വിദഗ്ധ തൊഴിലുകളിലേർപ്പെടുന്നവർക്ക് 'തൊഴിൽ പരീക്ഷ' ആരംഭിച്ചു
text_fieldsജിദ്ദ: സൗദിയിൽ വിദഗ്ധ തൊഴിലുകളിലേർപ്പെടുന്നവർക്ക് 'തൊഴിൽ പരീക്ഷ' ആരംഭിച്ചു. വിദേശകാര്യ മന്ത്രാലയം, സാേങ്കതിക, തൊഴിലധിഷ്ഠിത പരിശീലനത്തിനായുള്ള ജനറൽ ഒാർഗനൈസേഷൻ എന്നിവയുമായി സഹകരിച്ച് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. സൗദി തൊഴിൽ വിപണിയിലെ പ്രഫഷനൽ തൊഴിലാളികളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനും ജോലിക്കായി സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന തൊഴിലാളി ആവശ്യമായ അടിസ്ഥാന കഴിവുകളുള്ള പ്രഫഷനൽ തൊഴിലാളിയാണെന്ന് സ്ഥിരീകരിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്പെഷലൈസേഷൻ മേഖലയിൽ തിയറിറ്റിക്കൽ, പ്രാക്ടിക്കൽ പരീക്ഷകളിലൂടെയായിരിക്കും യോഗ്യരാണെന്ന് കണ്ടെത്തുക.
സൗദി തൊഴിൽ വിപണിയിലെ പ്രഫഷനൽ തൊഴിലാളികളുടെ ജോലിയുടെ ഗുണനിലവാരം ഉയർത്തുക, ഉൽപാദന ക്ഷമത വർധിപ്പിക്കുക, യോഗ്യരല്ലാത്തവർ തൊഴിൽ വിപണിയിലെത്തുന്നത് തടയുക എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ. ഒന്ന് സൗദിയിലേക്ക് വരുന്നതിനുമുമ്പ് സ്വദേശങ്ങളിൽവെച്ചും മറ്റൊന്ന് സൗദിയിലേക്ക് പ്രവേശിച്ചശേഷവുമാണ്. സ്വദേശങ്ങളിൽ വെച്ചുള്ള പരീക്ഷ അന്താരാഷ്ട്ര പരീക്ഷ കേന്ദ്രങ്ങളുമായി സഹകരിച്ചായിരിക്കും. രണ്ടാമത്തേത് സൗദിയിലെ അംഗീകൃത പ്രാദേശിക പരീക്ഷ കേന്ദ്രങ്ങളുമായി സഹകരിച്ചുമായിരിക്കും.
പദ്ധതി നടപ്പാക്കാൻ ആരംഭിച്ചതോടെ രാജ്യത്തെ പ്രഫഷനൽ തൊഴിലാളികളെ പരീക്ഷക്ക് വിധേയമാക്കാൻ മാനവവിഭവശേഷി മന്ത്രാലയം എല്ലാ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. 2021 ജൂലൈ മുതൽ സ്ഥാപനങ്ങളുടെ വലുപ്പമനുസരിച്ച് ക്രമാനുഗതമായി പരീക്ഷ നിർബന്ധമാക്കുമെന്നും പറഞ്ഞു. കൂടാതെ, പ്രഫഷനൽ തൊഴിൽ വിസ സ്റ്റാമ്പിങ് സംവിധാനത്തെ പരീക്ഷയുമായി ബന്ധിപ്പിക്കും. പരീക്ഷയിൽ വിജയിക്കുന്നവർക്കായിരിക്കും സ്വദേശങ്ങളിൽ വെച്ച് വിസ സ്റ്റാമ്പ് ചെയ്യാൻ കഴിയുക. 2021 മാർച്ച് എട്ട് തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന ഒാപ്ഷനൽ കാലയളവിൽ വിദഗ്ധ തൊഴിലാളികളുടെ പ്രഫഷനൽ പരിശോധന നടത്താൻ ആഗ്രഹിക്കുന്ന എല്ലാ സ്ഥാപനങ്ങളോടും https://svp.qiwa.sa എന്ന ലിങ്കിലൂടെ വെബ്സൈറ്റ് സന്ദർശിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

