ശക്തമായ മഴയെ പ്രതിരോധിക്കാൻ സജ്ജം; അത്യാധുനിക ഡ്രെയിനേജ് സംവിധാനവുമായി ജുബൈൽ റോയൽ കമീഷൻ
text_fieldsജുബൈൽ: കനത്ത മഴയിലും നഗരജീവിതം തടസ്സപ്പെടാതിരിക്കാൻ രാജ്യാന്തര നിലവാരത്തിലുള്ള അത്യാധുനിക മഴവെള്ള ഡ്രെയിനേജ് സംവിധാനം സജ്ജമാക്കി ജുബൈൽ റോയൽ കമീഷൻ. നൂറു വർഷത്തിലൊരിക്കൽ സംഭവിക്കാവുന്ന അതിശക്തമായ മഴയെപ്പോലും അതിജീവിക്കാൻ ശേഷിയുള്ള രീതിയിലാണ് ശൃംഖല വിഭാവനം ചെയ്തിരിക്കുന്നത്. നഗരത്തിലെ ജനവാസ കേന്ദ്രങ്ങളെയും വ്യവസായ മേഖലകളെയും വെള്ളക്കെട്ടിൽ നിന്ന് പൂർണമായും സംരക്ഷിക്കുന്നതിനൊപ്പം, സുഗമമായ ഗതാഗതം ഉറപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
ഏകദേശം 631 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന വിപുലമായ പൈപ്പ് ലൈനുകളും ചാലുകളുമാണ് ഈ സംവിധാനത്തിന്റെ കരുത്ത്. 1,600 കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡ് ശൃംഖലയിലെ മഴവെള്ളം അതിവേഗം ഒഴുക്കിക്കളയുന്നതിനായി 13,500 സർഫസ് ഡ്രെയിനേജ് യൂനിറ്റുകളും, 3,700 പാർശ്വ ഡ്രെയിനേജ് യൂനിറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, ആയിരത്തോളം ഭൂഗർഭ പാതകൾ (കൽവർട്ടുകൾ) വഴി തടസ്സമില്ലാത്ത നീരൊഴുക്ക് ഉറപ്പാക്കുന്നു.
മഴക്കാലത്തെ മുൻകൂട്ടി കണ്ടുകൊണ്ടുള്ള അടിയന്തര കർമ്മപദ്ധതികളും വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന കൃത്യമായ അറ്റകുറ്റപ്പണികളും റോയൽ കമീഷൻ നടപ്പിലാക്കുന്നുണ്ട്. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ സംയോജിത ഡ്രെയിനേജ് സംവിധാനം സൗദി അറേബ്യയിലെ നഗരവികസന മാതൃകകളിൽ ശ്രദ്ധേയമായ ചുവടുവെപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

