കെ. കരുണാകരന്‍ ദേശീയവാദിയും തികഞ്ഞ മതേതര വിശ്വാസിയുമായിരുന്നു -ആലങ്കോട് ലീലാകൃഷ്ണന്‍
text_fieldsഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി കെ. കരുണാകരന്‍ അനുസ്മരണ പരിപാടിയിൽ ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തുന്നു
റിയാദ്: മതനിരപേക്ഷ നിലപാടും മതേതര ആത്മീയതയും കൈകോര്‍ത്തപ്പോഴാണ് ഇന്ത്യ യഥാർഥത്തില്‍ മതേതര രാഷ്ട്രമായതെന്ന് സാഹിത്യകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ ദേശീയവാദിയും തികഞ്ഞ മതേതര വിശ്വാസിയുമായിരുന്നുവെന്നും ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കെ. കരുണാകരന്‍ അനുസ്മരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തവേ അദ്ദേഹം പറഞ്ഞു.
ഒമ്പത് എം.എൽ.എമാരില്‍നിന്ന് കരുണാകരന്‍ പടുത്തുയര്‍ത്തിയതാണ് കേരളത്തിലെ ഐക്യമുന്നണി ഭരണം. മുസ്‌ലിം ലീഗിനെയും കേരള കോണ്‍ഗ്രസിനെയും കൂടെ കൂട്ടി ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും സാമൂഹിക നീതി ഉറപ്പുവരുത്താന്‍ ശ്രമിച്ച രാഷ്ട്രീയ ചാണക്യനാണ് കെ. കരുണാകരന്‍. സി.പി.എം പോളിറ്റ് ബ്യൂറോ ചരിത്രം പഠിക്കാത്തതുകൊണ്ടാണ് ഇന്ത്യയില്‍ ഫാഷിസം പിടിമുറുക്കിയിട്ടില്ലെന്ന് പറയുന്നത്. ഇന്ത്യയില്‍ ലക്ഷണമൊത്ത ഫാഷിസമാണുളളതെന്ന് ചരിത്രം മനസ്സിലാക്കുന്നവര്‍ക്ക് തിരിച്ചറിയാന്‍ കഴിയും. ഇതുപറയാന്‍ പലര്‍ക്കും ഭയമാണ്.
യൂറോപ്യന്‍ ഫാഷിസം രണ്ട് ലോക മഹായുദ്ധങ്ങളുടെ ഇടവേളകളില്‍ താല്‍ക്കാലികമായി സംഭവിച്ചതാണ്. മുസോളിനി, ഹിറ്റ്‌ലര്‍ എന്നിവരുടെ ഫാഷിസ്റ്റ് സിദ്ധാന്തങ്ങള്‍ക്ക് ആഴമേറിയ അടിവേരുകളില്ല. എന്നാല്‍ ഇന്ത്യന്‍ ഫാഷിസം ബ്രാഹ്മണ മതങ്ങള്‍ ബുദ്ധനെ തോൽപിച്ച കാലം മുതല്‍ വേരൂന്നിയ സവര്‍ണ ഫാഷിസമാണ്. സഹസ്രാബ്ദങ്ങളായി തണുത്തു കിടക്കുന്ന ഇതിന്റെ അടിസ്ഥാനം ചാതുര്‍വര്‍ണ്യമാണ്. സവര്‍ണ ഫാഷിസത്തെ തോൽപിച്ചതില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്കും കോണ്‍ഗ്രസിനും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും കമ്യൂണിസ്റ്റുകള്‍ക്കും പങ്കുണ്ട്. എന്നാല്‍ ചരിത്രം പഠിക്കാന്‍ താല്‍പര്യം ഇല്ലാത്തതുകൊണ്ടാണ് ഇന്ത്യന്‍ ഫാഷിസം താല്‍ക്കാലികമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ വിലയിരുത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നൂറുകൊല്ലം പ്രവര്‍ത്തിച്ചതിന്റെ ഇരട്ടി ശക്തിയിലാണ് അടുത്ത 10 വര്‍ഷം സവര്‍ണ ഫാഷിസം പ്രവര്‍ത്തിക്കാന്‍ പോകുന്നത്. ഫാഷിസത്തെ തോൽപിക്കാന്‍ ഫാഷിസത്തിന് കഴിയില്ല. ജനാധിപത്യം ശക്തിപ്പെടുത്തുകയാണ് പരിഹാരമാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മുഹമ്മദലി മണ്ണാര്‍ക്കാട് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് സലിം കളക്കര ഉദ്ഘാടനം ചെയ്തു. മലപ്പുറം ഡി.സി.സി മെമ്പർ ആടാട്ട് വാസുദേവന്‍, നിഷാദ് ആലംകോട്, നാസർ വലപ്പാട്, ഡോ. കെ.ആർ. ജയചന്ദ്രൻ, ജയൻ കൊടുങ്ങല്ലൂർ, യഹിയ കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു. ശുകൂർ ആലുവ ആമുഖ പ്രഭാഷണം നിർവഹിച്ചു. ഷാനവാസ് മുനമ്പത് സ്വാഗതവും ഷബീർ വരിക്കാപ്പള്ളി നന്ദിയും പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

