ജുബൈലിെൻറ പ്രിയപ്പെട്ട നഴ്സ് സൂസന്ന ഈശോ പ്രവാസത്തോട് വിടപറയുന്നു
text_fieldsജുബൈൽ: ആതുര സേവന രംഗത്ത് മൂന്നു പതിറ്റാണ്ടിെൻറ നിറവുമായി ജുബൈലിെൻറ പ്രിയപ്പെട്ട നഴ്സ് സൂസന്ന ഈശോ പ്രവാസത്തോടു വിടപറയുന്നു. നഴ്‌സിങ് കേവലം ഒരു ജോലി മാത്രമായിരുന്നില്ല സൂസന്നക്ക്.
ജാതിയും മതവും ദേശ ഭാഷകളും നോക്കാതെ ജുബൈൽ ജനറൽ ആശുപത്രിയിലെത്തുന്ന നിരാലംബയായ മുഴുവൻ രോഗികൾക്കും ആശ്രയമായിരുന്നു സൂസന്ന സിസ്റ്റർ. നിരാശ്രയരായ രോഗികൾക്ക് കൈത്താങ്ങായി വർത്തിക്കുന്നതിനൊപ്പം നീതി നിഷേധിക്കപെടുന്നവർക്ക് നിയമ പരിരക്ഷ നൽകാൻ വേണ്ടതൊക്കെയും ചെയ്തിരുന്നു. ജുബൈൽ ജനറൽ ആശുപത്രിയിലെ സഹപ്രവർത്തകൻ ഫിസിയോ തെറാപ്പിസ്റ്റ് ഫൈസൽ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ കേസിനു വഴിത്തിരിവായത് സൂസന്നയുടെ സമയോചിത ഇടപെടലായിരുന്നു. ആത്മഹത്യ എന്ന് പൊലീസ് ഏതാണ്ടൊരു തീർപ്പിലെത്തിയ ഫൈസലിെൻറ മരണത്തിൽ അസ്വാഭാവികത ചൂണ്ടിക്കാട്ടി സൂസന്ന അധികൃതർക്കും ഒരു സന്നദ്ധ പ്രവർത്തകനും അയച്ച എസ്.എം.എസ് കേസിനെ അടിമുടി അട്ടിമറിച്ചു.
അതിെൻറ ചുവടുപിടിച്ചു നടന്ന അന്വേഷണത്തിൽ പിടിയിലായ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചിരിക്കുകയാണ്. മറ്റൊരാൾ കാരാഗ്രഹത്തിലും കഴിയുന്നു. ആരോരുമില്ലാതെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ എത്തുന്ന പ്രവാസികളായ രോഗികളുടെ വിവരങ്ങൾ ശേഖരിച്ച് സാമൂഹ്യ പ്രവർത്തകരെയും സംഘടനാ നേതാക്കളെയും അറിയിച്ച് അവരെ നാട്ടിലെത്തിക്കുകയോ ഇവിടെ തന്നെ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിന് നടപടി എടുക്കുകയോ ചെയ്ത ഒട്ടനവധി സംഭവങ്ങളുണ്ട്. ചെങ്ങന്നൂർ ഇഞ്ചൽ ഓടിൽ കെ.വി വർഗീസ്^ -മറിയാമ്മ ദമ്പതികളുടെ ഏഴുമക്കളിൽ രണ്ടാമത്തെ മകളായി ജനിച്ച സൂസന്ന നഴ്‌സിങ് സ്വയം തെരഞ്ഞെടുക്കുകയായിരുന്നു.
1984 മെയ് 17 ജുബൈലിലെ സർക്കാർ ഡിസ്പെൻസറിയിൽ നഴ്സ് ആയി ആതുര സേവനം ആരംഭിച്ചു. 33 വർഷമായി തലമുറകളുടെ അന്തരമില്ലാതെ ജുബൈലുകാർക്കു സുപരിചിതയായ സൂസന്നയെ നിരവധി പുരസ്‌കാരങ്ങൾ തേടിയെത്തി. പ്രവാസ ലോകത്തെ സംഘടനകളായ റിയാദ് ഫ്രണ്ട്സ് ക്രിയേഷൻസ്, റഹിമയിലെ ഓർമ്മ, ജുബൈൽ ഗ്ലോബൽ മലയാളി കൗൺസിൽ, ദമ്മാം വേൾഡ് മലയാളി കൗൺസിൽ, എടത്വ കോളജ് അലുംനി അസോസിയേഷൻ എന്നിവർ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.
വലിയൊരു സൗഹൃദ വലയത്തിനു ഉടമയായ സൂസന്ന നാട്ടിലുള്ള ഭർത്താവ് പി.ഇ ഈശോയുമൊത്ത് ജീവകാരുണ്യ മേഖലയിൽ തുടരാനാണ് ആഗ്രഹമെന്ന് ഗൾഫ് മാധ്യമത്തോട് പറഞ്ഞു. മാതാ പിതാക്കളുടെ സേവന സന്നദ്ധതയിൽ പൂർണ്ണ പിന്തുണയുമായി മക്കൾ ബ്ലെസ്സനും ബിജോയും ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
