ജെ.പി കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ ത്രീ ഏപ്രിൽ 24 മുതൽ
text_fieldsതറവാട് കുടുംബ കൂട്ടായ്മ ഭാരവാഹികൾ ബാഡ്മിന്റൺ ടൂർണമെന്റ് സംബന്ധിച്ച് വാർത്തസമ്മേളനം നടത്തുന്നു
റിയാദ്: കുടുംബ കൂട്ടായ്മയായ റിയാദിലെ ‘തറവാട്’ സംഘടിപ്പിക്കുന്ന ജെ.പി കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ ത്രീ ഈ മാസം 24, 25, 26 തീയതികളിലായി റിയാദ് എക്സിറ്റ് 16ലെ റഈദ് പ്രോ കോർട്ടിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ രണ്ട് സീസണുകൾക്കും സമാനമായ മത്സരങ്ങളായിരിക്കും ഇത്തവണയും നടക്കുക. തറവാടിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടത്തുന്ന ടൂർണമന്റിൽ സൗദിയിലെയും മറ്റു ഗൾഫ് രാജ്യങ്ങളിലെയും പ്രമുഖ ബാഡ്മിന്റൺ ക്ലബുകളിൽനിന്ന് 500ലധികം കളിക്കാർ പങ്കെടുക്കും.
ഓൺലൈൻ മുഖേനയാണ് കളിക്കാരുടെ രജിസ്ട്രേഷൻ നടക്കുന്നത്. ഏപ്രിൽ 17നാണ് ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി. വിവിധ കാറ്റഗറികളിൽനിന്നും വിജയിക്കുന്ന കളിക്കാർക്ക് ആകർഷകമായ കാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിക്കും. ജുബൈൽ കേന്ദ്രമാക്കി സ്വപ്രയത്നം കൊണ്ട് വ്യവസായ രംഗത്തെ അതികായരിൽ ഒരാളായിമാറിയ ബദറുദ്ദീൻ അബ്ദുൽ മജീദ് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ യൂനിവേഴ്സൽ ഇൻസ്പക്ഷൻ കമ്പനി ലിമിറ്റഡുമായി സഹകരിച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
വാർത്താസമ്മേളനത്തിൽ ബദറുദ്ദീൻ അബ്ദുൽ മജീദിനെ കൂടാതെ തറവാട് ഭാരവാഹികളായ എം.പി. ഷിജു, ശ്രീകാന്ത് ശിവൻ, അഖിൽ കല്ലംപുനത്തിൽ, സന്തോഷ് കൃഷ്ണ, ജോസഫ് കൈലാത്ത്, രമേഷ് മാലി എന്നിവർ പങ്കെടുത്തു. ടൂർണമെന്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 0502863481, 0569320934, 0569514174 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

