വാഹനാപകടം തളർത്തിയ അബ്ദുൽ സമദിന് കൈത്താങ്ങായി ജുബൈൽ മലയാളി സമാജം
text_fieldsഅബ്ദുൽ സമദിനുള്ള ചികിത്സാ സഹായ രേഖകൾ ജുബൈൽ മലയാളി സമാജം പ്രസിഡൻറ് ബൈജു അഞ്ചൽ സുഹൃത്തുക്കൾക്ക് കൈമാറുന്നു
ജുബൈൽ: വാഹനാപകടത്തെത്തുടർന്ന് ഇരു കാലുകളും നഷ്ടപ്പെട്ട കണ്ണൂർ ഇരിക്കൂർ പെരുവളത്തുപറമ്പ് സ്വദേശി അബ്ദുൽ സമദിന് സ്നേഹത്തണലൊരുക്കി ജുബൈൽ മലയാളി സമാജം. സമദിന് കൃത്രിമ കാൽ വെച്ചുപിടിപ്പിക്കുന്നതിനായി സമാഹരിച്ച ചികിത്സാ ഫണ്ട് സമാജം ഭാരവാഹികൾ കുടുംബത്തിന് കൈമാറി.
കഴിഞ്ഞ ഒക്ടോബറിൽ ഖഫ്ജിയിൽ നിന്ന് മടങ്ങുന്നതിനിടെ അബൂ ഹൈദരിയ റോഡിലുണ്ടായ വാഹനാപകടത്തിലാണ് അബ്ദുൽ സമദിന് ഗുരുതരമായി പരിക്കേറ്റത്. ചികിത്സയുടെ ആദ്യഘട്ടത്തിൽ അൽ മന ആശുപത്രിയിൽ വെച്ച് ഒരു കാൽ മുറിച്ചുമാറ്റിയിരുന്നു. പിന്നീട് സുമനസ്സുകളുടെയും സാമൂഹിക പ്രവർത്തകൻ എബ്രഹാം മാത്യുവിെൻറയും ഇടപെടലിലൂടെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് ഇദ്ദേഹത്തെ നാട്ടിലെത്തിച്ചത്. എന്നാൽ നാട്ടിൽ ചികിത്സ തുടരുന്നതിനിടെ അണുബാധ പടർന്നതിനെത്തുടർന്ന് രണ്ടാമത്തെ കാലും മുറിച്ചുമാറ്റേണ്ടി വന്നു.
തുടർന്ന് കൃത്രിമ കാൽ സ്ഥാപിക്കുന്നതിനായി സമദ് സഹായം അഭ്യർത്ഥിച്ചതോടെ, സമാജം പ്രസിഡൻറ് ബൈജു അഞ്ചൽ വിഷയം സംഘടനയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ദൗത്യം ഏറ്റെടുക്കുകയുമായിരുന്നു. കൃത്രിമ കാലുകൾക്കായി 1,60,000 രൂപയാണ് ആവശ്യമായിരുന്നതെങ്കിലും സമാജം എക്സിക്യൂട്ടീവ് അംഗങ്ങളുടെ സജീവ സഹകരണത്തോടെ വെറും രണ്ട് ദിവസത്തിനുള്ളിൽ 2,21,000 രൂപ സമാഹരിക്കാൻ സാധിച്ചു.
ബദർ ആശുപത്രിൽ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡൻറ് ബൈജു അഞ്ചൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ മൂസ അറയ്ക്കൽ, നാസറുദ്ദീൻ പുനലൂർ, ഷാജഹാൻ ഖുൽഫി, ജനറൽ സെക്രട്ടറി സന്തോഷ് ചക്കിങ്കൽ എന്നിവർ സന്നിഹിതരായിരുന്നു. ധനസഹായം കൈമാറിയതിെൻറ രേഖകൾ സമദിെൻറ സുഹൃത്തുക്കളായ മുസ്തഫ, അഷ്റഫ്, ഹമീദ് പയ്യോളി, ബന്ധുവായ മൂസ എന്നിവർ ഏറ്റുവാങ്ങി.
സമാജം പ്രവർത്തകരായ മുബാറക് ഷാജഹാൻ, അഷ്റഫ് നിലമേൽ, ഷഫീഖ് താനൂർ, അഡ്വ. ജോസഫ് മാത്യു മാമൂടൻ, ഗിരീഷ് കുമാർ, നവീൻ കൊത്തേരി, ബെൻസൺ, ഷൈലകുമാർ എന്നിവരും സാമൂഹിക പ്രവർത്തകരായ ഹമീദ് പയ്യോളി, ശിഹാബ് മങ്ങാടൻ, റൗഫ്, ഷിനോജ്, ജലീൽ, മൂസ, മുഹമ്മദലി തളിക്കുളം, ഖലീദ് കൊല്ലം, അഫ്സൽ, നിസ്സാം തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. സന്തോഷ് ചക്കിങ്കൽ സ്വാഗതവും മൂസ അറയ്ക്കൽ നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

