കൈരളി ഡാന്‍സ് അക്കാദമി വാർഷികം ആഘോഷിച്ചു
text_fieldsകൈരളി ഡാന്‍സ് അക്കാദമി വാർഷികത്തിൽ അരങ്ങേറ്റം കുറിച്ച കലാകാരികൾ അതിഥികളോടൊപ്പം
റിയാദ്: കലാസ്വാദകർക്ക് മനോഹരമായ ഒരു സായാഹ്നം സമ്മാനിച്ച് നടന വൈഭവം നിറഞ്ഞാടിയ നൃത്തനൃത്യങ്ങളോടെ റിയാദിലെ കൈരളി ഡാന്‍സ് അക്കാദമി 11ാം വാര്‍ഷികം സമാപിച്ചു.
ഭരതനാട്യം, മോഹിനിയാട്ടം എന്നിവ പരിശീലിച്ച 15 വിദ്യാര്‍ഥികളുടെ അരങ്ങേറ്റവും നടന്നു. വേദിയിൽ അവതരിപ്പിച്ച ‘ഏകലവ്യ’ സംഗീത നൃത്തശിൽപം പ്രത്യേക ശ്രദ്ധനേടി. മഹാഭാരതത്തിലെ ഏകലവ്യന് വലതു തള്ളവിരല്‍ ദക്ഷിണയായി ഗുരുവിന് സമ്മാനിക്കുന്ന കഥയാണ് അവതരിപ്പിച്ചത്. മോഹിനിയാട്ടം, ഭരതനാട്യം, സിനിമാറ്റിക്, കഥക് തുടങ്ങിയ നൃത്ത രൂപങ്ങളും അരങ്ങേറി. വാർഷികത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. നൃത്ത കലകൾ അഭ്യസിക്കുന്നത് മാനസികവും ശാരീരികവും സർഗാത്മകവുമായ കുട്ടികളുടെ എല്ലാ കഴിവുകളെയും പരിപോഷിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അക്കാദമിക മേഖലയിലും വലിയ പുരോഗതിയും പ്രയോജനവും പ്രദാനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ കലകൾ പ്രോത്സാഹിപ്പിക്കുവാൻ പ്രയത്നിക്കുന്ന ധന്യ ശരത്തിന്റെ നേതൃത്വത്തിലുള്ള വിദ്യാർഥികളെയും രക്ഷിതാക്കളെയും ശിഹാബ് കൊട്ടുകാട് അഭിനന്ദിച്ചു.
കൈരളി ഡാന്‍സ് അക്കാദമി നൃത്താധ്യാപിക ധന്യാ ശരത് അധ്യക്ഷത വഹിച്ചു. സൗദിയിലെ പുതിയ സാഹചര്യത്തിൽ വാദ്യോപകരണങ്ങളടക്കം കൂടുതൽ ഇനങ്ങൾ ഉൾക്കൊള്ളിച്ച് അക്കാദമി വിപുലമാക്കുവാനും ഏതാനും ബ്രാഞ്ചുകൾ കൂടി തുടങ്ങുവാനും ആഗ്രഹമുണ്ടെന്ന് അവർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
നാട്ടിൽ പഠനം പൂർത്തിയാക്കി മകൻ ദശരത് സ്വാമി തന്റെ കൂടെ ചേരുമെന്ന് ധന്യ അറിയിച്ചു. ലാലു വര്‍ക്കി, ബിനു എം. ശങ്കരന്, വി.ജെ. നസ്റുദ്ദീന്‍, ശരത് സ്വാമിനാഥന്, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജ്, സുധീർ കുമ്മിൾ എന്നിവര്‍ സംസാരിച്ചു. രക്ഷിതാക്കളും കുട്ടികളുമടക്കം നിരവധി പേർ പരിപാടിയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

