കടൽക്കാഴ്ചകളുടെ വിരുന്ന്
text_fieldsയാമ്പു ടൗണിൽ നിന്ന് 90 കിലോമീറ്റർ അകലെ അൽ റൈസ് ബീച്ച് മലയാളികളുൾപ്പെടെ സഞ്ചാരികളുടെ പ്രിയതീരമാണ്. യാമ്പു^- ജിദ്ദ ഹൈവേ റോഡിലെ അൽ റൈസ് ടൗണിൽ നിന്ന് വലതു ഭാഗത്തായി അൽപം മാറിയാണ് പ്രകൃതിഭംഗിയുടെ ഇൗ ശാന്തിതീരം. അന്തിക്കാഴ്ചകൾ ആസ്വദിച്ച് ടെൻറുകളിൽ രാപാർക്കാൻ സ്വദേശികൾ ധാരാമെത്തുന്നിടം. വാരാന്ത്യ അവധി ദിനങ്ങളിൽ നൂറ് കണക്കിന് പ്രവാസികളും പ്രകൃതിരമണീയത നുകരാൻ കൂട്ടത്തോടെ വരുന്നു. സന്ദർശകർക്ക് ഉല്ലാസത്തിെൻറ വിരുന്നൊരുക്കാൻ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടിവിടെ. കുട്ടികൾക്ക് കളിസ്ഥലങ്ങൾ, കുടുംബസമ്മേതം കാഴ്ചകൾ ആസ്വദിച്ചിരിക്കാനുള്ള സ്പോട്ടുകൾ, വിവിധ ആകൃതിയിലുള്ള എണ്ണമറ്റ വിശ്രമ കൂടാരങ്ങൾ എന്നിവ തീരത്ത് സജ്ജം. സ്‌കൂൾ അവധി ദിനങ്ങളിൽ സൈക്കിൾ സവാരിക്കും പന്ത് കളിക്കും വേണ്ടി കുട്ടികൾ കുടുംബസമ്മേതം ഇവിടെ എത്തുന്നു.
മറൈൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി ആധുനിക സൗകര്യങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് ബീച്ചിൽ. നീന്തലും, മീൻപിടിത്തവും നടക്കുന്ന അൽ റൈസ് ബീച്ചിൽ കടൽ ടൂറിസത്തിനായി ബന്ധപ്പെട്ട വകുപ്പുകൾ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. മറൈൻ വിനോദ സഞ്ചാര കമ്പനികൾ സന്ദർശകർക്കായി ബോട്ടുയാത്രകളും കടൽയാത്രാ പാക്കേജുകളും ഒരുക്കുന്നു. അറബിക്കടലിലേതുപോലെ തിരമാലകൾ ചെങ്കടലില്ല. അൽ റൈസ് ബീച്ചിലെ തീരത്തോടടുത്തുള്ള കടലിെൻറ ഭാഗങ്ങളിൽ ആഴം കുറവായതിനാൽ സഞ്ചാരികൾക്ക് അപകടസാധ്യത പൊതുവെ കുറവാണെന്ന് സ്വദേശികൾ പറയുന്നു. അൽ റൈസിലെ ബീച്ചുകളിൽ എപ്പോഴും മിതമായ കാലാവസ്ഥയാണ്. കടലിൽ സവാരി ചെയ്യാനും വിനോദത്തിനും നിരവധി പേർ അവധി ദിനങ്ങളിൽ ഇവിടെയെത്തുന്നു. സ്വദേശികൾക്കൊപ്പം വിദേശികളായ പ്രവാസികളും സായന്തനങ്ങളിൽ മീൻപിടിക്കാനായി ഈ ബീച്ചിൽ വരുന്നുണ്ട്. ധാരാളം മീൻ ലഭിക്കുന്നതായി ബീച്ചിൽ ടെൻറ് നിർമിച്ചുകൊടുക്കുന്ന കമ്പനിയിലെ സുഡാനി ജീവനക്കാരനായ അഹ്‌മദ് പറഞ്ഞു.
കടൽ തീരത്തെ സൂര്യാസ്തമയവും സൂര്യോദയവും വർണാഭമായ കാഴ്ചയാണ് സഞ്ചാരികൾക്ക് പകർന്നു നൽകുന്നതെന്ന് ടെൻറിൽ രാപ്പാർക്കാനെത്തിയ യാമ്പുവിലെ മലയാളികൾ സാക്ഷ്യപ്പെടുത്തുന്നു. വേറിട്ട വർണ മത്സ്യങ്ങൾ കോർണിഷ് ഭാഗങ്ങളിൽ സുലഭമാണ്. വിനോദ സഞ്ചാരികൾക്ക് കടൽകാഴ്ചകൾ ആവോളം ആസ്വദിക്കാനും മനോഹാര ദൃശ്യങ്ങൾ കാണാനും ശാന്തമായ അൽ റൈസ് കോർണിഷ് തീരം അനുയോജ്യമാണ്. മികച്ച വിനോദ സഞ്ചാരമേഖലയായി ഈ പ്രദേശത്തെ മാറ്റുവാൻ ടൂറിസം അതോറിറ്റി സൗകര്യങ്ങൾ ഒരുക്കാൻ സജീവമായി രംഗത്തുണ്ട്. സൗദി പ്രസ് ഏജൻസി നേരത്തെ നടത്തിയ ഒരു സർവെ റിപ്പോർട്ടിൽ സന്ദർശകരെ ഏറെ ആകർഷിക്കുന്ന സൗദിയിലെ മികച്ച ബീച്ചുകളിൽ ഒന്നായി അൽ റൈസ് ബീച്ച് അടയാളപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
