സുസ്ഥിര വികസനം ലക്ഷ്യമിട്ട് ജുബൈൽ വ്യവസായ നഗരം
text_fieldsജുബൈൽ വ്യവസായ നഗരം
ജുബൈൽ: ‘ഇൻഡസ്ട്രിയൽ ക്ലസ്റ്ററുകൾ സുസ്ഥിരതയിലേക്ക്’ എന്ന തലക്കെട്ടിൽ സ്വിറ്റ്സർലൻഡിലെ ദാവോസിൽ, വേൾഡ് ഇക്കണോമിക് ഫോറം ആക്സഞ്ചർ, ഇലക്ട്രിക് പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് നടത്തുന്ന ആഗോള സംരംഭത്തിൽ ജുബൈൽ വ്യവസായ നഗരവും പങ്കാളിയായി. വ്യവസായിക ക്ലസ്റ്ററുകളുടെ കാർബൺ നിർമാർജനം ത്വരിതപ്പെടുത്തൽ, സാമ്പത്തിക വളർച്ചയോടൊപ്പം പരിസ്ഥിതി സന്തുലനം എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആഗോള സുസ്ഥിര വികസനത്തിൽ ഏറെ പ്രതിബദ്ധത പ്രകടിപ്പിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. വേൾഡ് ഇക്കണോമിക് ഫോറം വാർഷികയോഗത്തിൽ ജുബൈൽ-യാംബു റോയൽ കമീഷൻ പ്രസിഡന്റ് എൻജി. ഖാലിദ് അൽ സാലെം ആഗോള സംഘടനാ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ആഗോള സംരംഭ കരാറിൽ ഒപ്പിട്ടു.
ആസ്ട്രേലിയയുടെ മൊത്തം വാർഷിക ബഹിർഗമനത്തിന് തുല്യമായ പ്രതിവർഷം ഏകദേശം 65 കോടി ടൺ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുറക്കാൻ ഈ സംരംഭം ലോകമെമ്പാടുമുള്ള വ്യവസായിക ക്ലസ്റ്ററുകളെ പിന്തുണക്കും. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വ്യവസായിക നഗരങ്ങളെ ശാക്തീകരിക്കുക എന്നതും ലക്ഷ്യങ്ങളാണ്. കാലാവസ്ഥാ വെല്ലുവിളികളെ നേരിടുന്നതിനും പരിസ്ഥിതി സൗഹൃദ വ്യവസായിക രീതികളിലേക്കുള്ള മാറ്റത്തിനുമായി സർക്കാരുകൾ, കോർപറേറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള സഹകരണത്തിനുള്ള വേദി കൂടിയാണിത്. ഈ സംരംഭത്തിൽ ചേരുന്ന മിഡിലീസ്റ്റിലെ ആദ്യത്തെ വ്യവസായിക നഗരമാണ് ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റി.
വ്യവസായിക സുസ്ഥിരതക്കായി മികച്ച രീതികൾ പരീക്ഷിക്കാനുള്ള റോയൽ കമീഷന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രതിഫലിപ്പിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.
ഈ മേഖലയിൽ സൗദിയുടെ മാതൃകപരമായ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതാണിത്. സൗദി അറേബ്യയുടെ സ്വപ്ന പദ്ധതിയായ ‘സൗദി വിഷൻ 2030’മായി ചേർന്ന് നിൽക്കുന്നതാണ് ആഗോള വ്യവസായിക ക്ലസ്റ്ററുകളിലെ സുസ്ഥിര വികസന നവീകരണ കാഴ്ചപ്പാടുകൾ. വ്യവസായിക മാലിന്യത്തിന്റെ 67ശതമാനം പുനരുപയോഗക്ഷമമാക്കുന്ന സാങ്കേതികവിദ്യകൾ, 46 ലക്ഷം ചതുരശ്ര മീറ്ററിൽ കൂടുതൽ പച്ചപ്പുള്ള സ്ഥലങ്ങൾ, ഊർജ ഉപയോഗവും കാർബൺ ബഹിർഗമനവും കുറക്കുന്ന ജില്ലാതല കൂളിങ് സംവിധാനങ്ങൾ എന്നിവയുൾപ്പെടെ വിപുലമായ അടിസ്ഥാന സൗകര്യങ്ങളാണ് വ്യവസായിക നഗരത്തിനുള്ളത്.
സൗദി ഹൗസ് പവലിയന്റെ കീഴിലാണ് ജുബൈൽ യാംബു റോയൽ കമീഷൻ പങ്കെടുക്കുന്നത്. മൂന്ന് പാനൽ ചർച്ചകളിലൂടെ കമീഷൻ അതിന്റെ ലക്ഷ്യങ്ങളും നേട്ടങ്ങളും വിശദീകരിച്ചു.
ആധുനിക വ്യവസായിക നഗരങ്ങളിലെ ഡിജിറ്റൽ ട്രാസ്ഫർമേഷൻ, പ്ലാനിങ് മാനദണ്ഡങ്ങൾ, സുസ്ഥിര മാനേജ്മെന്റ് മോഡലുകൾ എന്നിവ ചർച്ച ചെയ്യപ്പെട്ടു. സുസ്ഥിരമായ ഭാവിയിലേക്കുള്ള ആഗോള ശ്രമങ്ങളിൽ സൗദി അറേബ്യയുടെ മികവ് പ്രകടിപ്പിക്കുന്നതായിരുന്നു പവലിയൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

