ജുബൈൽ ബോട്ട് അപകടം: പുതുച്ചേരി സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
text_fieldsജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മത്സ്യബന്ധന ബോട്ട് പൈപ്പ് ലൈനിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച പുതുച്ചേരി സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു. ബോട്ട് ഡ്രൈവറായിരുന്ന കുപ്പുസ്വാമി ആദിയുടെ (58) മൃതദേഹമാണ് നിയമനടപടികൾ പൂർത്തിയാക്കി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയത്.
കഴിഞ്ഞ നവംബർ അവസാനത്തിലായിരുന്നു ദാരുണമായ ഈ അപകടം സംഭവിച്ചത്. പുതുച്ചേരി സ്വദേശികളായ കുപ്പുസ്വാമിയും സഹപ്രവർത്തകൻ മണിയും ജുബൈലിനടുത്തുള്ള അൽ ഫറെയിൽനിന്ന് മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയതായിരുന്നു. തീരത്തുനിന്ന് പുറപ്പെട്ട് മുക്കാൽ മണിക്കൂറിനുള്ളിൽ ബോട്ട് കടലിലെ പൈപ്പ് ലൈനിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുപ്പുസ്വാമി കടലിലേക്ക് തെറിച്ചുവീണു. ഉടൻ തന്നെ കൂടെയുണ്ടായിരുന്ന മണി അധികൃതരെ വിവരമറിയിച്ചെങ്കിലും കുപ്പുസ്വാമി മരിച്ചിരുന്നു. അൽപസമയത്തിന് ശേഷമാണ് കടലിൽനിന്ന് മൃതദേഹം കണ്ടെത്താനായത്. അപകടത്തിൽ പരിക്കേറ്റ മണി ചികിത്സയ്ക്ക് ശേഷം നേരത്തെ നാട്ടിലേക്ക് മടങ്ങിയിരുന്നു.
റോയൽ കമീഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഔദ്യോഗിക നടപടികൾക്ക് കെ.എം.സി.സി ജുബൈൽ പ്രവർത്തകർ നേതൃത്വം നൽകി. കുഞ്ഞാലിക്കുട്ടി താനൂർ, നിസാർ താനൂർ, എ.കെ.എം. നൗഷാദ് തിരുവനന്തപുരം എന്നിവരുടെ നേതൃത്വത്തിലാണ് നിയമനടപടികൾ വേഗത്തിലാക്കിയത്. കുപ്പുസ്വാമിയുടെ ഭാര്യയും രണ്ട് മക്കളും പുതുച്ചേരിയിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

