അമ്പതിന്റെ നിറവിൽ ജുബൈൽ, യാംബു റോയൽ കമീഷൻ
text_fieldsജിസാൻ: അമ്പതിന്റെ നിറവിൽ ജുബൈൽ ആൻഡ് യാംബു റോയൽ കമീഷൻ. സൗദിയിലെ സാമ്പത്തിക സ്രോതസ്സിന്റെ മുഖ്യ ഉറവിടങ്ങൾ കൂടിയായി മാറിയ ഇൻഡസ്ട്രിയൽ സിറ്റികൾ റോയൽ കമീഷനു കീഴിലുള്ളതാണ്. ഗോൾഡൻ ജൂബിലി ആഘോഷിക്കാനൊരുങ്ങുന്ന റോയൽ കമീഷൻ അതോറിറ്റി 2030 ആകുമ്പോഴേക്കും സ്വകാര്യ മേഖലയിലെ നിക്ഷേപം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. സൗദി അറേബ്യയുടെ രണ്ടാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി ഫൈസൽ രാജാവിന്റെ കാലത്താണ് രാജ്യത്തിന്റെ വ്യവസായ ഉന്നതി ലക്ഷ്യംവെച്ചു വ്യവസായനഗരങ്ങൾ നിർമിക്കാൻ തീരുമാനിച്ചത്. എണ്ണ ഖനന മേഖലയായ കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലും ചെങ്കടൽ തീരത്തെ വ്യവസായ നഗരമായ യാംബുവിലും ഖാലിദ് രാജാവിന്റെ കൽപന പ്രകാരം 1975 സെപ്റ്റംബർ 21നാണ് ജുബൈൽ,യാംബു റോയൽ കമീഷനു തറക്കല്ലിട്ടത്. റോയൽ കമീഷന്റെ നിർമാണം പൂർത്തീകരിക്കുകയും അതിന്റെ ആദ്യ പ്രസിഡന്റായി മുന്നിൽനിന്നു നയിക്കുകയും ചെയ്തു കൊണ്ട് ഫഹദ് രാജാവാണ് സൗദിയിൽ വ്യവസായ വിപ്ലവത്തിനു തുടക്കം കുറിച്ചത്. ജുബൈലും യാംബുവും അതിന്റെ തുടക്കത്തിൽ തന്നെ ദീർഘകാല പദ്ധതികളിലൂടെയും ഉയർന്ന ഗുണനിലവാരമുള്ള ‘ഇൻഫ്രാസ്ട്രക്ച്ചർ’ നിർമാണത്തിലൂടെയും ഉന്നത ജീവിതനിലവാരത്തിലും രാജ്യത്ത് വ്യതിരിക്തമായി മാറി. ആഗോളതലത്തിൽ തന്നെ മറ്റു വ്യവസായ നഗരങ്ങൾക്ക് ഇന്ന് ജുബൈലും യാംബുവും പുതുമയിലും ബഹുമുഖ പദ്ധതി നടപ്പാക്കി വിജയിപ്പിച്ചതിലും മാതൃക തീർക്കുകയാണ്.
50 വർഷത്തെ പ്രയാണം പൂർത്തിയാക്കിയ വേളയിൽ ഖനന വ്യവസായ മേഖലയെ കൂടുതൽ പരിപോഷിപ്പിക്കാനുള്ള വഴിയിലാണ് റോയൽ കമീഷൻ അതോറിറ്റി. റാസ് അൽ ഖൈർ ഇൻഡസ്ട്രിയൽ സിറ്റിയും സൗദിയുടെ ദക്ഷിണ മേഖലയിലെ വ്യവസായ ഉന്നമനത്തിന് ജിസാനിൽ ‘സിറ്റി ഫോർ പ്രൈമറി ആൻഡ് ഡൗൺ സ്ട്രീം ഇൻഡസ്ട്രിയൽ സിറ്റി’ യും ഇതിനകം ആരംഭിച്ചു കൊണ്ട് സേവന മേഖല വിപുലപ്പെടുത്തിയിട്ടുണ്ട്. പ്രകൃതി വിഭവങ്ങളുടെയും മനുഷ്യ വിഭവങ്ങളുടെയും കൃത്യമായ ആസൂത്രണം കൊണ്ടും ഉപയോഗം കൊണ്ടും സുസ്ഥിരമായ വികസനം റോയൽ കമീഷനു കീഴിലുള്ള എല്ലാ നഗരങ്ങളിലും ദൃശ്യമാണ്.
കഴിഞ്ഞ 50 വർഷത്തെ സൗദിയുടെ ചരിത്രത്തിൽ റോയൽ കമീഷൻ നൽകിയ സംഭാവനകൾ രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിൽ മഹത്തായ പങ്കാണ് വഹിച്ചതെന്ന് സൗദി ഭരണകൂടം വിലയിരുത്തുന്നു. ‘മഹത്തായ ഭാവി, നമ്മുടെ യാഥാർഥ്യം’ എന്ന ടാഗ്ലൈനിൽ ഒരു വർഷം നീളുന്ന വിപുലമായ ആഘോഷപരിപാടികളാണ് അമ്പതാം വാർഷികവുമായി ബന്ധപ്പെട്ട് റോയൽ കമീഷൻ പദ്ധതിയിട്ടിരിക്കുന്നത്. 2175 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന റോയൽ കമീഷനിൽ 20 പെട്രോ കെമിക്കൽ ഇൻഡസ്ട്രികളും 700 വ്യവസായശാലകളും 600 പ്രൊഡക്ഷൻ യൂനിറ്റുകളിലും ഉൾപ്പെടെ മൊത്തം 1329 ബില്യൺ സൗദി റിയാലാണ് ഇൻവെസ്റ്റ് ചെയ്തിരിക്കുന്നത്. 10 കോടി റിയാലിലധികം മൂല്യമുള്ള പുതിയ നിക്ഷേപത്തെക്കുറിച്ച് റോയൽ കമീഷൻ അതോറിറ്റി നടത്തുന്ന പഠനം പുരോഗമിക്കുകയാണെന്നും അടുത്ത രണ്ട് വർഷത്തിനകം ഇത് യാഥാർഥ്യമാകുമെന്നും അധികൃതർ കണക്കുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.