ജോസഫ് അതിരുങ്കലിന്റെ പുതിയ പുസ്തകം പ്രകാശനം ചെയ്തു
text_fieldsജോസഫ് അതിരുങ്കലിന്റെ ‘ഗ്രിഗർ സാംസയുടെ കാമുകി’ എന്ന കഥാ സമാഹാരം ശിഹാബുദ്ദീൻ പൊയിത്തുംകടവ്, സുരേഷ് ലാലിന് നൽകി പ്രകാശനം ചെയ്യുന്നു
റിയാദ്: എഴുത്തുകാരനും പ്രഭാഷകനുമായ ജോസഫ് അതിരുങ്കലിന്റെ 'ഗ്രിഗർ സാംസയുടെ കാമുകി' എന്ന കഥാ സമാഹാരം കഥാകൃത്ത് ശിഹാബുദ്ദീൻ പൊയിത്തുംകടവ് പ്രകാശനം ചെയ്തു. ചില്ല സർഗവേദി പ്രതിനിധ സുരേഷ് ലാല് പുസ്തകം ഏറ്റുവാങ്ങി. റിയാദ് അന്താരാഷ്‌ട്ര പുസ്തകമേളയിലെ പൂർണ പബ്ലിക്കേഷൻസ് സ്റ്റാളിൽ നടന്ന ചടങ്ങിൽ ഡോ. കെ.ആർ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. നിരവധിയാളുകൾ പരിപാടിയിൽ പങ്കെടുത്തു.
എല്ലാം കമ്പോളവത്ക്കരിക്കുന്ന, ലാഭം ആത്യന്തികമായി ഒരു സത്യമായി മാറുന്ന കാലത്ത് പ്രണയവും മനുഷ്യൻ തന്നെയും ഇല്ലാതായി പോകുന്ന ദുരന്തത്തെയാണ് ഗ്രിഗർ സാംസയുടെ കാമുകി ആവിഷ്കരിക്കുന്നതെന്നു പൊയ്ത്തുംകടവ് പറഞ്ഞു. ലളിതമായി, പുതിയ കാലത്തെ ജോസഫ് ആവിഷ്കരിക്കുന്നു. ഈ കഥ കൂടുതൽ പഠനത്തിനും ചർച്ചയ്ക്കും വിധേയമാക്കേണ്ടതുണ്ട്. നല്ല വായനക്കാർക്കെല്ലാം ഫ്രാൻസ് കാഫ്കയുടെ 'മെറ്റമോർഫോസിസ്' (രൂപാന്തരീകരണം) പരിചിതമാണ്. മധ്യപൗരസ്ത്യ മേഖലയിൽ ജീവിക്കുന്ന മലയാളി എഴുത്തുകാർ ഭാഷയ്ക്ക് ചെയ്യുന്ന സംഭാവന വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്ക് പ്രിയപ്പെട്ട നിരവധി കഥകളുടെ കർത്താവാണ് ജോസഫെന്ന് അധ്യക്ഷത വഹിച്ച ഡോ. കെ.ആർ. ജയചന്ദ്രൻ പറഞ്ഞു. ഇബ്രാഹിം സുബഹാൻ, പ്രതാപൻ തായാട്ട്, ബീന ഫൈസൽ, ഷിബു ഉസ്മാൻ, പ്രമോദ് കോഴിക്കോട്, ഹണി വർഗീസ് തുടങ്ങിയവർ സംസാരിച്ചു. പൂർണ പബ്ലിക്കേഷൻസ് എം.ഡി മനോഹർ സ്വാഗതവും ജോസഫ് അതിരുങ്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

