ജുബൈൽ വാഹനാപകടം: പരിക്കേറ്റവർ ഇപ്പോഴും ചികിത്സയിൽ
text_fieldsഅപകടത്തിൽപ്പെട്ട വാഹനങ്ങൾ
ജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ നാല് പേരുടെ മരണത്തിന് ഇടയാക്കിയ രണ്ടു ബസുകളും വോൾവോ ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവർ ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്.
ഇന്ത്യക്കാരായ ഗഫൂർ അഹമ്മദ്, രാകേഷ് ചൗഹാൻ, മുഹമ്മദ് റഫീഖ് എന്നിവർ ജുബൈൽ അൽ മന ആശുപത്രിയിലും മറ്റൊരു ഇന്ത്യാക്കാരനായ മഹേഷ് മന്ദ, നേപ്പാൾ സ്വദേശി രാജാ റാം മെഹ്റ ശമർ എന്നിവർ ജുബൈൽ ജനറൽ ആശുപത്രിയിലും പരിക്കേറ്റ് ചികിത്സയിലാണ്. രണ്ട് ബംഗ്ലാദേശികളും ഇന്ത്യൻ, പാകിസ്താൻ പൗരന്മാരും ഉൾപ്പെടെ നാലു പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
ഇന്ത്യൻ പൗരൻ ആബിദ് അൻസാരി (25), ബംഗ്ലാദേശികളായ മസൂം അലി (45), മുഹമ്മദ് ഈസ സർദാർ (22), പാകിസ്താൻ പൗരൻ ഷെഹ്സാദ് അബ്ദുൽഖയൂം (30) എന്നിവരാണ് മരിച്ചത്. ജുബൈലിൽ നിർമാണത്തിലിരിക്കുന്ന പുതിയ റിയാദ് റോഡിലാണ് സംഭവം നടന്നത്. റിയാസ് എൻ.ജി.എൽ പ്രൊജക്ടിലെ ജോലിക്കാരായിരുന്നു മരിച്ചവർ. പാകിസ്താൻ പൗരൻ ഓടിച്ചിരുന്ന വോൾവോ ട്രക്ക് നടുവിലെ ട്രാക്കിൽ സഞ്ചരിക്കുകയായിരുന്ന അശോക് ലെയ്ലാൻറ് ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബസ് വേഗത കുറഞ്ഞ ട്രാക്കിൽ സഞ്ചരിച്ചിരുന്ന ടാറ്റ ബസിൽ ഇടിച്ചു.
അശോക് ലെയ്ലാന്റ് ബസിൽ ഉണ്ടായിരുന്നവരാണ് പരിക്കേറ്റവരും മരിച്ചവരും. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
മൃതദേഹങ്ങൾ സഫ്വ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണെന്ന് ഔദ്യോഗിക നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

