ കലാരംഗം), ബിജു പി. നീലേശ്വരം (പ്രവാസി നാടക രംഗം), പന്തളം ശുഭ രഘുനാഥ് (സംഗീതം), കൊടുമൺ ഗോപാല കൃഷ്ണൻ (നാടകം), ഹേമന്ത്കുമാർ (നാടക രചന), സുന്ദരൻ കല്ലായി (നൃത്ത നാടകരംഗം), കൊല്ലം സിറാജ് (മിമിക്രി) എന്നിവർക്കാണ് മറ്റ് പുരസ്‌കാരങ്ങൾ. അടുത്ത വർഷം ഏപ്രിൽ 21ന് കൊല്ലം കടയ്ക്കലിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

