മരുഭൂമിയിലെ ഏകാന്ത വിസ്മയം 'ജൂദാ തമ്പ്' സഞ്ചാരികളെ ആകർഷിക്കുന്നു
text_fieldsദമ്മാം: കൗതുകവും വിസ്മയവും ഒരുപോലെ ഉണർത്തുന്ന പ്രകൃതിയുടെ അപൂർവ സൃഷ്ടിയായ 'ജൂദാ തമ്പ്' സഞ്ചാരികളുടെ മനം കവരുന്നു. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ജൂദാ എന്ന ചെറു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ ശിലാരൂപം 'ജൂദാ തമ്പ്' എന്നും 'ഡെവിൾസ് തമ്പ്' എന്നും അറിയപ്പെടുന്നു. മരുഭൂമിയിലെ ഏകാന്തതയുടെ വിസ്മയക്കാഴ്ചയാണ്.ദമ്മാമിൽ നിന്ന് റിയാദ് റോഡിൽ ഏകദേശം 180 കിലോമീറ്റർ സഞ്ചരിച്ചാൽ ജൂദായിൽ എത്താം.
ജൂദായിലെ പ്രധാന റോഡിൽനിന്ന് ഏകദേശം അരമണിക്കൂറോളം മരുഭൂമിയിലൂടെ യുള്ള ഓഫ്റോഡ് യാത്ര ചെയ്യണം ഇവിടെ എത്താൻ. ടാർ ചെയ്ത പാതകളില്ലെങ്കിലും ഉറച്ച മണലും ചരലും നിറഞ്ഞ വഴിയിലൂടെ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുള്ള വാഹനങ്ങൾക്ക് അനായാസം എത്തിച്ചേരാനാകും.
ജൂദാ എന്ന ചെറുപട്ടണത്തിന് വടക്കുകിഴക്കായി വിശാലമായ നെഫുദ് മരുഭൂമിയുടെ പശ്ചാത്തലത്തിൽ ഒറ്റക്ക് തലയുയർത്തി നിൽക്കുകയാണ് ഈ ഭീമൻ മൺപാറ. ഏകദേശം 50 മീറ്റർ ഉയരമുള്ള ശിലാരൂപം ദൂരെ നിന്നുതന്നെ സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കും. ചുറ്റുപാടും മണൽപ്പരപ്പും വിജനതയും മാത്രം. ആ ഏകാന്തത ക്കി ടയിൽ ആരോ എടുത്തുവെച്ചതുപോലെ തോന്നിക്കുന്ന പാറയുടെ രൂപം പ്രകൃതിയുടെ അത്ഭുതകരമായ ശിൽപവൈഭവത്തിന് ഉദാഹരണമാണ്. തെളിഞ്ഞ കാലാവസ്ഥയിൽ നാലു കിലോമീറ്ററോളം അകലെ നിന്നുപോലും ഈ ശിലാരൂപം കാണാനാകും. അടുത്തുള്ള ജൂദാ പട്ടണത്തിന്റെ പേരിൽ നിന്നാണ് ഇതിന് 'ജൂദാ തമ്പ്' എന്ന പേര് ലഭിച്ചത്.
തള്ളവിരലിനോട് സാമ്യമുള്ള രൂപമില്ലെങ്കിലും മരുഭൂമിയിലെ വിചിത്രമായ ഒറ്റനിൽപ്പാണ് ഇതിനെ 'ഡെവിൾസ് തമ്പ്' എന്ന പേരിൽ അറിയപ്പെടാൻ ഇടയാക്കിയത്. സ്കൗട്ട് സംഘമാണ് ഈ വിശേഷണം നൽകിയതെന്നും പറയപ്പെടുന്നു.
ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് ജൂദാ തമ്പ് മികച്ചൊരു അനുഭവമാണ് സമ്മാനിക്കുന്നത്. ഉദയസൂര്യന്റെ സ്വർണവെളിച്ചം പാറയുടെ പ്രതലത്തിൽ പതിയുമ്പോഴും അസ്തമയസൂര്യന്റെ ചുവപ്പും ഓറഞ്ചും കലർന്ന വർണങ്ങൾ മരുഭൂമിയെ പൊതിയുമ്പോഴും ഇവിടം അതിമനോഹരമായ കാഴ്ചയായി മാറുന്നു. വിശാലമായ മണൽപ്പരപ്പിനിടയിൽ ഒറ്റപ്പെട്ടുനിൽക്കുന്ന പാറയുടെ ദൃശ്യം പ്രകൃതിഛായാഗ്രാഹകർക്ക് അപൂർവമായ ഫ്രെയിമുകൾ ഒരുക്കുന്നു.
ക്യാമ്പിങ്ങിനും നക്ഷത്രനിരീക്ഷണത്തിനും അനുയോജ്യമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. നഗരവെളിച്ചങ്ങളുടെ ശല്യമില്ലാത്തതിനാൽ രാത്രിയിൽ ആകാശം നക്ഷത്രങ്ങളാൽ നിറയുന്ന കാഴ്ച വിസ്മയകരമാണ്.
നിശ്ശബ്ദമായ മരുഭൂമിയിൽ ആകാശത്തേക്ക് കണ്ണുനട്ടിരിക്കുമ്പോൾ പ്രകൃതിയുടെ വിശാലതയും മനുഷ്യന്റെ ചെറുതായ അസ്തിത്വവും ഒരുപോലെ അനുഭവിച്ചറിയാം. സമീപ പ്രദേശങ്ങളിൽ ചെറിയ ഗുഹകളും വിചിത്രമായ ആകൃതികളിലുള്ള മറ്റു മൺതിട്ടകളും കാണാം. പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശങ്ങളിലൂടെയുള്ള ഓഫ്റോഡ് ഡ്രൈവും സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്ക് വേറിട്ട അനുഭവമാണ്.
ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ് സന്ദർശനത്തിന് ഏറ്റവും അനുയോജ്യം. രാവിലെയോ വൈകുന്നേരമോ യാത്ര തിരിക്കുന്നത് നല്ലതാണ്. പ്രദേശത്ത് ഭക്ഷണശാലകളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ലഭ്യമല്ലാത്തതിനാൽ ആവശ്യമായ സാധനങ്ങൾ കരുതണം. ക്യാമ്പിങ് ആസൂത്രണം ചെയ്യുന്നവർ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുകയും പ്രാദേശിക നിയന്ത്രണങ്ങൾ പാലിക്കുകയും വേണം.
നഗരജീവിതത്തിന്റെ തിരക്കുകളും പതിവ് കാഴ്ചകളും വിട്ട് ഒരൽപ്പം സാഹസികതയും പ്രകൃതിയുടെ നിശ്ശബ്ദതയും തേടുന്നവർക്ക് ജൂദാ തമ്പ് വേറിട്ടൊരു ലക്ഷ്യസ്ഥാനമാണ്. ദമ്മാമിലും ജുബൈലിലും അൽഖോബാറിലുമൊക്കെയായി കഴിയുന്ന മലയാളികൾക്ക് വാരാന്ത്യത്തിൽ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം യാത്ര പോകാൻ പറ്റിയ ഒരിടമാണിത്. മരുഭൂമിക്ക് നടുവിൽ കാലത്തിന്റെ കാറ്റുകളെ അതിജീവിച്ച് ഒറ്റക്ക് തലയുയർത്തി നിൽക്കുന്ന ആ ഭീമൻ ശിലക്കരികിലെത്തുമ്പോൾ പ്രകൃതിയുടെ വിസ്മയങ്ങൾ എത്രമാത്രം അതിരുകളില്ലാത്തതാണെന്ന് തിരിച്ചറിയാം. അതാണ് ഒരുപക്ഷേ ജൂദാ തമ്പ് യാത്രയുടെ ഏറ്റവും വലിയ സമ്മാനം.

